പങ്കാളി മനഃപൂർവം ലൈംഗികബന്ധം നിഷേധിക്കുന്നത് ക്രൂരത; ഡൽഹി ഹൈക്കോടതി
ലൈംഗിക ബന്ധമില്ലാത്ത വിവാഹം ഒരു ശാപമാണെന്ന് ബെഞ്ച് പറഞ്ഞു.
ന്യൂഡൽഹി: പങ്കാളി മനഃപൂർവം ലൈംഗികബന്ധം നിഷേധിക്കുന്നത് ക്രൂരതയെന്ന് ഡൽഹി ഹൈക്കോടതി. 35 ദിവസം മാത്രം നീണ്ടുനിന്ന വിവാഹബന്ധത്തിന് അനുവദിച്ച വിവാഹമോചനം ശരിവച്ചാണ് ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹമോചനം അനുവദിച്ച കുടുംബകോടതി ഉത്തരവിനെതിരെ ഭാര്യ നൽകിയ അപ്പീൽ തള്ളി ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റ് അധ്യക്ഷനായ ബെഞ്ചാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
ലൈംഗിക ബന്ധമില്ലാത്ത വിവാഹം ഒരു ശാപമാണെന്ന് ബെഞ്ച് പറഞ്ഞു. ലൈംഗികബന്ധത്തിലെ നിരാശയേക്കാൾ ദാമ്പത്യത്തിന് വിനാശകരമായ മറ്റൊന്നില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. 'ഒരു ഇണ ലൈംഗികബന്ധം മനഃപൂർവം നിഷേധിക്കുന്നത് ക്രൂരതയ്ക്ക് തുല്യമാണ്. പ്രത്യേകിച്ചും കക്ഷികൾ നവദമ്പതികൾ ആയിരിക്കുമ്പോൾ. ഇത് തന്നെ വിവാഹമോചനത്തിനുള്ള കാരണമാണ്'- ബെഞ്ച് നിരീക്ഷിച്ചു.
2004ലാണ് ഇരുവരും ഹിന്ദു ആചാരപ്രകാരം വിവാഹിതരായതെന്നും എന്നാൽ ഭാര്യ ഉടൻ തന്റെ വീട്ടിലേക്ക് മടങ്ങിയെന്നും പിന്നീട് തിരികെ ഭർത്താവിന്റെ വീട്ടിലേേക്ക് പോയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് വിവാഹമോചനത്തിനായി ഭർത്താവ് കുടുംബ കോടതിയെ സമീപിച്ചു.
ഭർത്താവിന് വിവാഹമോചനത്തിന് അർഹതയുണ്ടാക്കുന്ന ഭാര്യയുടെ ഇത്തരം പെരുമാറ്റം ക്രൂരതയ്ക്ക് തുല്യമാണെന്ന് കുടുംബകോടതിയുടെ നിഗമനം ഉണ്ടെന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു. തന്റെ തിരിച്ചുപോക്കിന്റെ കാരണമായി യുവതി പറയുന്ന സ്ത്രീധന പീഡനം തെളിയിക്കപ്പെട്ടിട്ടില്ല. 18 വർഷത്തിലധികം നീണ്ടുനിൽക്കുന്ന ഇത്തരം നിഷേധങ്ങൾ തന്നെ ക്രൂരതയ്ക്ക് തുല്യമാണ്.
'സ്ത്രീധന പീഡനം സംബന്ധിച്ച ആരോപണങ്ങൾ ഭർത്താവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ വരെ കലാശിച്ചു. സ്ത്രീധനം ആവശ്യപ്പെട്ട ഒരു സംഭവം പോലും പരാതിക്കാരിക്ക് തെളിയിക്കാൻ കഴിയാതെ വന്നാൽ കേസിന്റെ തുടർന്നുള്ള വിചാരണയെ ക്രൂരതയായി മാത്രമേ വിശേഷിപ്പിക്കാനാകൂ'- ഉത്തരവിൽ പറയുന്നു.
മാനസിക ക്രൂരതയായി കണക്കാക്കുന്ന പ്രവൃത്തികളായി സുപ്രിംകോടതി നിശ്ചയിച്ച കാര്യങ്ങളിൽ, ശാരീരിക അപര്യാപ്തതയോ സാധുവായ കാരണമോ ഇല്ലാതെ ഏകപക്ഷീയമായി ലൈംഗിക ബന്ധം നിഷേധിക്കുന്നതും ഉൾപ്പെടുമെന്നും കോടതി പറഞ്ഞു. നേരത്തെ, ഭർത്താവിന് ഭാര്യയെ തല്ലാനും പീഡിപ്പിക്കാനും ഒരു നിയമത്തിലും അവകാശമില്ലെന്ന് ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
Adjust Story Font
16