'തെളിവെടുപ്പ് നടത്തിയത് ബ്രിജ് ഭൂഷന്റെ സാന്നിധ്യത്തിൽ': ഡൽഹി പൊലീസിനെതിരെ ഗുസ്തി താരങ്ങൾ
"തെളിവെടുപ്പ് സമയത്ത് ബ്രിജ്ഭൂഷൺ സ്ഥലത്ത് ഇല്ലെന്നാണ് പോലീസ് അറിയിച്ചിരുന്നത്, എന്നാൽ ഓഫീസിൻ്റെ സമീപത്തുള്ള ഔദ്യോഗിക വസതിയിൽ ബ്രിജ്ഭൂഷൺ ഉണ്ടായിരുന്നു"
ന്യൂഡൽഹി: ബ്രിജ് ഭൂഷണെതിരായ ലൈംഗിക പീഡന പരാതി അന്വേഷണത്തിൽ ഡൽഹി പോലീസിന് എതിരെ കായിക താരങ്ങൾ. ബ്രിജ്ഭൂഷണിന്റെ സാന്നിധ്യത്തിൽ നടത്തിയ തെളിവെടുപ്പ് മാനസിക സമ്മര്‍ദമുണ്ടാക്കിയെന്നാണ് പരാതി. തുടർ സമരപരിപാടികള്‍ ഇന്ന് നടക്കുന്ന മഹാപഞ്ചായത്തിൽ ചർച്ച ചെയ്യുമെന്ന് ഗുസ്തി താരങ്ങൾ അറിയിച്ചു.
ഇന്നലെ ഉച്ചയോടെ ആണ് ഡൽഹി അശോക റോഡിലെ ഗുസ്തി ഫെഡറേഷന് ആസ്ഥാനത്ത് പരാതിക്കാരിയായ ഗുസ്തി താരവുമായി പൊലീസ് തെളിവെടുപ്പിന് എത്തിയത്. 2019ൽ ഇവിടെ വെച്ച് ബ്രിജ്ഭൂഷണ് ലൈംഗികാതിക്രമത്തിന് മുതിർന്നെന്നാണ് താരം നൽകിയ പരാതി. തെളിവെടുപ്പ് സമയത്ത് ബ്രിജ്ഭൂഷണ് സ്ഥലത്ത് ഇല്ലെന്നാണ് പോലീസ് അറിയിച്ചിരുന്നത്. എന്നാൽ ഓഫീസിൻ്റെ സമീപത്തുള്ള ഔദ്യോഗിക വസതിയിൽ ബ്രിജ്ഭൂഷണ് ഉണ്ടായിരുന്നു എന്ന് താരം ആരോപിച്ചു. ഇത് തെളിവെടുപ്പിനെ ബാധിക്കുന്ന തരത്തിൽ തനിക്ക് മാനസിക ബുദ്ധിമുട്ട് സൃഷ്ടിച്ചു എന്നും പരാതിക്കാരി വെളിപ്പെടുത്തി.
ബ്രിജ്ഭൂഷണിൻ്റെ സാന്നിധ്യത്തിൽ തെളിവെടുപ്പ് നടത്തിയ ഡൽഹി പോലീസ് നടപടിക്ക് എതിരെ സാക്ഷി മാലിക് ഉൾപ്പടെയുള്ള മറ്റ് ഗുസ്തി താരങ്ങൾ ഇന്നലെ രംഗത്ത് എത്തിയിരുന്നു. ഡൽഹി പോലീസ് നടപടിയിൽ അന്വേഷണം വേണമെന്നു ത്രിണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെ ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയോട് ആവശ്യപ്പെട്ടു.
ബ്രിജ്ഭൂഷണെതിരെയുള്ള പരാതി വ്യാജമാണെന്ന മൊഴി മാറ്റം കുടുംബത്തിന് നേരെയുള്ള ഭീഷണികൾ ആവർത്തിക്കുന്നതിനാലാണെന്ന് പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിൻ്റെ പിതാവ് ഇന്നലെ തന്നെ വെളിപ്പെടുത്തിയിരുന്നു. കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയിലെ വിശദാംശങ്ങൾ തങ്ങളെ പിന്തുണയ്ക്കുന്നവരോട് ഹരിയാനയിലെ സോനിപത്തിൽ വെച്ച് നടക്കുന്ന മഹാ പഞ്ചായത്തിൽ വിശദീകരിക്കുമെന്ന് ഗുസ്തി താരം ബജ്രംഗ് പൂനിയ വ്യക്തമാക്കി.
അന്വേഷണം തനിക്ക് അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് കേസിലെ പ്രതിയായ ബ്രിജ്ഭൂഷൺ. നാളെ ഗോണ്ടയിൽ വെച്ച് നടക്കുന്ന നരേന്ദ്ര മോദി സർക്കാരിൻ്റെ ഒമ്പതാം വാർഷികത്തിൻ്റെ ഭാഗമായ റാലി തൻ്റെ ശക്തി പ്രകടനമാക്കി മാറ്റാൻ ആണ് ബ്രിജ്ഭൂഷണിൻ്റെ ശ്രമം.
Adjust Story Font
16