Quantcast

ആദ്യ ഗോത്രവനിത രാഷ്ട്രപതി സ്ഥാനാർത്ഥി; ആരാണ് ബി.ജെ.പി തിരഞ്ഞെടുത്ത ദ്രൗപദി മുർമു?

20 പേരുകളാണ് ബിജെപി പരിഗണിച്ചതെന്നും അവയിൽ കിഴക്കേ ഇന്ത്യയിൽ നിന്നുള്ള ഗോത്രവിഭാഗക്കാരിയായ വനിതയെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും പ്രസിഡൻറ് ജെ.പി നഡ്ഡ

MediaOne Logo

Web Desk

  • Updated:

    21 Jun 2022 4:55 PM

Published:

21 Jun 2022 4:33 PM

ആദ്യ ഗോത്രവനിത രാഷ്ട്രപതി സ്ഥാനാർത്ഥി; ആരാണ് ബി.ജെ.പി തിരഞ്ഞെടുത്ത ദ്രൗപദി മുർമു?
X

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികൾക്ക് പുറമേ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയും രാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. ആദിവാസി വിഭാഗത്തിൽ നിന്നുള്ള നേതാവായ ദ്രൗപദി മുർമുവാണ് ഭരണകക്ഷിയുടെ സ്ഥാനാർത്ഥി. ഒഡീഷയിൽ നിന്നുള്ള 64 കാരിയായ ദ്രൗപതി മുർമു ഝാർഖണ്ഡിലെ ആദ്യ വനിതാ ഗവർണറായിരുന്നു. 2015 മെയ് 18നാണ് ഗവർണറായി ചുമതലയേറ്റിരുന്നത്. രണ്ട് തവണ എം.എൽ.എയായ ഇവർ നവീൻ പട്‌നായിക് മന്ത്രിസഭയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ മയൂർബഞ്ച് ജില്ലാ പ്രസിഡൻറുമായിരുന്നു.

1997ലാണ് ദ്രൗപതി മുർമു രാഷ്ട്രീയ ജീവിതം തുടങ്ങിയത്. അധ്യാപികയായിരുന്നു. രണ്ട് തവണ മികച്ച നിയമസഭാ സാമാജികിക്കുള്ള അവാർഡ് നേടിയിരുന്നു. രമാ ദേവി വിമൻസ് കോളേജിൽ നിന്ന് ആർട്‌സ് വിഷയത്തിൽ ബിരുദം നേടിയ ഇവർ 20 വർഷമായി രാഷ്ട്രീയ- സാമൂഹ്യ സേവനരംഗത്തുണ്ട്. 2013 മുതൽ ബിജെപിയുടെ എസ്ടി മോർച്ച ദേശീയ നേതാവാണ്.



മുർമുവിനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ ഒഡിഷ ഭരിക്കുന്ന ബിജു ജനതാ ദൾ പിന്തുണ ലഭിക്കുമെന്നാണ് ബിജെപി കരുതുന്നുണ്ട്. ഇത്‌ നിലവിലുള്ള ചെറിയ വോട്ട് കുറവ് പരിഹരിക്കാൻ സഹായിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ രാംനാഥ് കോവിന്ദിന്റെ സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമായിരുന്നെങ്കിൽ മുർമുവിന്റേത്‌ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയിലുണ്ടായിരുന്ന പേരാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്ത്, ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഗോത്ര വോട്ട് നിർണായകമാണ്. ഇവിടങ്ങളിൽ ഗോത്ര സമൂഹത്തിന്റെ വോട്ട് ഉറപ്പിക്കാനുള്ള നീക്കം നേരത്തെ തന്നെ ബി.ജെ.പി ആരംഭിച്ചിട്ടുണ്ട്. ദ്രൗപദിയെ സ്ഥാനാർത്ഥിയായി ഇറക്കി ഗോത്ര സമുദായത്തെ ഒപ്പംനിർത്താൻ ബി.ജെ.പി നീക്കം നടത്തുമെന്നും നേരത്തെ വാർത്തകളുണ്ടായിരുന്നു. 20 പേരുകളാണ് ബിജെപി പരിഗണിച്ചതെന്നും അവയിൽ കിഴക്കേ ഇന്ത്യയിൽ നിന്നുള്ള ഗോത്രവിഭാഗക്കാരിയായ വനിതയെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും പ്രസിഡൻറ് ജെ.പി നഡ്ഡ പറഞ്ഞു.

ആദിവാസിയെ പ്രസിഡൻറ് സ്ഥാനത്തേക്ക് ബുദ്ധിപരമായ നീക്കമാണെന്നും ഇന്ത്യയുടെ ട്രൈബൽ മാപ് ഇക്കാര്യം വ്യക്തമാക്കുന്നതാണെന്നും മാധ്യമ പ്രവർത്തകനായ രാജ്ദീപ് സർദേശായി ചൂണ്ടിക്കാട്ടി. അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്ന ഝാർഖണ്ഡിലും ഇത് ഉപകരിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.



ഇന്നു വൈകീട്ടാണ് പ്രതിപക്ഷം സംയുക്ത സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. മുൻ കേന്ദ്രമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ യശ്വന്ത് സിൻഹയെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എൻ.സി.പി തലവൻ ശരദ് പവാറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിലായിരുന്നു തീരുമാനം. നേരത്തെ സ്ഥാനാർത്ഥിയാകാൻ സന്നദ്ധത അറിയിച്ച് സിൻഹ രംഗത്തെത്തിയിരുന്നു.

ഐകകണ്‌ഠ്യെനയാണ് സിൻഹയെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായിരിക്കും സിൻഹയെന്നും അദ്ദേഹം വ്യക്തമാക്കി.

ശരദ് പവാർ, നാഷനൽ കോൺഫറൻസ് തലവൻ ഫാറൂഖ് അബ്ദുല്ല, മഹമാത്മാ ഗാന്ധിയുടെ കൊച്ചുമകൻ ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരുടെ പേരാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി ഉയർന്നുകേട്ടിരുന്നത്. എന്നാൽ, മൂന്നുപേരും സ്ഥാനാർത്ഥിയാകാനില്ലെന്ന് അറിയിച്ചതോടെ മറ്റൊരാൾക്കു വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു പ്രതിപക്ഷം. ഈ മാസം 29 ആണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. വോട്ടെടുപ്പ് ജൂലൈ 18നും വോട്ടെണ്ണൽ ജൂലൈ 21നും നടക്കും.



Who is the BJP's presidential candidate Draupadi Murmu?

TAGS :

Next Story