ഏഴ് ദിവസവും 12 മണിക്കൂർ ജോലി ചെയ്യാം, കൂലി വേണ്ട; വൈറലായി യുകെയിലെ ഇന്ത്യൻ വിദ്യാർഥിനിയുടെ പോസ്റ്റ്
യുകെയിൽ ജോലി തേടുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രചോദനമായി വിദ്യാർഥിനി
ലണ്ടൻ: ഇന്ത്യയിൽ നിന്ന് ഒട്ടനേകം പേരാണ് യുകെയിലേക്ക് പഠനാവശ്യങ്ങൾക്കും ജോലിക്കുമായി കുടിയേറുന്നത്. ഉയർന്ന ജീവിതനിലവാരവും മെച്ചപ്പെട്ട സാമ്പത്തികഭദ്രതയുമടക്കം അനേകം സ്വപ്‌നങ്ങളാണ് വിദ്യാർഥികളിൽ യുകെയിലേക്ക് പോകാൻ മോഹം ജനിപ്പിക്കുന്നത്. എന്നാൽ യുകെയിലേക്ക് 2021ൽ കുടിയേറിയ ഒരു ഇന്ത്യൻ വിദ്യാർഥിനി തന്റെ സമൂഹമാധ്യമത്തിൽ കുറിച്ച പോസ്റ്റാണ് നിലവിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
തന്റെ ലിങ്ക്ഡ് ഇൻ പോസ്റ്റിലാണ് ശ്വേത കോതണ്ടൻ എന്ന വിദ്യാർഥിനി സൗജന്യമായി യുകെയിൽ ജോലി ചെയ്യാനുള്ള സന്നദ്ധത അറിയിച്ചത്.
ഇതിനോടകം വൈറലായ ലിങ്ക്ഡ് ഇൻ പോസ്റ്റിലാണ് 2022 മുതൽ വിസ സ്‌പോൺസർ ചെയ്യുന്ന ഒരു ജോലി നേടാനുള്ള തന്റെ പരിശ്രമത്തെക്കുറിച്ച് ശ്വേത എഴുതിയിരിക്കുന്നത്.
മുന്നൂറോളം ജോലികൾക്കായി ഇതിനോടകം ശ്വേത അപേക്ഷകളയച്ചിരുന്നു എന്നാൽ തൊഴിൽ നേടുന്നതിൽ ഇവർ പരാജയപ്പെടുകയായിരുന്നു. യുകെയിലെ തന്റെ ഭാവി ജീവിതം സുസ്ഥിരമാക്കാൻ ഇനി ഇതേ ഒരു വഴിയുള്ളു എന്നാണ് ശ്വേതയുടെ പോസ്റ്റിന്റെ സംഗ്രഹം.
'തന്റെ ഗ്രാജ്യുവേറ്റ് വിസ അവസാനിക്കാൻ ഇനി മൂന്ന് മാസം മാത്രമേ ബാക്കിയുള്ളു. മികച്ച ഒരു ജീവിതത്തിനായി ഞാൻ 2021ലാണ് യുകെയിലേക്ക് കുടിയേറിയത്. 2022ൽ ബിരുദധാരിയായതിന് ശേഷം താൻ വിസ സ്‌പോൺസർ ചെയ്യുന്ന ഒരു ജോലി തിരഞ്ഞുകൊണ്ടിരിക്കുകയാണ്.
എന്നാൽ തൊഴിൽ മേഖലയ്ക്ക് എന്നിൽ ഇതുവരെ ഒരു മൂല്യവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഞാൻ ഇതിനോടകം മുന്നൂറിന് മുകളിൽ ജോലിക്ക് അപേക്ഷ അയച്ചു എന്നാൽ വളരെ കുറച്ച് പ്രതികരണങ്ങൾ മാത്രമേ എനിക്ക് ലഭിച്ചിട്ടുള്ളു. ഇനി യുകെയിൽ ഒരു ജീവിതം കെട്ടിപ്പടുക്കണമെങ്കിൽ ലിങ്ക്ഡ് ഇന്നിലെ ഈ പോസ്റ്റ് ആണ് എന്റെ അവസാന അവസരമായി ഞാൻ കണക്കാക്കുന്നത്.' എന്ന് പറഞ്ഞാണ് ശ്വേത തന്റെ പോസ്റ്റ് തുടങ്ങുന്നത്.
ലെസ്റ്റർ സർവകലാശാലയിൽ മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ എംഎസ്സി ബിരുദാനന്തര ബിരുദധാരണിയായ ശ്വേത തുടർന്ന് എഴുതിയ വാക്കുകളാണ് പോസ്റ്റ് വൈറലാവാൻ കാരണമായത്.
തന്നെ ജോലിക്ക് അനുയോജ്യയാക്കുന്ന മൂന്ന് പോയിന്റുകളാണ് ശ്വേത തുടർന്ന് എഴുതുന്നത്.
"എഞ്ചിനിയറിങ് മേഖലയിലേക്ക് ഒരു ഉദ്യോഗാർഥിയെ തിരയുകയാണ് നിങ്ങളെങ്കിൽ ഏറ്റവും മികച്ച ഒരു തെരഞ്ഞെടുപ്പായിരിക്കും ഞാൻ, കാരണം ഞാൻ ആഴ്ചയിലെ ഏഴ് ദിവസവും 12 മണിക്കൂർ വെച്ച് ജോലി ചെയ്യാൻ തയ്യാറാണ്. ഇതെന്റെ കഴിവ് തെളിയിക്കാനാണ്. ഒരു മാസം വരെ സൗജന്യമായിട്ടായിരിക്കും താൻ ഈ ജോലി ചെയ്യുക. എന്റെ ജോലിയിൽ സംതൃപ്തി തോന്നിയില്ലെങ്കിൽ ഒരു മാസത്തിന് ശേഷം എന്നെ ഒരു ചോദ്യവുമില്ലാതെ പിരിച്ചുവിടുക' എന്നാണ് ശ്വേതയുടെ പൂർണമായ പോസ്റ്റ്.
പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് സൗജന്യമായി ജോലി ചെയ്യാനുള്ള ശ്വേതയുടെ തീരുമാനത്തെക്കുറിച്ച് രണ്ടാമതൊന്നാലോചിക്കാൻ ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
"ഒരു ജോലിക്കായി ഇത്രയും വലിയ ബുദ്ധിമുട്ട് ഏറ്റെടുക്കാനുള്ള ശ്വേതയുടെ തീരുമാനം പിൻവലിക്കണം. ഇത്രയും നേരമുള്ള ജോലി അതികഠിനമാണ്, ഇഷ്ടമുള്ള രാജ്യത്ത് നിൽക്കാൻ ഇത്രയും ത്യാഗം സഹിക്കേണ്ട ആവശ്യമില്ല" എന്നാണ് പോസ്റ്റിന് താഴെ വന്ന ഒരു കമന്റ്.
യുകെയിൽ നിൽക്കാനായി ഇത്രയും ബുദ്ധിമുട്ടേണ്ട, കഴിവുണ്ടെങ്കിൽ ജോലി നിങ്ങളെ തിരഞ്ഞുവരുമെന്നാണ് മറ്റൊരു കമന്റ്.
എന്നാൽ അനേകമാളുകൾ പോസ്റ്റിന് താഴെ തൊഴിൽ വാഗ്ദാനം ചെയ്തും രംഗത്തുവന്നിട്ടുണ്ട്.
"ഇത്രയും നന്നായി മാർക്കറ്റിങ് ചെയ്യാൻ കഴിവുള്ള ശ്വേത മിടുക്കിയാണ്" എന്ന് പറഞ്ഞാണ് ഒരു ജോലി വാഗ്ദാനം കമന്റിൽ എത്തിയിരിക്കുന്നത്.
ഇതോടെ ഇഷ്ടമുള്ള തൊഴിൽ തെരഞ്ഞെടുക്കാൻ ശ്വേതയ്ക്ക് അവസരം ലഭിച്ചിരിക്കുകയാണ്.
ഒരു കമന്റ് യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് വന്ന് ജോലി ചെയ്യാൻ ശ്വേതയോട് പറയുന്നുണ്ട്. എന്നാൽ അതല്ല തന്റെ സ്വപ്‌നം എന്നാണ ശ്വേത ഇതിന് മറുപടി കുറിച്ചിരിക്കുന്നത്.
Adjust Story Font
16