Quantcast

'എന്തുകൊണ്ട് നമ്മൾ തോറ്റു?'; യു.പിയിലെ തോൽവിക്ക് ബി.ജെ.പി കണ്ടെത്തിയ കാരണങ്ങൾ

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 64 സീറ്റുകൾ നേടിയ എൻ.ഡി.എ ഇത്തവണ 36 സീറ്റിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഇൻഡ്യ സഖ്യം 43 സീറ്റുമായി വൻ മുന്നേറ്റമാണ് നടത്തിയത്.

MediaOne Logo

Web Desk

  • Published:

    18 July 2024 6:32 AM GMT

Why BJP Lost Lok Sabha Polls In Uttar Pradesh - 6 Reasons In Party Report
X

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലുണ്ടായ കനത്ത തോൽവിയുടെ കാരണങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ചു. നിരന്തരമായുണ്ടാവുന്ന ചോദ്യപേപ്പർ ചോർച്ച, സർക്കാർ സർവീസിലെ താൽക്കാലിക നിയമനം, ഭരണത്തിൽ ഉദ്യോഗസ്ഥരുടെ അമിതമായ ഇടപെടലുകൾ തുടങ്ങിയവ പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെ വലിയ അതൃപ്തിക്ക് കാരണമായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

''എം.എൽ.എക്ക് ഒരു അധികാരവുമില്ല. ജില്ലാ മജിസ്‌ട്രേറ്റും ഉദ്യോഗസ്ഥരുമാണ് ഭരണം നിയന്ത്രിക്കുന്നത്. ഇത് പ്രവർത്തകർക്ക് അപമാനകരമായി തോന്നി. വർഷങ്ങളായി ആർ.എസ്.എസും ബി.ജെ.പിയും ഒരുമിച്ച് പ്രവർത്തിച്ചാണ് സമൂഹത്തിന്റെ അടിത്തട്ടിൽ ശക്തമായ ബന്ധമുണ്ടാക്കിയത്. ഉദ്യോഗസ്ഥർക്ക് പാർട്ടി പ്രവർത്തകർക്ക് പകരമാവാനാകില്ല''- ഒരു മുതിർന്ന നേതാവിനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ മൂന്നു വർഷത്തിനിടെ മാത്രം 15 ചോദ്യപേപ്പർ ചോർച്ചകളാണ് സംസ്ഥാനത്തുണ്ടായത്. ഉന്നത സർക്കാർ ജോലികളിലെല്ലാം കരാർ ജീവനക്കാരെ നിയമിച്ചു. ബി.ജെ.പി സംവരണം അവസാനിപ്പിക്കാൻ പോകുന്നു എന്നതടക്കമുള്ള പ്രതിപക്ഷ പ്രചാരണങ്ങൾക്ക് ശക്തി പകരുന്നതായിരുന്നു ഇത്തരം നടപടികൾ. സംസ്ഥാന നേതാക്കളെ വെവ്വേറെ വിളിച്ച് ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര നേതൃത്വം തയ്യാറാവണം-മറ്റൊരു നേതാവ് പറഞ്ഞു.

വോട്ടിങ് പാറ്റേണിൽ കാര്യമായ മാറ്റമുണ്ടായെന്നും റിപ്പോർട്ട് പറയുന്നു. കുർമി, മൗര്യ സമുദായങ്ങളുടെ വോട്ട് ഇത്തവണ പാർട്ടിക്ക് കാര്യമായി ലഭിച്ചില്ല. ദലിത് വോട്ടുകളിലും ഇടിവുണ്ടായി. ബി.എസ്.പി പ്രതീക്ഷിച്ച വോട്ടുകൾ പിടിച്ചില്ല. ചില മേഖലകളിൽ കോൺഗ്രസ് മികച്ച പ്രകടനം നടത്തിയതും തിരിച്ചടിയായെന്ന് റിപ്പോർട്ട് പറയുന്നു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 64 സീറ്റുകൾ നേടിയ എൻ.ഡി.എ ഇത്തവണ 36 സീറ്റിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഇൻഡ്യ സഖ്യം 43 സീറ്റുമായി വൻ മുന്നേറ്റമാണ് നടത്തിയത്. തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിനെതിരെ പാർട്ടിയിൽ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്. പാർട്ടി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരിയും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന വേണമെന്ന് ഇവർ ആവശ്യപ്പെട്ടതായാണ് വിവരം. അമിത ആത്മവിശ്വാസമാണ് പാർട്ടിക്ക് തിരിച്ചടിയായതെന്നാണ് മുഖ്യമന്ത്രി പാർട്ടി എക്‌സിക്യൂട്ടീവ് യോഗത്തിൽ പറഞ്ഞത്. എന്നാൽ പാർട്ടി പ്രവർത്തകരുടെ വികാരം മാനിക്കണമെന്നായിരുന്നു കേശവപ്രസാദ് മൗര്യയുടെ വാദം. എല്ലാ അധികാര സ്ഥാനങ്ങളെക്കാളും വലുത് പാർട്ടിയും പാർട്ടി പ്രവർത്തകരുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ പാർട്ടിയുടെ സ്വാധീനം വൻ തോതിൽ ഇടിഞ്ഞത് ഗൗരവമായാണ് നേതൃത്വം കാണുന്നത്. മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിന്റെ കാലത്ത് 1990ൽ ലോധ് സമുദായത്തിനിടയിൽ പാർട്ടിക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒ.ബി.സി വിഭാഗത്തിനിടയിൽ വലിയ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിരുന്നു. 2014, 2017, 2019, 2022 തെരഞ്ഞെടുപ്പുകളിൽ പാർട്ടി വൻ വിജയം നേടിയത് ഒ.ബി.സി പിന്തുണയിലാണ്. യോഗി ആദിത്യനാഥിന്റെ തെറ്റായ നയങ്ങൾ പിന്നാക്ക വിഭാഗങ്ങൾ പാർട്ടിയിൽ നിന്ന് അകലാൻ കാരണമായി. കേന്ദ്ര നേതൃത്വം ഇടപെട്ട് ഇതിന് പരിഹാരം കാരണമെന്നും സംസ്ഥാന നേതാക്കൾ ആവശ്യപ്പെടുന്നു.

പടിഞ്ഞാറൻ യു.പിയിലും കാശി മേഖലയിലുമാണ് ഏറ്റവും വലിയ തിരിച്ചടി ഉണ്ടായതെന്നാണ് പാർട്ടി റിപ്പോർട്ട് പറയുന്നത്. കാശി മേഖലയിൽ ആകെയുള്ള 28ൽ ഏട്ട് സീറ്റിൽ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. പടിഞ്ഞാറൻ യു.പിയിൽ 13 സീറ്റിൽ എട്ടിടത്താണ് പാർട്ടി വിജയിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രവർത്തനകേന്ദ്രമായ ഗൊരഖ്പൂരിൽ 13 സീറ്റിൽ ആറിടത്താണ് ബി.ജെ.പി വിജയിച്ചത്. അയോധ്യ, ലഖ്‌നോ, ഫൈസാബാദ് നഗരങ്ങൾ ഉൾപ്പെടുന്ന അവധ് മേഖലയിൽ ആകെയുള്ള 16 സീറ്റിൽ ഏഴിടത്താണ് ബി.ജെ.പി വിജയിച്ചത്.

അതിനിടെ സഖ്യകക്ഷി നേതാക്കളും സംസ്ഥാന സർക്കാറിനെതിരെ രംഗത്ത് വന്നിരുന്നു. യോഗിയുടെ ബുൾഡോസർ രാജ് ആണ് തിരിച്ചടിയായതെന്ന് നിഷാദ് പാർട്ടി തലവനും യു.പി മന്ത്രിയുമായ സഞ്ജയ് നിഷാദ് പറഞ്ഞു. അധ്യാപകനിയമനത്തിൽ പിന്നാക്ക വിഭാഗത്തെ തഴഞ്ഞതടക്കമുള്ള കാര്യങ്ങൾ തിരിച്ചടിയായെന്നാണ് അപ്‌നാദൾ നേതാവ് അനുപ്രിയ പട്ടേൽ ചൂണ്ടിക്കാട്ടുന്നത്. സർക്കാർ ജോലിയിൽ ഒ.ബി.സി വിഭാഗങ്ങളുടെ ഒഴിവ് എത്രയും വേഗം നികത്തണമെന്ന് ആവശ്യപ്പെട്ട് അനുപ്രിയ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

അതേസമയം മോശം സ്ഥാനാർഥികളെ നിർത്തിയതാണ് തോൽവിക്ക് കാരണമെന്നാണ് യോഗി ആദിത്യനാഥിനെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. സീറ്റ് നൽകുന്നതിൽ മുഖ്യമന്ത്രിക്ക് പങ്കില്ല. ഭരണത്തിലും ക്രമസമാധാനം നിലനിർത്തുന്നതിലും മുഖ്യമന്ത്രി സ്വീകരിക്കുന്ന ശക്തമായ നടപടികൾ പാർട്ടിക്ക് ഗുണകരമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ സമർപ്പണവും ആത്മാർഥയും ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതാണെന്നും ഇവർ പറയുന്നു.

TAGS :

Next Story