ലാൻഡ് ജിഹാദ് അനുവദിക്കില്ല, മഖ്ബറകൾ തകർക്കും- ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ബിജെപി സർക്കാർ ആരെയും ഉപദ്രവിക്കില്ലെന്നും ഒരു സമുദായത്തെയും പ്രീണിപ്പിക്കാൻ അനുവദിക്കില്ലെന്നും ധാമി അഭിപ്രായപ്പെട്ടു.
ഡെറാഡൂൺ: സംസ്ഥാനത്ത് ലാൻഡ് ജിഹാദ് അനുവദിക്കില്ലെന്നും മഖ്ബറകൾ (ശവകുടീരങ്ങൾ) പൊളിക്കുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. അനധികൃതമായി നിർമിച്ച മഖ്ബറകളടക്കമുള്ള എല്ലാ നിർമിതികളും പൊളിച്ചുനീക്കും.
ഇത്തരം അനധികൃത നിർമിതികളുള്ള ആയിരത്തിലധികം സ്ഥലങ്ങൾ സർക്കാർ കണ്ടെത്തിയിട്ടുണ്ടെന്നും നൈനിതാൽ ജില്ലയിലെ കലധുങ്കിയിൽ നടന്ന ഒരു പരിപാടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
"ഞങ്ങൾ ആർക്കും എതിരല്ല. എന്നാൽ ഇവിടെ ഒരിടത്തും നിർബന്ധിത അധിനിവേശം അനുവദിക്കില്ല. ലാൻഡ് ജിഹാദ് എവിടെയും തുടരാൻ ഞങ്ങൾ അനുവദിക്കില്ല"- മുഖ്യമന്ത്രി പറഞ്ഞു. ബിജെപി സർക്കാർ ആരെയും ഉപദ്രവിക്കില്ലെന്നും ഒരു സമുദായത്തെയും പ്രീണിപ്പിക്കാൻ അനുവദിക്കില്ലെന്നും ധാമി അഭിപ്രായപ്പെട്ടു.
"ഞങ്ങൾ നിയമത്തിൽ വിശ്വസിക്കുന്നവരായതിനാൽ ആരെയും ദ്രോഹിക്കുന്ന ഒരു കാര്യവും ചെയ്യില്ല. എന്നാൽ ആരെയും പ്രീണിപ്പിക്കാനും ഞങ്ങൾ അനുവദിക്കില്ല. പ്രീണനം തടയാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കും"- ധാമി പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുന്നതിന് പുറമെ, സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനം തടയാൻ കർശന നിയമം നടപ്പിലാക്കിയിട്ടുണ്ടെന്നും ധാമി കൂട്ടിച്ചേർത്തു.
നിർബന്ധിത മതപരിവർത്തനത്തിനും രണ്ടോ അതിലധികമോ ആളുകളുടെ മതപരിവർത്തനത്തെ കൂട്ട മതപരിവർത്തനമായി കണക്കാക്കിയും ശിക്ഷ വർധിപ്പിച്ച് സംസ്ഥാനത്തെ മതപരിവർത്തന വിരുദ്ധ നിയമം കൂടുതൽ കർശനമാക്കാനുള്ള ഭേദഗതി ബിൽ അടുത്തിടെ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ, വനംവകുപ്പ് ഉദ്യോഗസ്ഥർ അനധികൃത നിർമിതികളെന്നാരോപിച്ച് ഡെറാഡൂൺ ഫോറസ്റ്റ് ഡിവിഷനിലെ 15 മഖ്ബറകൾ തകർത്തിരുന്നു. വകുപ്പുതല സർവേ പ്രകാരം സംസ്ഥാനത്തെ സംരക്ഷിത വനങ്ങളിൽ ഏകദേശം 293 മതപരമായ ഘടനകൾ ഉയർന്നുവന്നിട്ടുണ്ടെന്നാണ് മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ആരോപണം.
Adjust Story Font
16