ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസ്; സർക്കാർ രൂപീകരണ ചർച്ചകൾ സജീവം
എം.എൽ.എമാരെ ഉടൻ ഛത്തീസ്‍ഗഢിലേക്ക് മാറ്റിയേക്കും
ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ സമവായത്തിലൂടെ മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസ്. പി.സി.സി അധ്യക്ഷ പ്രതിഭ സിംഗ്, മുൻ പി.സി.സി അധ്യക്ഷൻ സുഖ്‌വിന്ദർ സിങ്ങ് എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. കുതിരക്കച്ചവട നീക്കം പ്രതിരോധിക്കാൻ കോൺഗ്രസ് എം.എൽ.എ മാരെ ഛത്തീസ്‍ഗഢിലേക്ക് മാറ്റിയേക്കും .
ഹിമാചൽ പ്രദേശിൽ ഭൂരിപക്ഷം നേടിയെങ്കിലും സർക്കാരുണ്ടാക്കാൻ കോൺഗ്രസിന് മുന്നിൽ കടമ്പകൾ ഏറെയാണ്. പ്രധാന വെല്ലുവിളി മുഖ്യമന്ത്രിയെ കണ്ടെത്തുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു നേതാവിനേയും ഉയർത്തിക്കാണിക്കാതെയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
പ്രതിഭ സിംഗ്, സുഖ് വിന്ദർ സിങ് സുഖു എന്നിവർക്ക് ഒപ്പം പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രിയുടെ പേരും പരിഗണിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് ഇന്ന് നിയമസഭ കക്ഷി യോഗം ചണ്ഡീഗഡിൽ ചേരും. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കാനാണ് സാധ്യത. അങ്ങനെയാണെങ്കിൽ തുടർ ചർച്ചകൾ ഡൽഹി കേന്ദ്രീകരിച്ചാകും നടക്കുക. അതേസമയം, ഓപ്പറേഷൻ താമരയ്ക്ക് ബി.ജെ.പി ശ്രമിക്കുന്നതിനാൽ എം.എൽ.എമാരെ ഛത്തീസ്‍ഗഢിലേക്ക് മാറ്റാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ട്.
Adjust Story Font
16