Quantcast

കർണാടകയിൽ ഒറ്റയ്ക്ക് തന്നെ മത്സരിക്കും; ആരുമായും സഖ്യമുണ്ടാക്കില്ലെന്ന് ബിജെപി

ജെഡിഎസ്, കോൺഗ്രസ് ശക്തികേന്ദ്രങ്ങളായ മൈസൂരു മേഖല 2023 നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾ പിടിച്ചടക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    31 Aug 2021 2:02 PM GMT

കർണാടകയിൽ ഒറ്റയ്ക്ക് തന്നെ മത്സരിക്കും; ആരുമായും സഖ്യമുണ്ടാക്കില്ലെന്ന് ബിജെപി
X

2023ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടുമെന്ന് വ്യക്തമാക്കി ബിജെപി. ജനതാദളു(സെക്യൂലർ)മായി സഖ്യത്തിനില്ലെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് അറിയിച്ചു. മൈസൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അരുൺ സിങ്.

ജെഡിഎസ് മുങ്ങിക്കൊണ്ടിരിക്കുകയാണ്. ബിജെപി വളരുകയും ചെയ്യുന്നു. വികസനത്തിന്റെ പേരിലാണ് ഞങ്ങൾ അറിയപ്പെടുക. എന്തൊക്കെ വികസനങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങൾക്കുമായി ചെയ്ത കാര്യങ്ങളായിരിക്കും ഞങ്ങളുടെ പ്രധാന അജണ്ട. ജെഡിഎസ്സും അധികാരത്തിലുണ്ടായിരുന്നതാണ്. എന്നാൽ, അവർ ഒന്നും ഇതുവരെ ചെയ്തിട്ടില്ല. കോൺഗ്രസ്-ജെഡിഎസ് സഖ്യവും ബിജെപിയും ചെയ്തത് ജനങ്ങൾ താരതമ്യം ചെയ്യുകയാണെങ്കിൽ ഞങ്ങൾ ഏറെ മുന്നിലാണുള്ളത്-അരുൺ സിങ് പറഞ്ഞു.

ഞങ്ങൾ സ്വന്തമായി ഭൂരിപക്ഷത്തോടെ തന്നെ സർക്കാർ രൂപീകരിക്കും. നിലവിൽ ബിജെപിക്ക് അത്ര സ്വാധീനമില്ലാത്ത മൈസൂരു മേഖലയിലും പരമാവധി സീറ്റുകൾ പാർട്ടി നേടും. യെദ്യൂരപ്പ അടക്കമുള്ള നേതാക്കളുടെ പരിചയ സമ്പത്ത് പാര്‍ട്ടി ഉപയോഗപ്പെടുത്തുമെന്നും അരുണ്‍ സിങ് കൂട്ടിച്ചേർത്തു.

ദക്ഷിണ കർണാടക ജില്ലകൾ അടങ്ങുന്ന മൈസൂരു മേഖല കോൺഗ്രസിന്റെയും ജെഡിഎസിന്റെയും ശക്തികേന്ദ്രങ്ങളാണ്. മേഖല പിടിച്ചടക്കാനായി അടിത്തട്ടിലുള്ള പ്രവർത്തനങ്ങളാണ് ബിജെപിയുടെ നേതൃത്വത്തിൽ നടന്നുവരുന്നത്.

TAGS :

Next Story