Quantcast

ശിവസേനാ ഷിന്‍ഡെ വിഭാഗം നേതാവിന്റെ മകൻ മദ്യപിച്ചോടിച്ച ആഡംബര കാറിടിച്ച് സ്ത്രീ മരിച്ചു; പിതാവ് അറസ്റ്റിൽ; പ്രതി ഒളിവിൽ

ഒളിവിൽ പോകുന്നതിന് മുമ്പ് യുവാവ് കാമുകിയുടെ വീട്ടിൽ പോയിരുന്നതായി പൊലീസ് പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2024-07-08 03:01:53.0

Published:

8 July 2024 2:53 AM GMT

woman killed after hit by a speeding BMW car driven Shiv Sena Shinde camp leader
X

മുംബൈ: രണ്ട് പേരുടെ മരണത്തിനിടയാക്കിയ പൂനെ പോർഷെ കാർ അപകടത്തിന്റെ ‍ഞെട്ടൽ മാറുംമുമ്പ് മുംബൈയിലും സമാന സംഭവം. ശിവസേനാ ഷിൻഡെ വിഭാ​ഗം നേതാവിന്റെ മകൻ മദ്യപിച്ച് അമിതവേ​ഗത്തിലോടിച്ച ബിഎംഡബ്ല്യു കാറിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. വർളി സ്വദേശിനി കാവേരി നഖ്‌വ(45) യാണ് മരിച്ചത്.

ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ വർളിയിലെ ഹൈവേയിലായിരുന്നു അപകടം. മഹാരാഷ്ട്ര പാൽഘർ ജില്ലയിലെ ശിവസേനാ ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകൻ മിഹിർ ഷാ(24) ഓടിച്ച കാർ ഇടിച്ചാണ് സ്ത്രീ മരിച്ചത്. ഭർത്താവ് പ്രദിപ് നക്‌വയ്ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന കാവേരിയെ മിഹിർ ഷായോടിച്ച കാർ പിന്നിൽ നിന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മത്സ്യവിൽപ്പനക്കാരിയായ കാവേരി മീൻ വാങ്ങാനായി മാർക്കറ്റിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ​

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ഉയര്‍ന്ന് കീഴ്​മേല്‍ മറിയുകയും കാവേരിയും പ്രദിപും കാറിന്‍റെ ബോണറ്റിലേക്ക് വീഴുകയും ചെയ്​തു. പ്രാണരക്ഷാര്‍ഥം പ്രദിക് ബോണറ്റില്‍ നിന്നും ചാടിയിറങ്ങിയെങ്കിലും കാവേരിക്ക് രക്ഷപ്പെടാനായില്ല. കാറില്‍ കുരുങ്ങിയ കാവേരിയുമായി വാഹനം 100 മീറ്റര്‍ മുന്നോട്ടേക്ക് പോയി. ആളുകള്‍ ഓടിക്കൂടിയതോടെ കാറുമായി മിഹിര്‍ സംഭവസ്ഥലത്തുനിന്നും കടന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കാവേരിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ് ആശുപത്രിയിൽ ചികിത്സയിലാണ്.


തുടർന്ന് ബാന്ദ്ര ഈസ്റ്റിലെ കാല നഗറിൽ ബിഎംഡബ്ല്യു കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മിഹിർ ഷാ കാർ അവിടെ ഉപേക്ഷിച്ച് ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഒളിവിലുള്ള മിഹിർ ഷായെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാൾക്കായി തിരച്ചിൽ ഊർജിതമാണെന്ന് പൊലീസ് പറയുന്നു.

എന്നാൽ ഇയാളുടെ പിതാവായ രാജേഷ് ഷായെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തിനു കാരണമായ ആഡംബര കാർ രാജേഷ് ഷായുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളുടെ ഡ്രൈവർ രാജഋഷി ബിദാവത്തിനെയും കസ്റ്റഡിയിലെടുത്തു. സംഭവസമയം, മിഹിർ ഷായ്ക്കൊപ്പം രാജഋഷിയും കാറിലുണ്ടായിരുന്നു. അപകടശേഷം രാജഋഷിയും ഒരു ഓട്ടോറിക്ഷയിൽ കയറി ബോറിവലിയിലേക്ക് പോവുകയായിരുന്നു.

ഒളിവിൽ പോകുന്നതിന് മുമ്പ് മിഹിർ കാമുകിയുടെ വീട്ടിൽ പോയിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിക്ക് അഭയം നൽകിയതിന് പൊലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. അപകടത്തിന് മുമ്പ് ജുഹുവിലെ ബാറിലെത്തി മിഹിർ മദ്യപിച്ചിരുന്നതായും പൊലീസ് പറയുന്നു. സുഹൃത്തുക്കൾക്കൊപ്പമാണ് ഇയാൾ ബാറിലെത്തിയത്. തുടർന്ന് യാത്ര തുടരുന്നതിനിടെ, ഇടയ്ക്കുവച്ച് ഡ്രൈവറോട് താൻ കാർ ഓടിച്ചുകൊള്ളാമെന്ന് പറഞ്ഞു. പിന്നാലെയാണ് അപകടമുണ്ടായത്.

സംഭവത്തിൽ, മിഹിറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ് സഹിതയിലെ 105 (കുറ്റകരമായ നരഹത്യ), 281 (മനുഷ്യജീവന് അപകടകരമായ വിധത്തിൽ അശ്രദ്ധയോടെ വാഹനമോടിക്കുക), 125-ബി (ജീവനും വ്യക്തിഗത സുരക്ഷയും അപകടപ്പെടുത്തുക), 238, 324(4) എന്നിവയുൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, കേസിൽ തെളിവു നശിപ്പിക്കാനുള്ള ശ്രമം നടന്നതായി പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. അപകടശേഷം കാറിലുണ്ടായിരുന്ന ശിവസേനാ പാർട്ടിയുടെ സ്റ്റിക്കർ ഇളക്കിമാറ്റി. നമ്പർ പ്ലേറ്റ് മാറ്റാനുള്ള ശ്രമവുമുണ്ടായി. സംഭവത്തിൽ പ്രതികരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന ഷിന്‍ഡേ വിഭാഗം നേതാവുമായ ഏകനാഥ് ഷിൻഡെ രം​ഗത്തെത്തി. നിയമം എല്ലാവർക്കും ബാധകമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും ഷിൻഡെ അറിയിച്ചു.

TAGS :

Next Story