'ദിവസവും ഭക്ഷണം വിളമ്പിവെച്ച് കാത്തിരിക്കും, ക്രൂരമായി കൊല്ലാന്‍ മാത്രം അവരെന്ത് തെറ്റ് ചെയ്തു?; മണിപ്പൂരിൽ കൊല്ലപ്പെട്ട കുട്ടികളുടെ മാതാപിതാക്കൾ
കൊല്ലപ്പെട്ട പെൺകുട്ടി നീറ്റ് പരിശീലന ക്ലാസിൽ പങ്കെടുക്കാനായാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്
ഇംഫാൽ: മണിപ്പൂരിൽ ആയുധധാരികളായ അക്രമികൾ കൊലപ്പെടുത്തിയ കൗമാരക്കാരുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചതിനുശേഷമാണ് ജൂലൈ 6ന് ബിഷ്ണുപൂരിൽ നിന്നും കാണാതായ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ അവർ എന്തു തെറ്റാണ് ചെയ്തതെന്ന് കുട്ടികളുടെ മാതാപിതാക്കൾ ചോദിക്കുന്നു. 17 കാരനായ മകൻ വീട്ടിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിച്ച് എന്ന് മേശപ്പുറത്ത് പ്രഭാതഭക്ഷണം വിളമ്പിവെക്കാറുണ്ടായിരുന്നെന്ന് മാതാപിതാക്കൾ എൻ.ഡി.ടി.വിയോട് പറഞ്ഞു. 'കൊലപാതക വാർത്ത അറിഞ്ഞതുമുതൽ ആകെ തകർന്നുപോയ അവസ്ഥയിലാണ്. എന്റെ മകനോ ആ പെൺകുട്ടിയോ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ? അവർ ആരെയെങ്കിലും ദ്രോഹിച്ചിട്ടുണ്ടോ? അവരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത് എന്തിനാണ്? പതിനേഴുകാരന്റെ പിതാവ് ഫിജാം ഇബുംഗോബി ചോദിക്കുന്നു.
കൊല്ലപ്പെട്ട പെൺകുട്ടി നീറ്റ് പരിശീലന ക്ലാസിൽ പങ്കെടുക്കാനായാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. സുഹൃത്താണ് ക്ലാസ് നടക്കുന്ന സ്ഥലത്തേക്ക് ബൈക്കിൽ കൊണ്ടുപോയത്. കർഫ്യൂവിന് കുറച്ച് ഇളവുകൾ ഉണ്ടായിരുന്നതിനാൽ ഇരുവരും ചുരാചന്ദ്പൂർ, ബിഷ്ണുപൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലൂടെയാണ് സഞ്ചരിച്ചത്. ഈ രണ്ട് ജില്ലകൾക്കിടയിലുള്ള പ്രദേശങ്ങളിൽ മെയ്, ജൂൺ മാസങ്ങളിൽ രൂക്ഷമായ വെടിവെപ്പുകളും കൊലപാതകങ്ങളും നടന്നിട്ടുണ്ട്. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ രണ്ട് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകുകയായിരുന്നു. ഇംഫാലിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള നമ്പോലിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. 18 കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങളിൽ ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആകുകയും ചെയ്തു.
'എനിക്ക് നീതി വേണം. കൊലയാളികളെ എത്രയും വേഗം പിടികൂടി ശിക്ഷിക്കണം. ഇത്രയും ദിവസം എങ്ങനെയാണ് ഞാൻ കടന്നുപോയതെന്ന് എനിക്ക് മാത്രമേ അറിയൂ.'. പെൺകുട്ടിയുടെ പിതാവ് ഹിജാം കുല്ലാജിത്ത് പറയുന്നു.
അതേസമയം, മെയ്‌തെയ് വിദ്യാർഥികളുടെ കൊലപാതകത്തിന് പിന്നാലെ മണിപ്പൂരില്‍ സംഘർഷം ശക്തമായി. പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പൊലീസ് നിരവധി തവണ കണ്ണീർ വാതകം പ്രയോഗിച്ചു. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധിച്ചത്. തുടർന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കുറ്റവാളികളെ പിടികൂടാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംങ് പറഞ്ഞു.
Adjust Story Font
16