ആർ.എസ്. എസ് നേതാവിനെ ഹണി ട്രാപ്പിൽ കുടുക്കി 50 ലക്ഷം തട്ടിയെടുത്തു; മനുഷ്യാവകാശ പ്രവർത്തക അറസ്റ്റിൽ
ചിത്രങ്ങളും വീഡിയോയും പുറത്ത് വരാതിരിക്കണമെങ്കിൽ നാലുകോടി രൂപ തരണമെന്നായിരുന്നു സംഘം ആവശ്യപ്പെട്ടത്
മാണ്ഡ്യ: ആർഎസ്എസ് നേതാവിനെ ഹണി ട്രാപ്പിൽ കുടുക്കി 50 ലക്ഷം രൂപ തട്ടിയ കേസിൽ മനുഷ്യാവകാശ പ്രവർത്തകയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. ആർ.എസ്.എസ് നേതാവ് നിദ്ദോഡി ജഗന്നാഥ ഷെട്ടി നൽകിയ പരാതിയിലാണ് മനുഷ്യാവകാശ പ്രവർത്തക സൽമ ബാനുവിനെ അറസ്റ്റ് ചെയ്തത്.
ദക്ഷിണ കന്നട ജില്ലയിലെ സ്വർണ വ്യാപാരികൂടിയാണ് നിദ്ദോഡി ജഗന്നാഥ ഷെട്ടി. ഇയാളെ ഹോട്ടൽ മുറിയിൽ എത്തിച്ച് ചിത്രങ്ങൾ പകർത്തിയാണ് സൽമ ബാനു പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. മറ്റ് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു.
ഫെബ്രുവരി 26 ന് മാണ്ഡ്യയിൽനിന്നു മൈസൂരുവിലേക്കു കാർ യാത്രയിൽ ലിഫ്റ് ഓഫർ ചെയ്താണ് ഇവർ ഷെട്ടിയെ കുരുക്കിയതെന്ന് പൊലീസ് പറഞ്ഞു. നാലു പേരാണ് കാറിലുണ്ടായിരുന്നു. മൈസുരുവിലെ ഹോട്ടലിൽ എത്തിച്ച ഷെട്ടിയുടെ ചിത്രങ്ങളും വിഡിയോയും പകർത്തിയത്. ഈ ചിത്രങ്ങളും വീഡിയോയും പുറത്ത് വരാതിരിക്കണമെങ്കിൽ നാലുകോടി രൂപ തരണമെന്നായിരുന്നു സംഘം ആവശ്യപ്പെട്ടത്. ഷെട്ടി 50 ലക്ഷം രൂപ നൽകുകയും ഒത്തുതീർപ്പിലെത്തുകയും ചെയ്തു. പിന്നീട് പ്രതികൾ കൂടുതൽ പണം ആവശ്യപ്പെടാൻ തുടങ്ങിയതോടെയാണ് പൊലീസിന് പരാതി നൽകിയത്.
താൻ ഹോട്ടലിൽ സ്വർണ ബിസ്‌ക്കറ്റ് പരിശോധിക്കാൻ പോയതാണെന്നും മുറിയിൽ കയറിയ ഉടൻ തന്നെ പ്രതികൾ ഫോട്ടോയെടുക്കുകയും ഒരു സ്ത്രീക്കൊപ്പം വീഡിയോ ചിത്രീകരിക്കുകയും ചെയ്തുവെന്നുമാണ് പരാതിയിലുള്ളത്. സൽമ ബാനുവിനെ കൂടാതെയുള്ള പ്രതികൾക്ക് വേണ്ടി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Adjust Story Font
16