നടപടിയെടുക്കാന്‍ ജൂൺ 15 വരെ സമയം അനുവദിച്ചു; ബ്രിജ് ഭൂഷണെതിരായ സമരം താത്ക്കാലികമായി അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍
തീരുമാനമായില്ലെങ്കില്‍ സമരം പുനരാംഭിക്കുമെന്ന് സാക്ഷി മാലിക്ക്
ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന് അധ്യക്ഷൻ ബ്രിജ്ഭൂഷണ് എതിരെ നടപടി സ്വീകരിക്കാൻ ജൂൺ 15 വരെ കേന്ദ്ര സർക്കാരിന് സമയം അനുവദിച്ച് ഗുസ്തി താരങ്ങൾ. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, ബജ്രംഗ് പൂനിയ എന്നിവർ നടത്തിയ ചർച്ചയിൽ ആണ് തീരുമാനം. ജൂൺ പതിനഞ്ച് വരെ സമരം ഉണ്ടാകില്ലെന്നും താരങ്ങൾ മന്ത്രിക്ക് ഉറപ്പ് നൽകി.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെ വെള്ളിയാഴ്ചയ്ക്കുള്ളിൽ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രത്യക്ഷ സമരം വീണ്ടും ആരംഭിക്കുമെന്നായിരുന്നു ഗുസ്തി താരങ്ങളുടെ പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് താരങ്ങളെ ചർച്ചയ്ക്കായി കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ തൻ്റെ വസതിയിലേക്ക് ക്ഷണിച്ചത്. ജൂൺ പതിനഞ്ചിനുള്ളിൽ പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്ന് ചർച്ചയിൽ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ താരങ്ങൾക്ക് ഉറപ്പ് നൽകി. വാക്ക് പാലിച്ചില്ലെങ്കിൽ പ്രക്ഷോഭം പുനരാരംഭിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സാക്ഷി മാലിക് വ്യക്തമാക്കി.
ബ്രിജ്ഭൂഷൺ ശരൺ സിംഗിൻ്റെ അറസ്റ്റ് ഉൾപ്പടെ അഞ്ചോളം ആവശ്യങ്ങളാണ് കൂടിക്കാഴ്ചയിൽ താരങ്ങൾ മന്ത്രിക്ക് മുൻപിൽ വെച്ചത്. ഗുസ്തി ഫെഡറേഷന് തെരഞ്ഞെടുപ്പ് ഈ മാസത്തിനുള്ളിൽ തന്നെ നടത്തുകയും അത് വരെ നിർവഹണ ചുമതലയുള്ള അഡ്ഹോക്ക് കമ്മിറ്റിയിലേക്ക് രണ്ട് വനിതാ കോച്ചുമാരെ ഉൾപ്പെടുത്തണം എന്നുമുള്ള താരങ്ങളുടെ ആവശ്യം മന്ത്രി അംഗീകരിച്ചു. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബ്രിജ്ഭൂഷണുമായി ബന്ധമുള്ള ആരും അധികാര സ്ഥാനങ്ങളിലേക്ക് മത്സരിക്കരുതെന്ന ആവശ്യവും താരങ്ങൾ ചർച്ചയിൽ മുന്നോട്ട് വെച്ചു. ആഭ്യന്തര പരാതി പരിഹാര സെല്ലിൻ്റെ ചുമതല രണ്ട് വനിതകൾക്ക് ആകുമെങ്കിലും ഗുസ്തി ഫെഡറേഷന് അധ്യക്ഷ വനിതയാകണമെന്ന താരങ്ങളുടെ ആവശ്യത്തെ കേന്ദ്ര സർക്കാർ തള്ളി.
രാവിലെ പതിനൊന്നരയോടെ ആരംഭിച്ച ചർച്ച വൈകീട്ട് അഞ്ചരയ്ക്കാണ് പൂർത്തിയായത്. അനുവദിച്ച സമയത്തിന് ഉള്ളിൽ അന്വേഷണം പൂർത്തിയാക്കി ബ്രിജ്ഭൂഷണ് എതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമരം തുടരുമെന്ന മുന്നറിയിപ്പോടെയാണ് താരങ്ങൾ മടങ്ങിയത്.
Adjust Story Font
16