കൈയേറ്റമാരോപിച്ച് വീടുകൾ പൊളിക്കൽ; അസമിൽ അർധനഗ്ന പ്രതിഷേധവുമായി സ്ത്രീകൾ
കൈയേറ്റം ആരോപിച്ച് ഭൂമി ഒഴിപ്പിക്കാനെത്തിയ അധികൃതർ നിരവധി വീടുകളാണ് പൊളിച്ചുമാറ്റിയത്.
ഗുവാഹത്തി: കൈയേറ്റമാരോപിച്ച് അസം സർക്കാർ നടത്തുന്ന വീട് പൊളിക്കൽ നടപടിക്കെതിരെ അർധ നഗ്നരായി പ്രതിഷേധിച്ച് സ്ത്രീകൾ. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. വെള്ളിയാഴ്ച സിൽസാക്കോ ബീൽ പ്രദേശത്തെ കുടിയൊഴിപ്പിക്കൽ നീക്കത്തിനെതിരെയാണ് സ്ത്രീകൾ അർധനഗ്ന പ്രതിഷേധവുമായി രംഗത്തെത്തിയത്. തണ്ണീർത്തട ഭൂമിയിൽ കൈയേറ്റം ആരോപിച്ച് ഒഴിപ്പിക്കാനെത്തിയ അധികൃതർ നിരവധി വീടുകളാണ് പൊളിച്ചുമാറ്റിയത്.
ഗുവാഹത്തി മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു പൊളിക്കൽ നടപടി. പൊലീസും അധികൃതരും സ്ഥലത്തെത്തി പൊളിക്കൽ തുടങ്ങിയതോടെ ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർ, പ്രദേശത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് പൊലീസിനെ തടയാൻ ശ്രമിച്ചെന്നും അധികൃതർ പറയുന്നു.
പിന്നാലെ രണ്ട് സ്ത്രീകൾ വസ്ത്രം അഴിച്ചുമാറ്റുകയായിരുന്നു. അടിവസ്ത്രത്തിൽ നിന്ന് പ്രതിഷേധിച്ച ഇവരുടെ ശരീരം പൊലീസുകാരെത്തി മറയ്ക്കുകയും മറ്റ് പ്രതിഷേധക്കാർക്കൊപ്പം ഇരുവരേയും പ്രദേശത്ത് നിന്ന് മാറ്റുകയും ചെയ്തു. നിരവധി ജെസിബികൾ എത്തിച്ചാണ് പ്രദേശത്തെ വീടുകൾ പൊളിച്ചത്.
അതസമയം, പ്രദേശത്ത് കുടിയൊഴിപ്പിക്കലൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പുനൽകിയ ഒരു പ്രാദേശിക കമ്മിറ്റിയിൽ നിന്ന് 2007ൽ നാല് ലക്ഷം രൂപയ്ക്കാണ് സ്ഥലം വാങ്ങിയതെന്ന് വീട് തകർന്ന ഒരു കുടുംബം പറഞ്ഞു. 'കോടിക്കണക്കിന് രൂപയ്ക്ക് ഈ ഭൂമി സമ്പന്നർക്ക് വിൽക്കാനാണ് സർക്കാർ ഞങ്ങളെ പുറത്താക്കിയത്. ഇനി ഞങ്ങൾ എവിടെ പോകും? ഞങ്ങളുടെ ജീവിതം തകർന്നു'- അവർ പറഞ്ഞു.
എന്നാൽ, താമസക്കാരുമായി കൂടിയാലോചിച്ച ശേഷമാണ് കുടിയൊഴിപ്പിക്കൽ നടത്തിയതെന്നും അർഹരായവർക്ക് നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ഭൂരഹിതരായ കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് ഫ്ലാറ്റുകൾ നിർമിച്ചു നൽകുമെന്നും നാഗോണിൽ ഒരു പരിപാടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പ്രതിഷേധിക്കുന്നവർ ഒരു പ്രത്യേക സംഘടനയിൽ നിന്നുള്ളവരാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ ഏതാണ് ആ സംഘടനയെന്ന് പറയാൻ മുഖ്യമന്ത്രി തയാറായില്ല. ഞങ്ങളെന്ത് ചെയ്താലും അവർ പ്രതിഷേധിക്കും. എന്നാൽ അവർക്കെതിരെ സർക്കാർ കർശന നടപടിയെടുക്കും- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കുടിയൊഴിപ്പിക്കൽ നടപടിയിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തി. ബിജെപി ഭരണത്തിന് കീഴിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് പ്രതിപക്ഷ പാർട്ടിയായ അസം ദേശീയ പരിഷത്ത് അധ്യക്ഷൻ ലുറിൻജ്യോതി ഗൊഗോയ് പറഞ്ഞു. 'സ്ത്രീകൾക്ക് ഇങ്ങനെ പ്രതിഷേധിക്കേണ്ടിവന്നത് അങ്ങേയറ്റം സങ്കടകരമാണ്. ആദ്യമായാണ് നമ്മുടെ സംസ്ഥാനത്ത് സ്ത്രീകൾക്ക് വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിക്കേണ്ടി വരുന്നത്'- അദ്ദേഹം വിശദമാക്കി.
തങ്ങളുടെ പ്രശ്‌നങ്ങളോട് സർക്കാർ മുഖം തിരിച്ചിരിക്കുന്നതിനാലാണ് പ്രതിഷേധം രേഖപ്പെടുത്താൻ സ്ത്രീകൾക്ക് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടിവന്നതെന്ന് ആം ആദ്മി പാർട്ടി യുവജനവിഭാഗം പ്രസിഡന്റ് രുദ്രങ്കുർ ഹസാരിക പറഞ്ഞു. ജനങ്ങളുടെ ഒരു പ്രശ്‌നവും പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടാൻ സ്ത്രീകൾക്ക് വേറെ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെ അപലപിച്ച അസം തൃണമൂൽ കോൺഗ്രസ് വക്താവ് ദിലീപ് ശർമ, ആദിമ ജനതയുടെ ഭൂമി സംരക്ഷിക്കുന്നതിനെക്കുറിച്ചാണ് ബിജെപി സംസാരിച്ചത്. ഇപ്പോൾ, അസമീസ് സ്ത്രീകൾ സർക്കാരിനെതിരെ പ്രതിഷേധിക്കാൻ നിർബന്ധിതരാവുകയാണ് എന്നും പറഞ്ഞു.
Adjust Story Font
16