Quantcast

മോദിയുമായുള്ള ചർച്ച പൂർത്തിയായി; 45 മന്ത്രിമാരുമായി യോഗി നാളെ അധികാരമേൽക്കും

മന്ത്രിസഭാംഗങ്ങളുടെ പേരുകൾ സംബന്ധിച്ച അഭിപ്രായവ്യത്യാസമാണ് സത്യപ്രതിജ്ഞ നീട്ടിവെക്കാൻ കാരണമായതെന്ന വാർത്ത പാർട്ടി തള്ളിക്കളഞ്ഞു

MediaOne Logo

Web Desk

  • Published:

    24 March 2022 7:03 AM GMT

മോദിയുമായുള്ള ചർച്ച പൂർത്തിയായി;  45 മന്ത്രിമാരുമായി യോഗി നാളെ അധികാരമേൽക്കും
X

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ച പൂർത്തിയായതോടെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് നാളെ അധികാരമേൽക്കും. 45 ഓളം മന്ത്രിമാരാണ് മന്ത്രിസഭയിലുണ്ടാകുക. മോദിക്ക് പുറമെ അമിത് ഷാ, ജെ.പി നഡ്ഡ എന്നിവരടങ്ങുന്ന കേന്ദ്രനേതൃത്വവുമായി മണിക്കൂറുകൾ നീണ്ട ചർച്ചക്ക് ശേഷമാണ് മന്ത്രിസഭാംഗങ്ങളെ തീരുമാനിച്ചത്.

മന്ത്രിസഭാംഗങ്ങളുടെ പേരുകൾ സംബന്ധിച്ച അഭിപ്രായവ്യത്യാസമാണ് സത്യപ്രതിജ്ഞ നീട്ടിവെക്കാൻ കാരണമായതെന്ന വാർത്ത പാർട്ടി തള്ളിക്കളഞ്ഞു. യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാബിനറ്റ് പേരുകളിൽ പൂർണ യോജിപ്പിലാണെന്നും വ്യക്തമാക്കി. എന്നാൽ ഉപമുഖ്യമന്ത്രിമാരുടെ പേരുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ തവണയുണ്ടായിരുന്ന കേശവ് മൗര്യയും ദിനേഷ് ശർമയും തുടരുമോയെന്നതിൽ വ്യക്തതയില്ല. പാർട്ടിയുടെ പ്രധാന ഒബിസി മുഖമായിരുന്ന മൗര്യ സംസ്ഥാന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ ശർമ മത്സരിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും ഉത്തരാഖണ്ഡിൽ പുഷ്‌കർ സിങ് ധാമിയെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിച്ച കേന്ദ്രനേതൃത്വം തനിക്കും അവസരം നൽകുമെന്ന പ്രതീക്ഷയിലാണ് മൗര്യ.

ബിജെപി എല്ലാ സമുദായങ്ങളുടെ സ്വഭാവിക പാർട്ടിയായതിനാൽ എല്ലാവർക്കും മന്ത്രിസഭയിൽ ആനുപാതികമായ പ്രാതിനിധ്യം ലഭിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. ഒബിസി, എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യമുണ്ടാകുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. വനിതകളും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളും മന്ത്രിപദവിയിലെത്തും. പിന്നീടും മന്ത്രിസഭ വികസിപ്പിക്കാനും സാധ്യതയുണ്ട്.

25 വർഷത്തെ പ്ലാൻ നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

നാലു സംസ്ഥാനങ്ങളിൽ മികച്ച വിജയം നേടി മന്ത്രിസഭ രൂപവത്കരിക്കുന്ന ബിജെപിക്ക് അടുത്ത 25 വർഷത്തെ പ്ലാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചിരുന്നു. 2024ലെ പാർലമെൻററി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മന്ത്രിസഭകൾ രൂപവത്കരിക്കാനാണ് പ്രധാന നിർദേശം നൽകിയിരുന്നത്. എസ്സി, എസ്ടി, ഒബിസി തുടങ്ങിയ വിവിധ ജാതി, മത വിഭാഗങ്ങൾ, യുവാക്കൾ, വനിതകൾ, വിദ്യാസമ്പന്നർ എന്നിവർക്ക് പ്രാതിനിധ്യം നൽകിയാകും മന്ത്രിസഭകൾ അധികാരമേൽക്കുകയെന്നും വ്യക്തമാക്കിയിരുന്നു. അടുത്ത 25 വർഷം രാജ്യത്തിനും ബിജെപിക്ക് നേതൃത്വം നൽകുന്നതിൽ യുവജനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നാണ് നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. തങ്ങളുടെ മണ്ഡലപരിധിയിൽ പാർട്ടിക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാനാകാതിരുന്ന നൂറു പോളിങ് ബൂത്തുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ബിജെപി എംപിമാർക്ക് പ്രത്യേക നിർദേശം നൽകിയിരിക്കുകയാണ്.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ മന്ത്രിസഭ രൂപവത്കരിക്കാനായി നിരവധി യോഗങ്ങളാണ് നരേന്ദ്രമോദിയും ഇതര മുതിർന്ന ബിജെപി നേതാക്കളും ചേർന്നിരിക്കുന്നത്.

ബിജെപിക്ക് 41.06%, കോൺഗ്രസിന് വെറും 2.33%; യുപിയിലെ വോട്ട് ഓഹരിയിങ്ങനെ

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ സീറ്റു കുറഞ്ഞെങ്കിലും ബിജെപി വോട്ടുവിഹിതം ഉയർത്തിയിരുന്നു. 255 സീറ്റു നേടിയ ബിജെപി 41.06 ശതമാനം വോട്ടാണ് സ്വന്തമാക്കിയത്. 2017ൽ 39 ശതമാനം വോട്ടു വിഹിതത്തിൽ 312 സീറ്റാണ് ബിജെപി നേടിയിരുന്നത്. അമ്പത്തിയേഴ് സീറ്റുകളുടെ കുറവുണ്ടെങ്കിലും രണ്ടു ശതമാനത്തിലേറെ അധികം വോട്ടാണ് ഇത്തവണ ബിജെപിക്കു കിട്ടിയത്. ചരിത്രത്തിൽ ആദ്യമായാണ് ബിജെപിക്ക് സംസ്ഥാനത്ത് ഇത്രയും കൂടുതൽ വോട്ടുവിഹിതം ലഭിക്കുന്നത്.111 സീറ്റു നേടിയ എസ്പി 32 ശതമാനം വോട്ടു നേടി. 2017ലേതിനേക്കാൾ പത്തു ശതമാനം അധികം വോട്ടാണ് അഖിലേഷ് യാദവിന്റെ പാർട്ടി പിടിച്ചത്. 2012ൽ 224 സീറ്റു നേടി അധികാരത്തിലെത്തിയ വേളയിൽ പോലും എസ്പിക്ക് ഇത്രയും വോട്ടുവിഹിതമുണ്ടായിരുന്നില്ല. മുസ്ലിം-യാദവ വോട്ടുകളുടെ ഏകീകരണം എസ്പിക്ക് ഗുണകരമായി എന്നാണ് വിലയിരുത്തൽ.

പ്രചാരണഘട്ടം മുതൽ ചിത്രത്തിലില്ലാതിരുന്ന ബിഎസ്പി 12.7 ശതമാനം വോട്ടു മാത്രമാണ് നേടിയത്. 2017ലെ 22.2 ശതമാനത്തിൽ നിന്നാണ് മായാവതിയുടെ പാർട്ടിയുടെ വീഴ്ച. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ പ്രചാരണങ്ങൾക്കു ശേഷവും 2.33 ശതമാനം മാത്രമാണ് കോൺഗ്രസിന്റെ വോട്ടുവിഹിതം. 2017ൽ കോൺഗ്രസിന് കിട്ടിയത് 6.3 ശതമാനം വോട്ടാണ്. സീറ്റുകളുടെ എണ്ണം ഏഴിൽ നിന്ന് രണ്ടായി ചുരുങ്ങുകയും ചെയ്തു. ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദൾ 2.85 ശതമാനം വോട്ടു നേടി. പടിഞ്ഞാറൻ യുപിയിൽ സ്വാധീനമുള്ള പാർട്ടി എട്ടു സീറ്റാണ് സ്വന്തമാക്കിയത്.

Yogi Adityanath will take over as the Chief Minister of Uttar Pradesh tomorrow after concluding talks with Prime Minister Narendra Modi. The cabinet will have about 45 ministers

TAGS :

Next Story