'അനിശ്ചിതത്തിൽ ഉള്ളതെങ്ങനെ സർക്കാരാവും'; മോദി ഭരണകൂടത്തെ പരിഹസിച്ച് അഖിലേഷ് യാദവ്
സത്യപ്രതിജ്ഞയ്ക്ക് മുമ്പു തന്നെ മന്ത്രിസ്ഥാനത്തെ ചൊല്ലി എൻഡിഎയിൽ കല്ലുകടി തുടങ്ങിയിട്ടുണ്ട്.
ലഖ്‌നൗ: സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ പരിഹസിച്ച് എസ്പി അധ്യക്ഷനും കനൗജ് എം.പിയുമായ അഖിലേഷ് യാദവ്. പുതിയ സർക്കാർ അനിശ്ചിതത്വത്തിലാണെന്ന് അഖിലേഷ് പറഞ്ഞു.
'മുകളിൽ വയറുകളും താഴെ അടിത്തറയുമില്ല. അനിശ്ചിതത്വത്തിൽ കുടുങ്ങിയ ഒന്ന് ഒരു സർക്കാർ അല്ല'- അദ്ദേഹം എക്സിൽ കുറിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതായതോടെ പ്രതിസന്ധിയിലായ ബിജെപി ജെഡിയു, ടിഡിപി അടക്കമുള്ള സഖ്യകക്ഷികളുടെ ബലത്തിലാണ് മൂന്നാമതും ഭരണം നടത്താൻ പോവുന്നതെന്നിരിക്കെയാണ് അഖിലേഷിന്റെ പരിഹാസം.
സത്യപ്രതിജ്ഞയ്ക്ക് മുമ്പു തന്നെ മന്ത്രിസ്ഥാനത്തെ ചൊല്ലി എൻഡിഎയിൽ കല്ലുകടി തുടങ്ങിയിട്ടുണ്ട്. എൻസിപി അജിത് പവാർ പക്ഷമടക്കം ക്യാബിനറ്റ് പദവിയുള്ള മന്ത്രിസ്ഥാനത്തിനായി ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇതോടൊപ്പം വകുപ്പുകൾ സംബന്ധിച്ച് മറ്റ് കക്ഷികൾക്കിടയിലും ഭിന്നത നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പുതിയ കേന്ദ്രമന്ത്രി സഭയുടെ സത്യപ്രതിജ്ഞയ്ക്കായി രാഷ്ട്രപതി ഭവനിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. എക്സിറ്റ് പോൾ പ്രവചനങ്ങളെല്ലാം കാറ്റിൽപ്പറത്തുന്നതായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം.
എൻഡിഎ 350ലേറെ സീറ്റുകൾ നേടുമെന്നായിരുന്നു മിക്ക പ്രവചനങ്ങളും. 400 സീറ്റുകൾ പിടിക്കുമെന്ന് അവകാശവാദമുന്നയിച്ച എൻഡിഎയ്ക്ക് 300 സീറ്റുകൾ പോലും നേടാനായില്ല. 292 സീറ്റുകളാണ് സഖ്യം നേടിയത്. ഇതിൽ 240 സീറ്റുകളിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്.
മറുവശത്ത് പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി ഞെട്ടിക്കുന്ന കുതിപ്പാണ് നടത്തിയത്. 100-180 സീറ്റുകൾ വരെ നേടുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. എന്നാൽ 234 സീറ്റുകളാണ് മുന്നണി നേടിയത്. കോൺഗ്രസ് ഒറ്റയ്ക്ക് 100 സീറ്റുകളും സ്വന്തമാക്കി.
ഉത്തർപ്രദേശിലും ബിജെപിക്ക് തിരിച്ചടിയേറ്റിരുന്നു 80ൽ 37 സീറ്റും എസ്പി നേടിയപ്പോൾ ബിജെപിക്ക് 33 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കോൺഗ്രസ് ആറ് സീറ്റുകളും നേടി.
Adjust Story Font
16