സ്റ്റാൻ സ്വാമിയെ കൊലപ്പെടുത്തിയത് ആരെന്ന് എല്ലാവർക്കുമറിയാം: യശ്വന്ത് സിൻഹ
സ്റ്റാൻ സ്വാമിയുടെ മരണത്തിന് ഉത്തരവാദി എൻ.ഐ.എയും അവർക്ക് നിർദേശങ്ങൾ നൽകുന്ന ബി.ജെ.പി നേതാക്കളുമാണെന്ന് ദി വയർ എഡിറ്റർ സിദ്ധാർഥ് വരദരാജൻ
പൗരാവകാശ പ്രവർത്തകൻ സ്റ്റാൻ സ്വാമിയുടെ മരണം കൊലപാതകമാണെന്നും അതിനു പിന്നിലെ ഉത്തരവാദി ആരെന്നും എല്ലാവർക്കുമറിയാമെന്ന് മുൻ വിദേശകാര്യമന്ത്രി യശ്വന്ത് സിൻഹ. 'കണ്ണീരോടെ സ്റ്റാൻ സ്വാമിക്ക് വിട; അദ്ദേഹത്തിന്റെ മരണം കൊലപാതകമാണ്. ആരാണ് ഉത്തരവാദി എന്ന് നമുക്കെല്ലാം അറിയാം.' - തൃണമൂൽ കോൺഗ്രസ് ദേശീയ വൈസ് പ്രസിഡണ്ടായ യശ്വന്ത് സിൻഹ ട്വീറ്റ് ചെയ്തു.
സ്റ്റാൻ സ്വാമിയുടെ മരണത്തിൽ അഗാധമായ വേദനയും കോപവുമുണ്ടെന്ന് സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
'ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ അഗാധമായ വേദനയും കോപവും തോന്നുന്നു. ജെസ്യൂട്ട് പുരോഹിതനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന അദ്ദേഹം പാർശ്വവൽകൃതരെ അക്ഷീണം സഹായിച്ചയാളാണ്. ഒരു കുറ്റവും ചുമത്താതെയാണ് 2020 ഒക്ടോബർ മുതൽ അദ്ദേഹത്തെ യു.എ.പി.എ എന്ന ക്രൂരനിയമം പ്രകാരം കസ്റ്റഡിയിൽ വെക്കുകയും മനുഷ്യവിരുദ്ധമായ രീതിയിൽ പെരുമാറുകയും ചെയ്തത്. കസ്റ്റഡിയിൽ സംഭവിച്ച ഈ സംഭവത്തിന് ഉത്തരവാദി ആരാണെന്നു കണ്ടെത്തണം.'
സ്റ്റാൻ സ്വാമിയുടെ മരണത്തിന് ഉത്തരവാദി എൻ.ഐ.എയും അവർക്ക് നിർദേശങ്ങൾ നൽകുന്ന ബി.ജെ.പി നേതാക്കളുമാണെന്ന് ദി വയർ എഡിറ്റർ സിദ്ധാർഥ് വരദരാജൻ ആരോപിച്ചു. 'ഏതെങ്കിലുമൊരു മരണം പ്രവചിക്കപ്പെട്ടിട്ടുണ്ടായിരുന്നെങ്കിൽ അത് സ്റ്റാൻ സ്വാമിയുടേതായിരുന്നു. എൻ.ഐ.എക്ക് അതറിയാമായിരുന്നു. അവർക്ക് നിർദേശം നൽകുന്ന ബി.ജെ.പി നേതാക്കൾക്കും അറിയാമായിരുന്നു. മറ്റുള്ളവർക്കും. എല്ലാവരും ദുഷ്‌കീർത്തിക്കു പാത്രമായി പതിച്ചുപോകും. പക്ഷേ, അവർ ധീരതാ മെഡലുകൾക്കും പത്മഭൂഷണുകൾക്കും വേണ്ടി തങ്ങളാലാവും വിധം അവർ അപേക്ഷിക്കും...'
Adjust Story Font
16