Quantcast

അയോധ്യയിലും വാരാണസിയിലും മാത്രമേ കാണൂ, പാർലമെന്റിൽ കാണില്ല; മോദിയെ പരിഹസിച്ച് ചിദംബരം

"വാരാണസിയിലേക്ക് പോകാനാണ് അദ്ദേഹം എല്ലാം ഒഴിവാക്കിയത്"

MediaOne Logo

Web Desk

  • Updated:

    2022-08-30 07:32:31.0

Published:

14 Dec 2021 1:20 PM GMT

അയോധ്യയിലും വാരാണസിയിലും മാത്രമേ കാണൂ, പാർലമെന്റിൽ കാണില്ല; മോദിയെ പരിഹസിച്ച് ചിദംബരം
X

ന്യൂഡൽഹി: പാർലമെന്റ് ഭീകരാക്രമണത്തിൽ രക്തസാക്ഷികളായ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആദരമർപ്പിക്കാതെ വാരാണസിയിലെ ചടങ്ങിൽ പങ്കെടുക്കാൻ പോയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോൺഗ്രസ്. പാർലമെന്റിലല്ല, അയോധ്യയിലും വാരാണസിയിലും മാത്രമേ മോദിയെ കാണാനാകൂ എന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം പരിഹസിച്ചു.

'പ്രധാനമന്ത്രിക്ക് പാർലമെന്റിനോട് അങ്ങേയറ്റത്തെ 'ആദര'മുണ്ട്. അതു കൊണ്ടാണ് അദ്ദേഹം ഡിസംബർ 13ലെ രക്തസാക്ഷിത്വ അനുസ്മരണ പരിപാടി ഒഴിവാക്കിയത്. വാരാണസിയിലേക്ക് പോകാനാണ് അദ്ദേഹം എല്ലാം ഒഴിവാക്കിയത്. അദ്ദേഹത്തെ വാരാണസി, അയോധ്യ തുടങ്ങിയ സ്ഥലങ്ങളിലേ കാണൂ. പാർലമെന്റിൽ കാണില്ല.' - മുൻ കേന്ദ്രമന്ത്രി തുറന്നടിച്ചു.

അനുസ്മരണ ദിനത്തിൽ കാശി വിശ്വനാഥ ക്ഷേത്രത്തിലെ പുതിയ ഇടനാഴി പദ്ധതി ഉദ്ഘാടനം ചെയ്യാൻ വാരാണസിയിലായിരുന്നു മോദി. ക്ഷേത്രത്തെയും ഗംഗാ നദിയെയും ബന്ധിപ്പിക്കുന്ന, ആയിരം കോടിയുടെ പദ്ധതിയാണിത്. ഉദ്ഘാടന ശേഷം ക്ഷേത്രത്തിലെ പൂജാ ചടങ്ങുകളിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. കാശി വിശ്വനാഥന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതപ്പെടുകയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.



അതിനിടെ, 2001 ഡിസംബർ 13ന് നടന്ന പാർലമെന്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർക്ക് രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ എം വെങ്കയ്യനായിഡു, ലോക്‌സഭാ സ്പീക്കർ ഓം ബിർള, കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ പുഷ്പാര്‍ച്ചന നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലാണ് ആദരമർപ്പിച്ചത്. കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ സേവനവും ത്യാഗവും എല്ലാ പൌരന്മാര്‍ക്കും പ്രചോദനമായി തുടരുമെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇരുപത് വര്‍ഷം മുമ്പ് ഭീകര സംഘടനകളായ ലഷ്കറെ ത്വയ്ബയും ജെയ്ഷെ മുഹമ്മദും നടത്തിയ ആക്രമണത്തില്‍ ഒമ്പതു പേരാണ് കൊല്ലപ്പെട്ടത്. പ്രത്യാക്രമണത്തില്‍ അഞ്ചു ഭീകരരെയും വധിച്ചു.

TAGS :

Next Story