Quantcast

‘പള്ളിയിൽ പ്രവേശിക്കാൻ അനുമതി ആവശ്യപ്പെട്ടപ്പോൾ സർവേക്ക് ഉത്തരവിട്ടത് എന്തിന്’; സംഭൽ കോടതി ഉത്തരവിനെ വിമർശിച്ച് ഉവൈസി

ആർഎസ്എസ് തലവൻ മോഹൻ ഭഗവതിൻ്റെ പ്രസ്താവനയോടും ഉവൈസി പ്രതികരിച്ചു

MediaOne Logo

Web Desk

  • Published:

    2 Dec 2024 2:28 PM GMT

‘പള്ളിയിൽ പ്രവേശിക്കാൻ അനുമതി ആവശ്യപ്പെട്ടപ്പോൾ സർവേക്ക് ഉത്തരവിട്ടത് എന്തിന്’; സംഭൽ കോടതി ഉത്തരവിനെ വിമർശിച്ച് ഉവൈസി
X

ഹൈദരാബാദ്: ഉത്തർ പ്രദേശിലെ സംഭൽ ജമാമസ്ജിദ് സർവേയുമായി ബന്ധപ്പെട്ട കേസിലെ കോടതി ഉത്തരവിനെ വിമർശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. പള്ളിയിൽ പ്രവേശിക്കാനുള്ള അനുമതി ആവശ്യപ്പെട്ടപ്പോൾ സർവേ നടത്താൻ കോടതി ഉത്തരവിട്ടത് എന്തിനാണെന്ന് ഉവൈസി ചോദിച്ചു.

മുഗൾ കാലഘട്ടത്തിലുള്ള പള്ളിയാണ് സംഭലിലെ ശാഹി ജമാമസ്ജിദ്. മുൻപ് ഇവിടെ സ്ഥിതി ചെയ്തിരുന്ന ഹരിഹരേശ്വരക്ഷേത്രം തകർത്താണു പള്ളി നിർമിച്ചതെന്ന അവകാശവാദവുമായി ഒരു വിഭാഗം സംഭൽ ജില്ലാ-സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. അഭിഭാഷകനായ ഹരിശങ്കർ ജെയിൻ ഉൾപ്പെടെ എട്ടുപേരാണ് പരാതിക്കാർ. ഇവർ നൽകിയ ഹരജി പരിഗണിച്ചാണ് കഴിഞ്ഞ നവംബർ 19ന് സംഭൽ കോടതി എഎസ്‌ഐ സർവേയ്ക്ക് അനുമതി നൽകിയത്. അഡ്വക്കറ്റ് കമ്മിഷണറുടെ നേതൃത്വത്തിൽ സർവേ നടത്താനായിരുന്നു നിർദേശം.

തുടർന്ന് അധികൃതർ സർവേ നടത്താനെത്തിയപ്പോൾ വലിയ പ്രതിഷേധം ഉയരുകയും പൊലീസ് ഇവർക്കുനേരെ വെടിവെക്കുകയും ചെയ്തു. സംഭവത്തിൽ ആറുപേരാണ് മരിച്ചത്. തുടർന്ന് സുപ്രീം കോടതി നടപടികൾ നിർത്തിവെക്കുകയും പ്രദേശത്ത് സമാധാനം ഉറപ്പാക്കാൻ യുപി സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പണപ്പെരുപ്പം, തൊഴിലില്ലായ്മ, കർഷക ആത്മഹത്യകൾ തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടുന്ന രാജ്യത്തെ സർവേ പോലുള്ള ഇത്തരം പ്രശ്‌നങ്ങളാണ് ദുർബലപ്പെടുത്തുന്നതെന്ന് ഉവൈസി പറഞ്ഞു. ഭരണകക്ഷിയായ ബിജെപിയെ ലക്ഷ്യമിട്ടായിരുന്നു ഒവൈസിയുടെ വിമർശനം. അവർക്ക് പ്രവേശനം ആവശ്യമുണ്ടെങ്കിൽ പള്ളിയിൽ പോകുന്നത് ആരാണ് തടയുന്നതെന്നും ഉവൈസി ചോദിച്ചു. ഇത്തരം വിഭജന പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് രാജ്യത്തെ ദുർബലപ്പെടുത്തുകയും മറ്റ് പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇന്ത്യയിലെ വളർച്ചാ നിരക്ക് കുറയുന്നതിനെക്കുറിച്ചുള്ള ആർഎസ്എസ് തലവൻ മോഹൻ ഭഗവതിൻ്റെ പ്രസ്താവനയോടും ഉവൈസി പ്രതികരിച്ചു. രണ്ടിൽ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ പരിമിതപ്പെടുത്തണമെന്ന ബിജെപി എംപിമാരുടെ ആഹ്വാനങ്ങൾ കണക്കിലെടുത്ത് ആർഎസ്എസുകാർ വിവാഹം കഴിക്കണമെന്നും അവരുടെ നയങ്ങളിൽ ഉറച്ചുനിൽക്കണമെന്നും അദ്ദേഹം പരിഹസിച്ചു.

TAGS :

Next Story