Quantcast

അന്നേരം ഇന്ത്യ-പാകിസ്താൻ കളി കാണും: തരൂർ

സത്യപ്രതിജ്ഞയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് തരൂര്‍

MediaOne Logo

Web Desk

  • Published:

    9 Jun 2024 10:08 AM GMT

shashi tharoor
X

ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന വേളയിൽ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം കാണുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും തിരുവനന്തപുരം എംപി പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എന്നെ സത്യപ്രതിജ്ഞയിലേക്ക് ക്ഷണിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അന്നേരം ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരം കാണും.' - എന്നായിരുന്നു തരൂരിന്റെ വാക്കുകൾ. ഞായറാഴ്ച വൈകിട്ട് ഏഴേ കാലിനാണ് പുതിയ മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കുന്നത്. എട്ടു മണി മുതലാണ് ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരം.

അയൽരാജ്യങ്ങളിലെ പ്രതിനിധികളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുന്നത് നല്ല കീഴ്‌വഴക്കമാണെന്നും തരൂർ പറഞ്ഞു. മാലിദ്വീപ് പ്രസിഡണ്ടിന്റെ സന്ദര്‍ശനം ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടതാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



'അയൽരാജ്യങ്ങളിൽ നിന്ന് നേതാക്കളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങി വച്ച നല്ല പാരമ്പര്യമാണ്. എന്നാൽ പാകിസ്താന് ക്ഷണമില്ല. അതൊരു സന്ദേശമാണ്. കാലുഷ്യങ്ങൾക്കിടെ മാലിദ്വീപ് പ്രസിഡണ്ട് മുഹമ്മദ് മുഇസ്സു വരുന്നത് നല്ല സൂചനയാണ്. കുറച്ചു മുമ്പു വരെ നമ്മുടെ താത്പര്യങ്ങളെ അവര്‍ സൗഹൃദത്തോടെയല്ല സമീപിച്ചിരുന്നത്. അദ്ദേഹത്തിന്റെ സന്ദർശനം ഗുണഫലങ്ങളുണ്ടാക്കട്ടെ.' - തരൂർ കൂട്ടിച്ചേർത്തു.

അതിനിടെ, രണ്ടാം മോദി മന്ത്രിസഭയിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം പുതിയ മന്ത്രിസഭയിലും ഇടം പിടിച്ചു. 43 അംഗ മന്ത്രിസഭയാണ് അധികാരമേൽക്കുന്നത് എന്നാണ് സൂചന. അമിത് ഷാ, മൻസൂഖ് മാണ്ഡവ്യ, അശ്വിനി വൈഷ്ണവ്, പിയൂഷ് ഗോയൽ, നിർമല സീതാരാമൻ, നിതിൻ ഗഡ്കരി, രാജ്‌നാഥ് സിങ്, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജ്ജു, പ്രൽഹാദ് ജോഷി തുടങ്ങിയ പ്രമുഖർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, കർണാടക മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, എൽജെപി നേതാവ് ചിരാഗ് പാസ്വാൻ, ബിഹാർ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി തുടങ്ങിയവർ ആദ്യമായി മന്ത്രിസഭയിലെത്തും.

TAGS :

Next Story