'നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാം, പക്ഷേ തർക്കിക്കരുത്'; മണിപ്പൂർ വിഷയത്തിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി അമിത് ഷാ
മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി അവകാശപ്പെട്ടു.
ന്യൂഡൽഹി: 16 മാസത്തിലേറെയായി തുടരുന്ന മണിപ്പൂർ സംഘർഷം ഇതുവരെ തടയാനാവാത്തതിൽ ബിജെപി സർക്കാരിനെതിരെ വിമർശനം ശക്തമായിരിക്കെ വിഷയവുമായി ബന്ധപ്പെട്ട ചോദ്യത്തിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അക്രമം രൂക്ഷമായ മണിപ്പൂരിൽ എൻ. ബിരേൻ സിങ് ഇപ്പോഴും മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചപ്പോഴാണ് അമിത് ഷാ തട്ടിക്കയറിയത്.
'നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാം, പക്ഷേ തർക്കിക്കാൻ നിൽക്കരുത്'- എന്നായിരുന്നു അമിത് ഷായുടെ മറുപടി. മൂന്നാം മോദി സർക്കാരിന്റെ 100ാം ദിനവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.
മണിപ്പൂരില്‍ സമാധാനം ഉറപ്പാക്കുമെന്നും മെയ്തേയ്- കുകി വിഭാഗങ്ങളുമായി സർക്കാർ ചർച്ച നടത്തുകയാണെന്നും അമിത് ഷാ പറഞ്ഞു. മണിപ്പൂരില്‍ നടക്കുന്നത് ഭീകരവാദം അല്ല, വംശീയ സംഘര്‍ഷമാണ്. സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി അവകാശപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ സന്ദർശിക്കുമോയെന്ന ചോദ്യത്തോട്, അങ്ങനെയൊന്ന് ഉണ്ടാവുകയാണെങ്കിൽ നിങ്ങളെ അറിയിക്കുമെന്നായിരുന്നു അമിത് ഷായുടെ മറുപടി. രാജ്യത്ത് ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയെന്നും ആറ് പതിറ്റാണ്ടിനിടെ ഇതാദ്യമായി രാജ്യത്ത് രാഷ്ട്രീയസ്ഥിരത മോദി സർക്കാർ കൊണ്ടുവന്നുവെന്നും അമിത് ഷാ പറഞ്ഞു. നയങ്ങളുടെ തുടർച്ച ഉണ്ടാവുന്നത് ഇപ്പോഴാണ്. രാജ്യത്ത് ഒറ്റ രാജ്യം ഒരു തെരഞ്ഞെടുപ്പ് നയം കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുകയാണെന്നും അമിത് ഷാ വിശദമാക്കി.
വഖഫ് സ്വത്തുക്കളുടെ ദുരുപയോഗം തടയാനാണ് വഖഫ് നിയമഭേദഗതി ബിൽ കൊണ്ടുവന്നത്. വരും ദിവസങ്ങളിൽ പാർലമെന്റിൽ നിയമം പാസാക്കും. അനധികൃത കുടിയേറ്റം തടയാന്‍ ഇന്ത്യ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ മതില്‍കെട്ടാന്‍ തുടങ്ങി. അടിസ്ഥാന സൗകര്യവികസനത്തിലും നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിലും സര്‍ക്കാര്‍ ഒട്ടേറെ മുന്നോട്ടുപോയെന്നും അമിത് ഷാ അവകാശപ്പെട്ടു.
Adjust Story Font
16