'300 വാക്കിൽ ഉപന്യാസം എഴുതുക'; മദ്യപിച്ച് കാറോടിച്ച് ബൈക്ക് യാത്രികരെ കൊന്ന 17കാരന് വിചിത്ര ഉപാധിയോടെ ജാമ്യം നൽകി കോടതി
മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ഓടിച്ച പോർഷെ കാർ 24കാരായ ടെക്കികൾ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.
പൂനെ: മദ്യപിച്ച് ഓടിച്ച അത്യാഡംബര കാർ ബൈക്കിലിടിപ്പിച്ച് ടെക്കികളായ രണ്ട് പേരെ കൊന്ന 17കാരന് നിസാര വ്യവസ്ഥയോടെ മണിക്കൂറുകൾക്കുള്ളിൽ ജാമ്യം അനുവദിച്ച് കോടതി. പൂനെയിലെ കൊറേഗാവ് പാർക്കിനടുത്ത് ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ഇരുചക്ര വാഹനയാത്രികരായ യുവതികിക്കും യുവാവിനുമാണ് ജീവൻ നഷ്ടമായത്. 300 വാക്കിൽ ഉപന്യാസമെഴുതണം എന്ന വിചിത്ര ഉപാധിയോടെയാണ് അമിതവേഗത്തിൽ പോർഷെ കാറോടിച്ച കൗമാരക്കാരന് ജുവനൈൽ കോടതി ജാമ്യം അനുവദിച്ചത്.
ജാമ്യം നിഷേധിക്കാൻ പര്യാപ്തമായ കുറ്റകൃത്യമല്ലെന്ന് കണ്ടെത്തിയാണ് കോടതി ജാമ്യം അനുവദിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. പ്രായപൂർത്തിയാവാത്തയാളെ അറസ്റ്റ് ചെയ്ത് 14 മണിക്കൂറിനുള്ളിലാണ് കോടതി ജാമ്യം നൽകിയത്. അപകടങ്ങളെക്കുറിച്ച് ഉപന്യാസം എഴുതുക, 15 ദിവസം യെരവാഡയിലെ ട്രാഫിക് പൊലീസിനൊപ്പം നിൽക്കുക, മദ്യപാനം ഉപേക്ഷിക്കാൻ ചികിത്സ നേടുക, മാനസികാരോഗ്യ കൗൺസിലിങ്ങിന് വിധേയമാവുക എന്നിവയാണ് കൗമാരക്കാരൻ്റെ ജാമ്യ വ്യവസ്ഥകൾ.
പ്രശസ്ത ബിൽഡറുടെ മകനായ 17കാരൻ ഓടിച്ചിരുന്ന പോർഷെ അനീഷ് അവാധ്യ, അശ്വിനി കോസ്റ്റ എന്നിവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അശ്വിനി സംഭവസ്ഥലത്തും അവാധ്യ ആശുപത്രിയിൽ വച്ചും മരിച്ചു. പൂനെയിൽ ജോലി ചെയ്യുന്ന ഇരുവരും മധ്യപ്രദേശ് സ്വദേശികളും എൻജിനീയർമാരുമാണ്. പുലർച്ചെ 2.15നാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ഓടിച്ച പോർഷെ കാർ 24കാരായ അനീഷ് അവാധ്യയും അശ്വിനിയും സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അശ്വിനി 20 അടി ഉയരത്തിലേക്കും അനീഷ് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിനു മുകളിലേക്കും തെറിച്ചുപോയെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. പോർഷെയിൽ മൂന്ന് പേരുണ്ടായിരുന്നുവെന്നും എന്നാൽ അപകട ശേഷം ഇവരിൽ ഒരാൾ ഓടി രക്ഷപ്പെട്ടതായും ദൃക്‌സാക്ഷികളിലൊരാൾ പറഞ്ഞു. കാറിലുണ്ടായിരുന്ന മൂന്ന് പേരും മദ്യപിച്ചിരുന്നതായും ദൃക്‌സാക്ഷികൾ വ്യക്തമാക്കി.
സംഭവത്തിൽ ഐപിസി, മോട്ടോർ വെഹിക്കിൾ ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം അമിതവേഗം, അശ്രദ്ധ മൂലം മരണം ഉണ്ടാക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി യെരവാഡ പൊലീസാണ് 17കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കൂടാതെ പ്രായപൂർത്തിയാവാത്തയാൾക്ക് മദ്യം വിളമ്പിയ പബ്ബിനെതിരെയും കേസെടുത്തതായി പൂനെ സിറ്റി പൊലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു. 17കാരന്റെ പിതാവിൻ്റെ പേരിലാണ് അപകടമുണ്ടാക്കിയ പോർഷെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
'പ്രതിയായ ആൺകുട്ടിക്കെതിരെ ഐപിസി 304 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. 17കാരനെ പ്രായപൂർത്തിയായ ആളായി വിചാരണ ചെയ്യണമെന്ന് അപേക്ഷ നൽകിയില്ലെങ്കിലും കോടതി അനുമതി നിഷേധിച്ചു. ഉത്തരവിനെതിരെ പൊലീസ് ജില്ലാ കോടതിയിൽ അപ്പീൽ നൽകും'- അദ്ദേഹം പറഞ്ഞു.
വണ്ടിയോടിച്ച 17കാരന്റെ പിതാവിനെതിരെയും മദ്യം നൽകിയ ആൾക്കെതിരെയും പ്രത്യേകമായി കേസെടുത്തിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75, 77 എന്നിവ പ്രകാരമാണ് ഇരുവർക്കെതിരെ കേസെടുത്ത്. കൗമാരക്കാരൻ മദ്യപിച്ചിരുന്നു. അതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിൽ മദ്യപിക്കുന്നത് വ്യക്തമായി കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കാർ കൗമാരക്കാരന്റെ പിതാവിൻ്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്തുകൊണ്ട് നമ്പർ പ്ലേറ്റ് ഇല്ലായിരുന്നുവെന്നും എത്ര കാലം താൽക്കാലിക നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നുവെന്നും ഞങ്ങൾ അന്വേഷിക്കുന്നുണ്ട്'- അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16