Quantcast

തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ചു വിവാഹം; സഹായത്തിനായി നിലവിളിച്ച് പെണ്‍കുട്ടി: വീഡിയോ

രാജസ്ഥാനിലെ ജയ്സാല്‍മീര്‍ ജില്ലയിലാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    2023-06-07 04:41:59.0

Published:

7 Jun 2023 3:51 AM GMT

Stills from the video
X

വിവാഹച്ചടങ്ങില്‍ നിന്നുള്ള ദൃശ്യം

ജയ്പൂര്‍: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്ത് നിര്‍ബന്ധിച്ച് വിവാഹച്ചടങ്ങ് നടത്തുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ചടങ്ങ് നടക്കുമ്പോള്‍ പെണ്‍കുട്ടി സഹായം തേടി കരയുന്നതാണ് വീഡിയോയിലുള്ളത്. രാജസ്ഥാനിലെ ജയ്സാല്‍മീര്‍ ജില്ലയിലാണ് സംഭവം.

തരിശായ വിജനമായ പ്രദേശമാണ് വീഡിയോയിലുള്ളത്. വിവാഹച്ചടങ്ങിന്‍റെ ഭാഗമായി തീ കത്തിച്ചതിനു ചുറ്റും ഒരാള്‍ പെണ്‍കുട്ടിയെ എടുത്തുകൊണ്ട് വലം വയ്ക്കുന്നതു കാണാം. പെണ്‍കുട്ടി അപ്പോള്‍ ഉച്ചത്തില്‍ കരയുന്നുമുണ്ട്. സമീപത്ത് ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നതും മറ്റൊരു പുരുഷനെയും ഒരു സ്ത്രീയെയും വീഡിയോയില്‍ കാണാം.

എഎപി നേതാവ് നരേഷ് ബല്യാൻ വീഡിയോ ട്വീറ്റ് ചെയ്യുകയും സംഭവത്തിൽ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുകയും ചെയ്തു. ജയ്‌സാൽമീറിലെ സംഖ്‌ല ഗ്രാമത്തിൽ നിന്ന് ജൂൺ ഒന്നിന് 15-20 പേരടങ്ങുന്ന സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. പ്രതികളെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ആം ആദ്മി നേതാവ് വിനയ് മിശ്ര ട്വീറ്റില്‍ പറഞ്ഞു.രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനെ ട്വീറ്റിൽ ടാഗ് ചെയ്ത മിശ്ര, ‘അനിഷ്‌ട സംഭവങ്ങൾക്കായി കാത്തിരിക്കുകയാണോ’ എന്ന് മുഖ്യമന്ത്രിയോട് ചോദിച്ചു.ബി.ജെ.പിയുടെ ദേശീയ വക്താവും ജയ്പൂർ റൂറൽ എംപിയുമായ രാജ്യവർദ്ധൻ റാത്തോഡും കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രംഗത്തെത്തി. ''ജയ്‌സാല്‍മീറില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തരിശായ മരുഭൂമിയില്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതാണ് കാണുന്നത്. പോലീസ് വന്നില്ല, അറസ്റ്റ് ചെയ്തില്ല. രാജസ്ഥാനില്‍ നടക്കുന്ന ഇത്തരം സംഭവങ്ങളില്‍ ലജ്ജിക്കുന്നു. ഇതൊക്കെ എപ്പോള്‍ നിര്‍ത്തും? നമ്മുടെ സഹോദരിമാരും പെണ്‍മക്കളും ഭയത്തിന്‍റെ നിഴലില്‍ എത്രകാലം ജീവിക്കും?-അദ്ദേഹം ട്വീറ്റില്‍ ചോദിച്ചു.

കഴിഞ്ഞ മാസം അശോക് ഗെഹ്‌ലോട്ട് രാജസ്ഥാനിലെ എല്ലാ ജില്ലകളിലും സമാധാന-അഹിംസ സെല്ലുകളുടെ ഓഫീസ് ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് സംഭവം. 'സമാധാന-അഹിംസ സെൽ സ്ഥാപിച്ച രാജ്യത്തെ ഏക സംസ്ഥാനമാണ് രാജസ്ഥാൻ' എന്ന് ഉദ്ഘാടനവേളയില്‍ അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തില്‍ അശോക് ഗെഹ്‌ലോട്ട് നടപടിയെടുക്കണമെന്ന് ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മാലിവാൾ ആവശ്യപ്പെട്ടു. മാലിവാൾ വീഡിയോ പങ്കുവെച്ചതിന് തൊട്ടുപിന്നാലെ, സംഭവം വ്യാഴാഴ്ച നടന്നതായും വീഡിയോയിൽ കാണുന്ന പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തതായും ജയ്‌സാൽമീർ പോലീസ് പ്രതികരിച്ചു.“ജൂൺ 23 ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട്, ജയ്‌സാൽമീറിലെ മോഹൻഗഡ് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും വീഡിയോയിൽ കാണുന്ന പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റുള്ളവരെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

TAGS :

Next Story