ഹിമാചലിൽ ആരാകും മുഖ്യമന്ത്രി? കോൺഗ്രസിൽ തർക്കം മുറുകുന്നു
പ്രതിഭാ സിംഗും സുഖ് വിന്ദർ സിങ് സുഖുവും മുഖ്യമന്ത്രി സ്ഥാനത്തിനായി സജീവമായി രംഗത്തുണ്ട്
ഡൽഹി: മുഖ്യമന്ത്രി ആരാകണമെന്നതിനെ ചൊല്ലി ഹിമാചൽ പ്രദേശ് കോൺഗ്രസിൽ തർക്കം മുറുകുന്നു. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭാ സിംഗും സുഖ് വിന്ദർ സിങ് സുഖുവും മുഖ്യമന്ത്രി സ്ഥാനത്തിനായി സജീവമായി രംഗത്തുണ്ട്. പ്രതിഭ സിംഗ് അനുകൂലികൾ പിസിസി ആസ്ഥാനത്തിന് മുന്നിൽ മുദ്രാവാക്യം വിളിക്കുകയാണ്. കൂടുതൽ എംഎൽഎമാർ തനിക്കൊപ്പമെന്നാണ് സുഖ് വിന്ദർ സിങ് സുഖുവിന്റെ അവകാശവാദം. നിയമസഭാ കക്ഷി യോഗം ചേരാനിരിക്കെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
അതേസമയം, ഹിമാചൽ പ്രദേശിൽ സമവായത്തിലൂടെ മുഖ്യമന്ത്രിയെ കണ്ടെത്താനാണ് കോൺഗ്രസ് നീക്കം. പി.സി.സി അധ്യക്ഷ പ്രതിഭ സിംഗ്, മുൻ പി.സി.സി അധ്യക്ഷൻ സുഖ്‌വിന്ദർ സിങ്ങ് എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. കുതിരക്കച്ചവട നീക്കം പ്രതിരോധിക്കാൻ കോൺഗ്രസ് എം.എൽ.എ മാരെ ഛത്തീസ്‍ഗഢിലേക്ക് മാറ്റിയേക്കുമെന്നും സൂചനയുണ്ട്.
ഹിമാചൽ പ്രദേശിൽ ഭൂരിപക്ഷം നേടിയെങ്കിലും സർക്കാരുണ്ടാക്കാൻ കോൺഗ്രസിന് മുന്നിൽ കടമ്പകൾ ഏറെയാണ്. പ്രധാന വെല്ലുവിളി മുഖ്യമന്ത്രിയെ കണ്ടെത്തുകയാണ്. പ്രതിഭ സിംഗ്, സുഖ് വിന്ദർ സിങ് സുഖു എന്നിവർക്ക് ഒപ്പം പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രിയുടെ പേരും പരിഗണിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി ഒറ്റവരി പ്രമേയം പാസാക്കാനാണ് സാധ്യത. അങ്ങനെയാണെങ്കിൽ തുടർ ചർച്ചകൾ ഡൽഹി കേന്ദ്രീകരിച്ചാകും നടക്കുക.
ഹിമാചലിൽ ഒറ്റക്കെട്ടായി തീരുമാനമെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞിരുന്നു. എംഎൽഎമാരുടെ നിർദേശങ്ങൾ കേൾക്കും. ബിജെപിയിലേക്ക് ചാടേണ്ടവർ നേരത്തെ പോയെന്നും ആശങ്കയില്ലെന്നും വേണുഗോപാൽ പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് വലിയ ആത്മവിശ്വാസം പകരുന്ന വിജയമാണ് ഹിമാചൽ പ്രദേശിൽ ഉണ്ടായത്. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ ജൻമനാടായ ഹിമാചലിൽ ഭരണം പിടിക്കാനായത് തിരിച്ചുവരവിന്റെ സൂചനയായാണ് പല കോൺഗ്രസ് നേതാക്കളും വിശേഷിപ്പിക്കുന്നത്. പ്രതിഭാ സിംഗിന്റെ നേതൃത്വത്തിലാണ് വിജയം നേടിയതെന്നും ഹിമാചലിന്റെ അടുത്ത മുഖ്യമന്ത്രി ഇവരാകുമെന്നുമുള്ള റിപ്പോർട്ടുകൾ ശക്തമാണ്.
കോൺഗ്രസ് നേതാവും മുൻ ഹിമാചൽ മുഖ്യമന്ത്രിയും ആയിരുന്ന വീരഭദ്ര സിങ്ങിന്റെ ഭാര്യയാണ് പ്രതിഭാ സിങ്. ആറു തവണ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായിട്ടുള്ള നേതാവാണ് വീരഭദ്ര സിങ്. തന്റെ ഭർത്താവായിരുന്ന വീരഭദ്ര സിങ്ങിന്റെ ഓർമകൾക്ക് കൂടിയാണ് ഹിമാചൽ പ്രദേശിലെ ജനങ്ങൾ വോട്ട് ചെയ്തതെന്നായിരുന്നു തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രതിഭാ സിങ്ങിന്റെ പ്രതികരണം. മൂന്ന് തവണ എംഎൽഎയായ വ്യക്തിയാണ് സുഖ് വിന്ദർ സിങ് സുഖു. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണയും ഇദ്ദേഹത്തിന് ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Adjust Story Font
16