Quantcast

സിഖ് തലപ്പാവും പൊട്ടും കുരിശുമെല്ലാം എന്ത് ചെയ്യും?- ഹിജാബ് വിലക്കിൽ ശശി തരൂർ; വ്യാപക വിമർശനം

സിഖ് തലപ്പാവിനെതിരെയും സമാനമായ നടപടിയെടുക്കാൻ ഏതെങ്കിലും സ്ഥാപനം ധൈര്യം കാണിക്കുമോ?- കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ കാർത്തി പി ചിദംബരം

MediaOne Logo

Web Desk

  • Published:

    3 Feb 2022 5:40 PM GMT

സിഖ് തലപ്പാവും പൊട്ടും കുരിശുമെല്ലാം എന്ത് ചെയ്യും?- ഹിജാബ് വിലക്കിൽ ശശി തരൂർ; വ്യാപക വിമർശനം
X

കർണാടകയിലെ ഉഡുപ്പിയിലെ സർക്കാർ കോളേജുകളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തിൽ വ്യാപക വിമർശനം. കോൺഗ്രസ് നേതാക്കളും പാർലമെന്റ് അംഗങ്ങളുമായ ശശി തരൂർ, കാർത്തി പി. ചിദംബരം, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമർ അബ്ദുല്ല തുടങ്ങിയവരെല്ലാം കടുത്ത വിമർശനമാണ് ഉന്നയിച്ചത്.

സിഖ് തലപ്പാവിനെതിരെയും നടപടിയെടുക്കുമോ?

എല്ലാവർക്കും ഇഷ്ടമുള്ളത് ധരിക്കാനുള്ള സ്വാതന്ത്ര്യമാണ് ഇന്ത്യയുടെ കരുത്തെന്ന് തരൂർ ട്വീറ്റ് ചെയ്തു. ഹിജാബ് അനുവദിക്കാനാകില്ലെങ്കിൽ സിഖ് തലപ്പാവിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? ഹിന്ദുക്കളുടെ നെറ്റിയിലെ പൊട്ടിനെക്കുറിച്ചും ക്രിസ്ത്യാനികളുടെ കുരിശിനെക്കുറിച്ചുമെല്ലാം എന്താണ് അഭിപ്രായം? കുട്ടികളെ കോളേജിൽ പ്രവേശിക്കാൻ അനുവദിക്കണം. അവരെ പഠിക്കാനും സ്വന്തമായി തീരുമാനമെടുക്കാനും അനുവദിക്കണമെന്നും വിദ്യാർത്ഥികളെ സ്‌കൂൾ അധികൃതർ തടയുന്ന വിഡിയോ പങ്കുവച്ച് തരൂർ ട്വീറ്റ് ചെയ്തു.

വ്യക്തികൾക്ക് ഇഷ്ടമുള്ളത് ഉടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരാളുടെ തിരഞ്ഞെടുപ്പിനെ നിങ്ങൾക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും നമ്മൾക്കെല്ലാവർക്കുമുള്ള അവകാശമാണതെന്ന് നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല പ്രതികരിച്ചു. ഈ പൊതുപ്രതിനിധികൾക്ക് കാവിവസ്ത്രമുടുക്കാമെങ്കിൽ ഈ കുട്ടികൾക്ക് ഹിജാബും ധരിക്കാൻ പറ്റും. മുസ്‍ലിംകൾ രണ്ടാംകിട പൗരന്മാരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'ഭേട്ടി ബഛാവോ ഭേട്ടി പഠാവോ' മറ്റൊരു പൊള്ളയായ മുദ്രാവാക്യമാണെന്ന് ജമ്മു കശ്മീർ പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി വിമർശിച്ചു. വേഷം എന്നൊരു കാരണത്താൽ മാത്രം മുസ്‍ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെടുകയാണ്. മുസ്്‌ലിം അരികുവൽക്കരണത്തിന് നിയമസാധുത നൽകുന്നത് ഗാന്ധിയുടെ ഇന്ത്യയെ ഗോഡ്‌സെയുടെ ഇന്ത്യയാക്കാനുള്ള അടുത്തൊരു ചുവടുവയ്പ്പ് കൂടിയാണെന്നും മെഹബൂബ ട്വീറ്റ് ചെയ്തു.

ഹിജാബ് നിരോധിക്കാനുള്ള നീക്കം വിദ്യാർത്ഥികളുടെ വേഷത്തിൽ ഐക്യരൂപം കൊണ്ടുവരാനുള്ള ശ്രമമൊന്നുമല്ലെന്ന് കാർത്തി പി ചിദംബരം പ്രതികരിച്ചു. ഏത് സാഹചര്യത്തിലും നിങ്ങൾ ഇരയാക്കപ്പെടുമെന്ന് മുസ്‍ലിംകൾക്ക് പരോക്ഷ സൂചന നൽകാനാണത്. സിഖ് തലപ്പാവിനെതിരെയും സമാനമായ നടപടിയെടുക്കാൻ ഏതെങ്കിലും സ്ഥാപനം ധൈര്യം കാണിക്കുമോ?- കാർത്തി ചോദിച്ചു.

വിദ്യാർത്ഥിനികളെ ഗേറ്റിൽ തടഞ്ഞ് പ്രിൻസിപ്പൽ

കർണാടകയിലെ ഉഡുപ്പി ജില്ലയിൽ ഗവ. വനിതാ കോളേജിലെ ഹിജാബ് നിരോധനം കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഉഡുപ്പിയിലെ വനിതാ പ്രീ യൂനിവേഴ്സിറ്റി കോളേജിൽ ഹിജാബിന് ഒരു മാസമായി തുടരുന്ന വിലക്കിനു പിന്നാലെയാണ് ഇതേ ജില്ലയിലെ തന്നെ മറ്റൊരു കോളേജിലും ഇന്ന് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ തടഞ്ഞത്. കുന്ദാപുരയിലെ ഗവ. പി.യു കോളേജിലാണ് സംഭവം.

ഇന്ന് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ക്ലാസിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. ഇവരെ പ്രിൻസിപ്പൽ രാമകൃഷ്ണയുടെ നേതൃത്വത്തിലുള്ള കോളേജ് അധികൃതർ ഗെയിറ്റിനു പുറത്ത് തടയുകയായിരുന്നു. പരീക്ഷയ്ക്ക് രണ്ടുമാസം ബാക്കിനിൽക്കെയാണ് ഇവരെ ക്ലാസിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കിയത്. ഇതുവരെയില്ലാത്ത വിലക്ക് ഇപ്പോൾ എന്തിനാണ് ഏർപ്പെടുത്തുന്നതെന്ന് വിദ്യാർത്ഥിനികൾ ചോദിച്ചെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ വിശദീകരണം ലഭിച്ചില്ല. തുടർന്ന് വിദ്യാർത്ഥികൾ കോളേജിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.

നേരത്തെ, കാവി ഷാൾ ധരിച്ച് ഒരു സംഘം വിദ്യാർത്ഥികൾ ക്യാംപസിലെത്തുകയും പെൺകുട്ടികളോട് ഹിജാബ് അഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഹിജാബിന് വിലക്കേർപ്പെടുത്തണമെന്ന് ഇവർ കോളജ് അധികൃതരോട് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളെ കോളേജിനു പുറത്ത് തടഞ്ഞതെന്നാണ് വിവരം. സംഭവത്തിന്റെ വിഡിയോ മാധ്യമപ്രവർത്തകരടക്കം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

കോളേജിലെ ഹിജാബ് വിലക്കിനെതിരെ നേരത്തെ രേഷം ഫാറൂഖ് എന്ന വിദ്യാർത്ഥിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണിതെന്ന് കാണിച്ചാണ് വിദ്യാർത്ഥിനി കോടതിയിൽ ഹരജി നൽകിയത്.

Summary: ''What about the Sikh turban, Hindu's forehead mark and the Christian's crucifix?'', Asks Shashi Tharoor; Widespread criticism on hijab ban in Karnataka Govt. colleges

TAGS :

Next Story