Quantcast

മെഹബൂബയുടേത് മുതലക്കണ്ണീർ, മുസ്‍ലിം സമൂഹത്തിൻ്റെ പിന്തുണ നേടാനുളള രാഷ്ട്രീയ തന്ത്രം; തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കിയതിനെ വിമർശിച്ച് ബിജെപി

രാജ്യത്ത് ഹിന്ദുക്കൾ ആക്രമിക്കപ്പെടുമ്പോൾ മൗനം പാലിച്ചയാളാണ് മുൻ മുഖ്യമന്ത്രിയെന്നും കുറ്റപ്പെടുത്തൽ

MediaOne Logo

Web Desk

  • Published:

    29 Sep 2024 7:43 AM GMT

When Hindus were being killed…’: BJP slams Mehbooba Mufti over Hassan Nasarullah move, latest news malayalam, മെഹബൂബയുടേത് മുതലക്കണ്ണീർ, മുസ്‍ലിം സമൂഹത്തിൻ്റെ പിന്തുണ നേടാനുളള രാഷ്ട്രീയ തന്ത്രം; തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കിയതിനെ വിമർശിച്ച് ബിജെപി
X

ഡൽഹി: ​ഗസ്സയിലും ലബനാനിലും കൊല്ലപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കിയതിനു പിന്നാലെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) അധ്യക്ഷ മെഹബൂബ മുഫ്തിയെ രൂക്ഷമായി വിമർശിച്ച് ബിജെപി രം​ഗത്ത്.

രാജ്യത്ത് ഹിന്ദുക്കൾ ആക്രമിക്കപ്പെടുമ്പോൾ മൗനം പാലിച്ചയാളാണ് മുൻ മുഖ്യമന്ത്രിയെന്ന് ബിജെപി നേതാവായ കവീന്ദർ ഗുപ്ത കുറ്റപ്പെടുത്തി. പിഡിപി-ബിജെപി സഖ്യ സർക്കാരിൻ്റെ കാലത്ത് മെഹബൂബ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉപമുഖ്യമന്ത്രിയായിരുന്നു കവീന്ദർ. ഹിസ്ബുല്ല നേതാവ് നസ്റല്ലയുടെ മരണത്തിൽ വേദനിക്കുന്ന മെഹബൂബ ബംഗ്ലാദേശിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമ്പോൾ മൗനം പാലിച്ചു. മെഹബൂബയുടേത് മുതലക്കണ്ണീരാണ്, അത് കപട സഹതാപമല്ലാതെ മറ്റൊന്നുമല്ല. ആളുകൾക്ക് എല്ലാം മനസ്സിലാകും. കവിന്ദർ ഗുപ്ത പറഞ്ഞു.

കശ്മീർ താഴ്വരയിൽ നിന്നുള്ള മറ്റൊരു ബിജെപി നേതാവ് അൽതാഫ് താക്കൂറും മെഹബൂബക്കെതിരെ രം​ഗത്തുവന്നു. അവർ മതപരമായ നീക്കമാണ് നടത്തുന്നത്. തെരഞ്ഞെടുപ്പിൽ മുസ്‍ലിം സമൂഹത്തിൻ്റെ പിന്തുണ നേടാനുളള രാഷ്ട്രീയ തന്ത്രമാണ് മെഹബൂബയുടേത്. അൽതാഫ് പറഞ്ഞു. ലോകത്ത് ഒരിടത്തും യുദ്ധം ഉണ്ടാകരുതെന്നും യുദ്ധത്തെ തുടർന്നുള്ള എല്ലാ കൊലപാതകങ്ങളെയും അപലപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലബനാനിലെയും ഗസ്സയിലെയും രക്തസാക്ഷികളോട് പ്രത്യേകിച്ച് ഹസൻ നസറുല്ലയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചരണം റദ്ദാക്കുകയാണെന്ന് മെഹബൂബ തന്റെ എക്സ് പോസ്റ്റിലൂടെയാണ് അറിയിച്ചത്. അങ്ങേയറ്റം ദുഃഖം നിറഞ്ഞതും ചെറുത്തുനിൽപ്പിൻ്റെതുമായ സമയത്തിലൂടെയാണ് ലെബനൻ കടന്നു പോകുന്നതെന്നും ഞങ്ങൾ ഫലസ്തീനിലെയും ലെബനനിലെയും ജനങ്ങൾക്കൊപ്പം നിൽക്കുന്നതായും മെഹബൂബ പോസ്റ്റിൽ കുറിച്ചു.

വെള്ളിയാഴ്ച ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ ആക്രമണത്തിലാണ് നസ്റുല്ല കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ ആസ്ഥാനത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ ഹിസ്ബുല്ലയുടെ മറ്റൊരു നേതാവായ അലി കരാകിയും കൊല്ലപ്പെട്ടിരുന്നു. എ​ന്നാ​ൽ, ക​രാ​ക്കെ​യു​ടെ മ​ര​ണം ഹി​സ്ബു​ല്ല സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ​യാ​ഴ്ച, ഹി​സ്ബു​ല്ല​യു​ടെ മി​സൈ​ൽ വി​ഭാ​ഗം മേ​ധാ​വി ഇ​ബ്രാ​ഹീം ഖു​ബൈ​സി​യെ​യും ഇ​സ്രാ​യേ​ൽ വ​ധി​ച്ചി​രു​ന്നു.

ഇറാൻ പിന്തുണയുള്ള രാഷ്ട്രീയ പാർട്ടിയും സായുധ വിഭാഗവുമായ ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറലാണ് ഹസൻ നസ്റുല്ല. കഴിഞ്ഞ 32 വർഷമായി അദ്ദേഹമാണ് സംഘടനയെ നയിക്കുന്നത്. 1992 ഫെബ്രുവരിയിലാണ് ഇദ്ദേഹം ചുമതലയേൽക്കുന്നത്.

TAGS :

Next Story