600 വർഷം മുമ്പ് ഗുജറാത്തിലെത്തിയവർ, രാഹുലിന്റെ സ്ഥാനനഷ്ടത്തിന് കാരണം; ആരാണ് മോദിമാർ?
നാടോടി ഗോത്രത്തിന്റെ പേരാണ് മോദി
Nirav modi, Lalit modi ,Rahul Gandhi
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോകസഭാംഗത്വം നഷ്ടമാക്കിയത് ഒരു പരാമർശമാണ്. 'എല്ലാ കള്ളൻമാർക്കും എങ്ങനെയാണ് മോദിയെന്ന പേര് വന്നത്?' എന്ന വിവാദ പരാമർശം. 2019ലെ പൊതു തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വെച്ചായിരുന്നു ലളിത് മോദി, നീരവ് മോദി എന്നിവരെ സൂചിപ്പിച്ചുകൊണ്ടുള്ള പ്രസംഗം. ഈ പ്രസംഗത്തിനെതിരെയുള്ള കേസിൽ രാഹുലിന് രണ്ട് വർഷം തടവുശിക്ഷ ലഭിച്ചതോടെ അദ്ദേഹത്തിന്റെ എം.പി സ്ഥാനം നഷ്ടമായിരിക്കുകയാണ്. ഇതോടെയാണ് മോദിയെന്ന സമുദായം ശ്രദ്ധിക്കപ്പെടുന്നത്.
മോദി -നാടോടി ഗോത്രം
നാടോടി ഗോത്രത്തിന്റെ പേരാണ് മോദി. എണ്ണ ഉത്പാദന സംരംഭങ്ങളുമായി ഗുജറാത്തിലുടനീളം താമസമാക്കിയിരിക്കുകയാണ് ഈ വിഭാഗം. രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും മോദിയെന്ന കുടുംബപ്പേരുള്ളവരെ കാണാം. 15, 16 നൂറ്റാണ്ടുകളിൽ ഇന്ത്യയിൽ കുടിയേറിയവരാണ് ഈ ഗോത്രം. 1994ൽ ഇവർക്ക് ഒ.ബി.സി പദവി ലഭിച്ചു.
'പാരമ്പര്യമായി, ഇവർ നാടോടികളായ കച്ചവട സമുദായമാണ്, സംസ്ഥാനത്ത് 15, 16 നൂറ്റാണ്ടുകളിലാണ് ഇവർ താമസമുറപ്പിച്ചത്. നിലക്കടലയും എള്ളും പൊടിച്ച് എണ്ണ ഉത്പാദിപ്പിക്കുന്ന കച്ചവടവുമായി ഇവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുകയായിരുന്നു' ജെഎൻയുവിൽനിന്ന് വിരമിച്ച സാമൂഹിക ശാസ്ത്ര പ്രൊഫസറും ഗവേഷകനുമായ ഗനശ്യാം ഷാ ദി പ്രിൻറിനോട് പറഞ്ഞു.
'തേലി ഗഞ്ചി'- അഥവാ എണ്ണ ഉത്പാദന സമുദായമായതിനാൽ മോദ് വാണിക് അല്ലെങ്കിൽ വനിയ(ബനിയ) വിഭാഗത്തിലാണ് ഇവരെ സംസ്ഥാന രേഖകളിൽ കണക്കാക്കുന്നത്.
മോദി വിഭാഗം കച്ചവട സമുദായമായി പരിഗണിക്കപ്പെട്ടതിനാൽ ജാതീയ വേർതിരിവുകൾ നേരിട്ടിരുന്നില്ലെന്നും പ്രൊഫസർ ഷാ വ്യക്തമാക്കി. തങ്ങളുടെ ഉത്പന്നങ്ങൾ ഉന്നത ജാതിക്കാർക്ക് സൗജന്യമായി നൽകാൻ അവർ നിർബന്ധിക്കപ്പെട്ടില്ലെന്നും അതിനാൽ അവർക്ക് സാമ്പത്തിക ശേഷി കൂടിയെന്നും അദ്ദേഹം പറഞ്ഞു. 19ാം നൂറ്റാണ്ടിലെ ഗ്രന്ഥങ്ങൾ ഇക്കാര്യം പറയുന്നുണ്ടെന്നും സമുദായത്തിന് വലിയ സാമൂഹിക പദവി ഇല്ലാതിരുന്നിട്ടും ബ്രാഹ്മണർക്ക് സൗജന്യമായി ഒന്നും നൽകേണ്ടി വന്നിട്ടില്ലെന്നും ഷാ ചൂണ്ടിക്കാട്ടി.
മോദി വിഭാഗത്തിലെ രണ്ട് ഉപവിഭാഗങ്ങൾ
മോദി വിഭാഗത്തിൽ രണ്ട് ഉപവിഭാഗങ്ങളുണ്ട്. അവയെ കുറിച്ച് ഗുജറാത്തി ഗ്രന്ഥകാരനായ അച്യുത് യാഗ്‌നിക് പറയുന്നതിങ്ങനെയാണ്: 'മോദിമാരിൽ ഒരു വിഭാഗം ബനിയ കച്ചവട സമുദായമാണ്, മറ്റൊന്ന് തേലി ഗഞ്ചി നാടോടി ഗോത്രവും. ഇവരിൽ രണ്ടാമത്തെ വിഭാഗത്തിനാണ് ഒബിസി പദവി ലഭിച്ചത്. ബനിയ മോദിമാർ സാമ്പത്തിക ശേഷിയുള്ളതിനാൽ ഉയർന്ന സാമൂഹിക പദവിയുള്ളവരാണ്'. എണ്ണ ഉത്പാദനം ആരംഭിച്ചത് മുതൽ എല്ലാ ഗ്രാമങ്ങളിലും ഒരു കൂട്ടം ആളുകൾ എള്ളെണ്ണ നിർമിക്കാനും വിൽക്കാനും തുടങ്ങുകയായിരുന്നു.
'ബനിയ മോദിമാർ കച്ചവട രംഗത്താണ് പ്രവർത്തിച്ചത്. കൂടുതൽ പേരും വീട്ടുസാധനങ്ങൾ വിൽക്കുന്നതിലും പണം പലിശക്ക് കൊടുക്കുന്നതിലുമാണ് മുഴുകിയത്' യാഗ്‌നിക് പറഞ്ഞു.
'നീരവ് മോദിമാർ പഴയ കാലത്തെ ബനിയ മോദിമാരുടെ പിന്മുറക്കാരായിരിക്കും. കാരണം അവർ ചെറുകിട കച്ചവടങ്ങളിൽനിന്ന് വിലയേറിയതും മികച്ചതുമായ ഉത്പന്നങ്ങൾ വിൽക്കുന്നതിലേക്ക് മാറിയവരാണ്' ഗുജറാത്ത് ബിസിനസ് രംഗത്തിന്റെ വളർച്ചയെ കുറിച്ച് അഹമ്മദാബാദിലെ സോഷ്യൽ ആക്ടിവിസ്റ്റായ ജതിൻ സേഥ് അഭിപ്രായപ്പെട്ടു. എന്നാൽ പ്രാദേശിക രാഷ്ട്രീയത്തിൽ ഇടപെടാവുന്നത്ര സമ്മർദ്ദ ശേഷി സമുദായത്തിന് ഉണ്ടായിരുന്നില്ലെന്നാണ് പ്രെഫസർ ഷായും യാഗ്‌നികുമൊക്കെ അഭിപ്രായപ്പെടുന്നത്.
രണ്ടു വർഷം തടവിന് ശിക്ഷിച്ചു, രാഹുലിന് എംപി സ്ഥാനം നഷ്ടം
ഇന്നലെയാണ് മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിയെ രണ്ടു വർഷം തടവിന് ശിക്ഷിച്ചത്. സൂറത്ത് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞയാഴ്ചയാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച്എച്ച് വർമ കേസിലെ അന്തിമവാദം പൂർത്തിയാക്കിയത്. വിവാദ പരാമർശം മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണ് എന്നാരോപിച്ച് ബിജെപി എംഎൽഎയും ഗുജറാത്ത് മുൻമന്ത്രിയുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചിരുന്നത്.
വിധിക്ക് പിന്നാലെ പതിനയ്യായിരം രൂപയുടെ ബോണ്ടിൽ രാഹുലിന് ജാമ്യം ലഭിച്ചു. വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാൻ ജില്ലാ കോടതി രാഹുലിന് 30 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. രാഹുലിന് ശിക്ഷ വിധിച്ച ഉത്തരവിന് ഉന്നതകോടതി സ്റ്റേ നൽകിയാലാണ് അയോഗ്യത നീക്കാനാകുക. സൂറത്ത് സെഷൻ കോടതിയിലും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിലുമാണ് രാഹുൽ ഗാന്ധി അപ്പീൽ നൽകേണ്ടത്.
മാനനഷ്ടക്കേസിൽ ശിക്ഷിച്ചതോടെ ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കുകയായിരുന്നു. ഇനി ആറു വർഷത്തേക്ക് രാഹുലിന് മത്സരിക്കാൻ പറ്റില്ല. 1951 ലെ ജനപ്രാതിനിധ്യ നിയമം -ദി റെപ്രസന്റേഷൻ ഓഫ് പീപ്പിൾസ് ആക്ട് (ആർ.പി.എ) പ്രകാരമാണ് രാഹുലിനെ അയോഗ്യനാക്കിയത്. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാലാണ് ഈ വകുപ്പ് പ്രകാരം ജനപ്രതിനിധിയുടെ സ്ഥാനം നഷ്ടപ്പെടുക. ആർപിഎ പ്രകാരം അയോഗ്യത കൽപ്പിക്കുന്നതിന് വിവിധ വകുപ്പുകളുണ്ട്. സെക്ഷൻ എട്ട് പ്രകാരമാണ് ശിക്ഷിപ്പെട്ട ജനപ്രതിനിധികൾക്ക് അയോഗ്യത കൽപ്പിക്കുന്നത്. രാഷ്ട്രീയത്തെ ക്രിമിനൽവത്കരിക്കപ്പെടുന്നതിൽനിന്ന് തടയാനാണ് ഈ വകുപ്പ്. കളങ്കിതരായ നേതാക്കളെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് നിയമം തടയുകയും ചെയ്യുന്നു. രാഹുലിനെ അയോഗ്യനാക്കണമെന്ന പരാതിയിൽ സ്പീക്കർ നിയമോപദേശം തേടിയിരുന്നു.
2019ലെ പൊതു തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ചു നടത്തിയ പരാമർശമാണ് കേസിനാധാരം. 'എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന കുടുംബപ്പേര് വന്നത്?' എന്നാണ് രാഹുൽ പ്രസംഗിച്ചിരുന്നത്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവർക്കെല്ലാം മോദി എന്ന പേർ എങ്ങനെ കിട്ടി എന്നും ഇനിയും എത്ര മോദിമാർ പുറത്തുവരാനിരിക്കുന്നു എന്ന് ആർക്കുമറിയില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. പരാമർശത്തിനെതിരെ ഐപിഎൽ മുൻ മേധാവിയായ ലളിത് മോദി രംഗത്തെത്തിയിരുന്നു. ഐപിഎൽ മേധാവി ആയിരിക്കെ സാമ്പത്തിക തട്ടിപ്പിനും നികുതി വെട്ടിപ്പിനും അന്വേഷണം നേരിട്ട ലളിത് മോദി പിന്നീട് ഇന്ത്യ വിടുകയായിരുന്നു.
Those who came to Gujarat 600 years ago, the reason for Rahul's loss of office; Who are the Modis?
Adjust Story Font
16