കേന്ദ്രത്തിൽ അധികാരത്തിൽ വന്നാലുടൻ അഗ്നിപഥ് പദ്ധതി റദ്ദാക്കുമെന്ന് സമാജ്‍വാദി പാർട്ടി
രാജ്യസുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുകയും സൈനികരുടെ ഭാവിവെച്ച് കളിക്കുകയും ചെയ്യുന്ന പദ്ധതി 24 മണിക്കൂറിനുള്ളിൽ റദ്ദാക്കും
ലഖ്നൗ: കേന്ദ്രത്തിൽ അധികാരത്തിൽ വന്നാലുടൻ മോദി സർക്കാർ നടപ്പാക്കിയ അഗ്നിപഥ് പദ്ധതി റദ്ദാക്കുമെന്ന് സമാജ്‍വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. വിരമിച്ച അഗ്നിവീറുകൾക്ക് സംവരണം ഏർപ്പെടുത്തുമെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് അഖിലേഷ് യാദവിന്റെ പ്രതികരണം.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇൻഡ്യാ മുന്നണിയും എസ്.പിയും അധികാരത്തിലെത്തിയാൽ ഹ്രസ്വകാല റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിവീർ പദ്ധതി റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ‘ഞങ്ങൾ അധികാത്തിൽ വന്നാലുടൻ രാജ്യസുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുകയും സൈനികരുടെ ഭാവിവെച്ച് കളിക്കുകയും ചെയ്യുന്ന 'അഗ്നിവീർ' സൈനിക റിക്രൂട്ട്‌മെന്റ് 24 മണിക്കൂറിനുള്ളിൽ റദ്ദാക്കും. പഴയ റിക്രൂട്ട്‌മെന്റ് മോഡൽ പുനഃസ്ഥാപിക്കുമെന്നും എക്സിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.
കരസേനയിലും നാവികസേനയിലും വ്യോമസേനയിലും 17-നും 21-നും ഇടയിൽ പ്രായമുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന അഗ്നിപഥ് പദ്ധതി 2022ലാണ് കേന്ദ്രം അവതരിപ്പിച്ചത്. നാലുവർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. കരാർ കാലാവധി പൂർത്തിയാക്കിയായൽ ഓരോ ബാച്ചിൽ നിന്നും 25% പേർക്കുമാത്രമാണ് റെഗുലർ സർവീസ് വാഗ്ദാനം ചെയ്തത്.
Adjust Story Font
16