Quantcast

'വഖഫ് ബിൽ നടപ്പാക്കുന്നത് എന്ത് വില കൊടുത്തും തടയും'; ജീവൻ നൽകാനും തയാറെന്ന് മുസ്‌ലിം പേഴ്‌സനൽ ലോ ബോർഡ്‌

അനധികൃതമായി ഏറ്റവും കൂടുതൽ വഖഫ് സ്വത്തുക്കൾ കൈവശപ്പെടുത്തിയത് സർക്കാരാണെന്നും സൈഫുല്ല പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    26 Oct 2024 1:13 PM GMT

Will stop Waqf bill matter of life and death says Muslim law board chief
X

ന്യൂ‍ഡൽഹി: നിർദിഷ്ട വഖഫ് ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കാൻ അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ്. വഖഫ് ബിൽ നടപ്പാക്കുമെന്ന് എന്ത് വിലകൊടുത്തും തടയുമെന്ന് ബോർഡ് അധ്യക്ഷൻ മൗലാനാ ഖാലിദ് സൈഫുല്ല അറിയിച്ചു. അതിനായി ജീവൻ നൽകാൻ പോലും മടിയില്ലെന്നും അനധികൃതമായി ഏറ്റവും കൂടുതൽ വഖഫ് സ്വത്തുക്കൾ കൈവശപ്പെടുത്തിയത് സർക്കാരാണെന്നും കാൺപൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ സൈഫുല്ല പറഞ്ഞു.

'ഇത് ഞങ്ങൾക്ക് ജീവന്മരണ പ്രശ്‌നമാണ്. എന്ത് വിലകൊടുത്തും വഖഫ് ബിൽ തടയും. ക്രിമിനലുകളെ അടയ്ക്കാൻ സ്ഥലമില്ലാത്ത വിധം രാജ്യത്തെ ജയിലുകൾ മുസ്‌ലിംകളെ കൊണ്ട് നിറയും. ആവശ്യമെങ്കിൽ സ്വന്തം ജീവൻ നൽകാനും ഞങ്ങൾ മടിക്കില്ല'- സൈഫുല്ല പറഞ്ഞു. അമുസ്‌ലിംകളെ ബോർഡിൽ നിയമിക്കാനുള്ള നീക്കത്തിലൂടെ മുസ്‌ലിംകളിൽ നിന്ന് വഖഫ് ബോർഡിന്റെ നിയന്ത്രണം തട്ടിയെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും സൈഫുല്ല ചൂണ്ടിക്കാട്ടി.

'തമിഴ്‌നാട്ടിൽ മാത്രം 4,78,000 ഏക്കറും ആന്ധ്രാപ്രദേശിൽ 4,68,000 ഏക്കറും ക്ഷേത്രഭൂമിയുണ്ട്. ഈ രണ്ട് സംസ്ഥാനങ്ങളിലുമായി 10 ലക്ഷം ഏക്കർ ക്ഷേത്രഭൂമിയുണ്ട്. എന്നാൽ രാജ്യത്ത് മൊത്തമായി മുസ്‌ലിംകൾക്ക് ആറ് ലക്ഷം ഏക്കർ വഖഫ് ഭൂമിയാണുള്ളത്. പിന്നെ എന്താണ് പ്രശ്നം?'- സൈഫുല്ല ചോദിച്ചു.

കോടതിയിൽ കേസ് തോൽക്കാനും രേഖകൾ സമർപ്പിക്കാതിരിക്കാനും വഖഫ് ബോർഡിലെ ചില അംഗങ്ങൾക്കുമേൽ സർക്കാർ സമ്മർദം ചെലുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.‍ ജൂലൈ 28നാണ് കേന്ദ്രസർക്കാർ പാർലമെൻ്റിൽ വഖഫ് ബിൽ‌ അവതരിപ്പിച്ചത്. എന്നാൽ, പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ബിൽ സംയുക്ത പാർലമെൻ്ററി സമിതിക്ക് വിട്ടു.

ഏതെങ്കിലും വസ്തുവിനെയോ പ്രദേശത്തെയോ വഖഫ് സ്വത്തായി നിശ്ചയിക്കുന്നതിന് വഖഫ് ബോർഡുകളുടെ അധികാരത്തിന് നിയന്ത്രണമേർപ്പെടുത്തുന്നതാണ് നിർദിഷ്ട ബിൽ. മാത്രമല്ല, കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും അമുസ്‌ലിംകൾക്കും സ്ത്രീകൾക്കും പ്രാതിനിധ്യവും ബിൽ നിർദേശിക്കുന്നു. ബില്ലിനെതിരെ പ്രതിഷേധവുമായി നേരത്തെ വിവിധ മുസ്‌ലിം സംഘടനകളും രംഗത്തെത്തിയിരുന്നു.

TAGS :

Next Story