Quantcast

വ്യാജ വാർത്തകളെ പൊളിച്ചടുക്കുന്ന മുഹമ്മദ് സുബൈർ ഐ.ടി നിയമം ലംഘിക്കുന്നുവെന്ന് ഡൽഹി പൊലീസ്

അക്കൗണ്ട് മരവിപ്പിക്കണമെന്നും ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നും എക്സിനോട് പൊലീസ് ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    13 Jun 2024 1:03 PM GMT

Mohammed Zubair,alt news,it act
X

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകനും ഫാക്ട് ചെക്കറുമായ മുഹമ്മദ് സുബൈറിന്റെ അക്കൗണ്ട് മരവിപ്പിക്കണമെന്നും ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസി​ന്റെ നോട്ടീസ് ലഭിച്ചതായി എക്സ്. ഇതുസംബന്ധിച്ച് എക്സിൽ നിന്ന് ലഭിച്ച ഇ മെയിൽ സു​ബൈർ തന്നെ പുറത്തുവിട്ടു.

സംഘ്പരിവാർ പ്രൊഫൈലുകളിൽ നിന്ന് പ്രചരിപ്പിക്കുന്നതടക്കമുള്ള വ്യാജ വാർത്തകളെ പൊളിച്ചടുക്കുന്ന പോസ്റ്റുകളായിരുന്നു Alt News-ൻ്റെ സഹസ്ഥാപകൻ കൂടിയായ സ​ുബൈറിന്റെ ട്വിറ്റർ അക്കൗണ്ടിലേറെയും. എക്സിൽ അദ്ദേഹത്തിനെ 1.1 ദശലക്ഷം ആളുകളാണ് പിന്തുടരുന്നത്.

സുബൈർ പോസ്റ്റ് ചെയ്ത ട്വീറ്റിൽ എക്സിൽ നിന്ന് വന്ന മെയിലിന്റെ സ്ക്രീൻ ഷോട്ടും പങ്കുവെച്ചിട്ടുണ്ട്. താങ്കളുടെ അക്കൗണ്ട് ഇന്ത്യയുടെ വിവരസാങ്കേതിക നിയമം ലംഘിക്കുന്നതായി പൊലീസ് അവകാശപ്പെടുന്നു. എന്നാൽ പൊലീസ് റിപ്പോർട്ട് ചെയ്ത ഉള്ളടക്കത്തിൽ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് എക്സ് വ്യക്തമാക്കി.

1983 ൽ റിലീസായി ഹിന്ദി സിനിമയിലെ സ്ക്രീൻഷോട്ട് 2018ൽ ഷെയർ ചെയ്തതിന് ‘മതവികാരം വ്രണപ്പെടുത്തുന്നു’ എന്ന അവകാശപ്പെട്ട് 2022 ൽ അദ്ദേഹത്തെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുപ്രിംകോടതി ജാമ്യം അനുവദിക്കുന്നത് വരെ തടവിലായിരുന്ന കാലയളവിൽ ആറ് കേസുകളാണ് അദ്ദേഹത്തിനെതിരെ പൊലീസ് ചുമത്തിയത്.

കർഷകസമരത്തിലടക്കം കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരുടെ ഉള്ളടക്കങ്ങൾ പിൻവലിക്കാൻ​ മോദി സർക്കാർ ട്വിറ്ററിനെ സമീപിച്ചതായി സ്ഥാപകനും ഉടമയുമായ ജാക്ക് ഡോർസി മുമ്പ് വെളിപ്പെടുത്തിയിരുന്നു. ട്വിറ്റർ അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും, ഇന്ത്യയിലെ ജീവനക്കാരുടെ വീടുകളിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ട്വിറ്ററിനെ ഇലോൺ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ എക്സ് എന്ന പേരിലാണ് അറിയ​പ്പെടുന്നത്.

TAGS :

Next Story