'മനീഷ് സിസോദിയയ്ക്കെതിരായ തെളിവെവിടെ?'; മദ്യനയക്കേസിൽ കേന്ദ്ര ഏജൻസികളോട് സുപ്രിംകോടതി
അഴിമതിയില്‍ സിസോദിയക്ക് പങ്കുണ്ടെന്ന് തെളിയിക്കാന്‍ നിലവിലെ തെളിവുകള്‍ പര്യാപ്തമല്ല.
ന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ സുപ്രധാന നിരീക്ഷണങ്ങളും ചോദ്യങ്ങളുമായി സുപ്രിംകോടതി. സിസോദിയയ്ക്കെതിരായ തെളിവുകൾ എവിടെയെന്ന് അറസ്റ്റ് ചെയ്ത കേന്ദ്ര ഏജൻസികളോട് കോടതി ചോദിച്ചു. തെളിവുകൾ പൂർണമായും കാണിക്കാനായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
കേസിലെ പ്രതി കൂടിയായ വ്യവസായി ദിനേശ് അറോറയുടെ മൊഴി ഒഴികെ, സിസോദിയയ്‌ക്കെതിരെ തെളിവുകൾ എവിടെയെന്ന് കോടതി ചോദിച്ചു. മനീഷ് സിസോദിയയിൽ നിന്ന് പണം ലഭിച്ചെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. എന്നാൽ പ്രമുഖ മദ്യ കമ്പനിയിൽ നിന്ന് സിസോദിയുടെ കൈയിൽ ആ പണം എങ്ങനെയെത്തിയെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
'നിങ്ങൾ 100 കോടി, 30 കോടി എന്നിങ്ങനെ രണ്ട് കണക്കുകളാണ് പറയുന്നത്. ആരാണ് അവർക്ക് ഇത് നൽകിയത്? പണം നൽകുന്ന നിരവധി ആളുകൾ ഉണ്ടാകാം. അതിനെ മദ്യവുമായി ബന്ധിപ്പിക്കണമെന്നില്ല. തെളിവ് എവിടെ? ദിനേഷ് അറോറ തന്നെയാണ് സ്വീകർത്താവ്. എവിടെയാണ് തെളിവുകൾ? ദിനേഷ് അറോറയുടെ മൊഴി ഒഴികെ മറ്റെന്തെങ്കിലും തെളിവുണ്ടോ?'- ജസ്റ്റിസ് ഖന്ന ചോദിച്ചു.
അഴിമതിയില്‍ സിസോദിയക്ക് പങ്കുണ്ടെന്ന് തെളിയിക്കാന്‍ നിലവിലെ തെളിവുകള്‍ പര്യാപ്തമല്ല. മദ്യലോബിയില്‍ നിന്നും പണം ഒഴുകിയെന്ന് പറയുന്ന തെളിവുകളുടെ ശൃംഖല പൂര്‍ണമായി സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഒളിവിൽ നടത്തുന്ന ഇത്തരം പ്രവർത്തികളിൽ തെളിവുകളുടെ ശൃംഖല കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് നിരീക്ഷിച്ച കോടതി, എന്നാൽ അന്വേഷണ ഏജൻസികളുടെ പണി അതാണെന്നും ചൂണ്ടിക്കാട്ടി.
കേസിൽ പ്രതിയായി മാറിയ അറോറയ്ക്ക് അടുത്തിടെ ജാമ്യം ലഭിച്ചിരുന്നു. മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി ഒക്ടോബര്‍ 12ന് വീണ്ടും പരിഗണിക്കും. ഫെബ്രുവരി 26നാണ് സിബിഐ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്.
തുടർന്ന് തിഹാർ ജയിലിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ മാർച്ച് 26ന് ഇ.ഡിയും അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതും സിസോദിയയെ അറസ്റ്റ് ചെയ്തതും.
Adjust Story Font
16