'സോഷ്യലിസവും മതേതരത്വവുമൊക്കെ എഴുതിച്ചേർത്ത് കോൺഗ്രസ് ഭരണഘടന നശിപ്പിച്ചു' - യോഗി
"കോൺഗ്രസ് നശിപ്പിച്ച ഭരണഘടനയുടെ അന്തഃസത്ത തിരിച്ചുപിടിച്ചത് ബിജെപി സർക്കാരാണ്"
ലഖ്‌നൗ: സോഷ്യലിസവും മതേതരത്വവുമൊക്കെ എഴുതിച്ചേർത്ത് കോൺഗ്രസ് ഭരണഘടന നശിപ്പിച്ചെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടിയന്തരാവസ്ഥക്കാലത്താണ് കോൺഗ്രസ് ആമുഖം തിരുത്തിയതെന്നും അംബേദ്കർ രൂപകല്പന ചെയ്ത ഭരണഘടനയിൽ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ ഇല്ലായിരുന്നെന്നും യോഗി പറയുന്നു. അലഹബാദ് സർവകലാശാലയിലെ ഗ്രാജ്വേഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന തിരുത്താൻ ബിജെപി ശ്രമിക്കുന്നുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് പരോക്ഷ മറുപടിയായാണ് യോഗി സംസാരിച്ചത്. ഭരണഘടനയുടെ രക്ഷകരെന്ന തരത്തിൽ സ്വയം കരുതുന്നവർ തന്നെയാണ് മതേതരത്വവും സോഷ്യലിസവുമൊക്കെ എഴുതിച്ചേർത്ത് അതിന്റെ അന്തഃസത്ത കളഞ്ഞതെന്നാണ് യോഗിയുടെ വിമർശനം. ലോക്‌സഭ പിരിച്ചുവിട്ട്, ജുഡീഷ്യറിയുടെ അധികാരം എടുത്തുകളഞ്ഞ സമയത്ത് ഈ വാക്കുകൾ എഴുതിച്ചേർക്കുകയായിരുന്നുവെന്നും യോഗി പറയുന്നു.
ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ 75ാം വാർഷികാഘോഷ വേളയിലും ഇതേ വാദം യോഗി ആവർത്തിച്ചിരുന്നു. ജനങ്ങൾക്ക് ഭരണഘടനയിലുള്ള വിശ്വാസം കോൺഗ്രസ് നശിപ്പിച്ചെന്നായിരുന്നു യോഗിയുടെ വിമർശനം.
'ജാതിമത വേർതിരിവുകളില്ലാതെ എല്ലാവർക്കും തുല്യഅവകാശം ഉറപ്പ് വരുത്തുന്നുണ്ട് ഭരണഘടന. അതായിരുന്നു അംബേദ്കറിന്റെ ലക്ഷ്യവും. കോൺഗ്രസിന്റെ ഏകാധിപത്യ, ഫാസിസ്റ്റ് സമീപനം 1975ലെന്ന പോലെ ഇന്നുമുണ്ട്. ഭരഘടനാമൂല്യങ്ങളെ വിലകുറച്ച് കാണുന്ന കോൺഗ്രസ്, അരികുവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങളെ എന്നും എതിർത്തിട്ടേ ഉള്ളൂ.
ലോകത്തിലെ മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, എത്രയോ മുമ്പ് തന്നെ ഇന്ത്യൻ ഭരണഘടന സ്ത്രീകൾക്ക് വോട്ടവകാശം ഉറപ്പ് വരുത്തിയിരുന്നു. ഭരണഘടനയുടെ ആ സമീപനം നാരി ശക്തി വന്ദനിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഊട്ടിയുറപ്പിച്ചു. രാജ്യത്തോട് പൗരന്മാർക്കുള്ള പ്രതിബദ്ധ ഓർമപ്പെടുത്താനാണ് അദ്ദേഹം നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചത്. പത്ത് വർഷം മുമ്പ് തന്നെ അദ്ദേഹം ഈ തീരുമാനത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു.
ഇന്ത്യയുടെ യഥാർഥ പുത്രനാണ് അംബേദ്കർ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ഭരണഘടനാ രൂപീകരണ കമ്മിറ്റി, തുല്യത, നീതി, സാഹോദര്യം എന്നീ മൂല്യങ്ങളിലൂന്നി, രാജ്യത്തിന്റെ മികച്ച ഭാവിയ്ക്കായാണ് ഭരണഘടനയ്ക്ക് രൂപം നൽകിയത്. ഭരണഘടനയ്ക്ക് രൂപം നൽകുന്നതിന് ഭരണഘടനാ അസംബ്ലി വഹിച്ച പങ്ക് ചെറുതല്ല. ഭരണഘടനാമൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ ആ ചർച്ചകളിൽ നിന്ന് നാം പാഠമുൾക്കൊള്ളണം. ഭരണഘടനാമൂല്യങ്ങളാണ് അതിന്റെ നട്ടെല്ല്.
എന്നാൽ കോൺഗ്രസ് ആ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന, ഭരണഘടനയുടെ അടിസ്ഥാനഘടന മാറ്റി അതിന്റെ ശുദ്ധി നശിപ്പിക്കാൻ ശ്രമിച്ചു. ബിജെപി സർക്കാരാണ് അതിന്റെ അന്തഃസത്ത തിരിച്ചുപിടിച്ചത്. ഇത്തരത്തിൽ രാജ്യത്തെ ജനങ്ങളെ വഴിതെറ്റിക്കാൻ ശ്രമിച്ചവരെ തിരിച്ചറിയാൻ ജനം ശ്രമിക്കണം'- ഇങ്ങനെയായിരുന്നു യോഗിയുടെ വാക്കുകൾ.
ഭരണഘടനയുടെ ആമുഖം തിരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ കഴിഞ്ഞ ദിവസം സുപ്രിംകോടതി തള്ളിയ പശ്ചാത്തലത്തിലാണ് യോഗിയുടെ പരാമർശം ശ്രദ്ധേയമാകുന്നത്. ആമുഖത്തിലുള്ള സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്നായിരുന്നു ബിജെപി നേതാവ് സുബ്രബഹ്മണ്യൻ സ്വാമി, അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയ്ൻ എന്നിവരുൾപ്പെട്ട ഹരജിക്കാരുടെ ആവശ്യം.
42ാം ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും അസാധാരണ സാഹചര്യങ്ങളിലാണ് പാർലമെന്റ് ഭേദഗതി പാസാക്കിയതെന്നും ഹരജിക്കാർ വാദിച്ചിരുന്നു. എന്നാൽ പാർലമെന്റിന്റെ തീരുമാനം റദ്ദാക്കാനാവില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം.
Adjust Story Font
16