Quantcast

‘യുപി പൊലീസ്​ അഞ്ച് പേരെ കൊന്നത് ഒരു പ്രകോപനവുമില്ലാതെ’; യൂത്ത് ലീഗ് നേതാക്കളോട് സംഭൽ ഷാഹി മസ്ജിദ് ഇമാം

കൊല്ലപ്പെട്ടവരുടെ വീടുകൾക്ക് മുന്നിലെല്ലാം പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് സന്ദർശകരെ വിലക്കുകയാണ്

MediaOne Logo

Web Desk

  • Published:

    15 Dec 2024 5:24 AM GMT

sambhal youth league
X

സംഭൽ ഷാഹി മസ്ജിദിലെത്തിയെ യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി, ജനറൽ സെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബു, വൈസ് പ്രസിഡൻറ്​ അഡ്വ. ഷിബു മീരാൻ, സെക്രട്ടറി സി.കെ ശാക്കിർ എന്നിവർ ഇമാം ഹാഫിസ് മുഹമ്മദ്‌ ഫഹീമുമായി സംസാരിക്കുന്നു 

ന്യൂഡൽഹി: യാതൊരു പ്രകോനവുമില്ലാതെയാണ് യുപി പൊലീസ് അഞ്ചുപേരെ വെടിവെച്ച് കൊന്നതെന്ന് ഷാഹി മസ്ജിദ് ഇമാം ഹാഫിള് മുഹമ്മദ് ഫഹീം. സംഘർഷാവസ്ഥ വിട്ടുമാറാതെ കനത്ത പൊലീസ് ബന്തവസിൽ തുടരുന്ന ഉത്തർപ്രദേശിലെ സംഭലിലെത്തിയ മുസ്ലിം യൂത്ത് ലീഗ് ദേശീയ നേതൃസംഘത്തോടാണ് ഇമാം ആരോപണം ഉന്നയിച്ചത്. സംഭൽ ഷാഹി മസ്ജിദിലെത്തിയ യൂത്ത് ലീഗ് നേതാക്കൾ യോഗി പൊലീസ് വെടിവെച്ചു കൊന്ന അഞ്ച് മുസ്‌ലിം ചെറുപ്പക്കാരുടെ ബന്ധുക്കളുമായും സംസാരിച്ചു.

യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി, ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, വൈസ്പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ, സെക്രട്ടറി സി.കെ ശാക്കിർ എന്നിവരാണ് യൂത്ത് ലീഗ് സംഘത്തിലുണ്ടായിരുന്നത്. ഭരണകൂട ഒത്താശയോടെ മസ്ജിദുകൾ കയ്യേറാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ മുസ്‌ലിം ലീഗ് നടത്തുന്ന ജനാധിപത്യ - നിയമ പോരാട്ടത്തിന്റെ ഭാഗമായാണ് യൂത്ത് ലീഗ് ദേശീയ നേതാക്കൾ സംഭലിലെത്തിയത്.

പൊലീസ് വെടിവെപ്പ് നടത്തിയ സമയത്ത് മാർക്കറ്റിൽ പോയി വരികയായിരുന്ന മൂന്ന് യുവതികൾ ഉൾപ്പെടെ നാൽപതിലധികം പേർ മുറാദാബാദ് ജയിലിലാണ്. നിരവധി പേരെ ഇപ്പോഴും ​പൊലീസ് കസ്റ്റഡിയിലെടുക്കുന്നുണ്ട്. ഇവരുടെ വസതികളിലും യൂത്ത് ലീഗ് നേതാക്കൾ എത്തിയെങ്കിലും കുടുംബങ്ങളെല്ലാം പൊലീസ് വേട്ട ഭയന്ന് വീട് അടച്ചുപൂട്ടി പോയിരിക്കുന്നതാണ് കണ്ടത്. കൊല്ലപ്പെട്ടവരുടെ വീടുകൾക്ക് മുന്നിലെല്ലാം പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് സന്ദർശകരെ വിലക്കുകയാണ്. നഗരത്തിലും ഷാഹി മസ്ജിദിന് ചുറ്റും കനത്ത പൊലീസ് കാവലുണ്ട്.

മുസ്ലിം ലീഗ് യു.പി സംസ്ഥാന സെക്രട്ടറി ഡോ. കലീം അഷ്റഫ്, യൂത്ത് ലീഗ് ജില്ല സെക്രട്ടറി മുഹമ്മദ് കാസിം തുർക്കി, സംഭൽ സിറ്റി യൂത്ത് ലീഗ് വൈസ് പ്രസിഡൻറ്​ സുൽഫിക്കർ മുന്ന, അൻസരി ഖൈർ, മുഹമ്മദ് സലിം എന്നിവർ നേതാക്കൾക്കൊപ്പമുണ്ടായിരുന്നു. ഷാഹി മസ്ജിദിൽ ഇശാ നിസ്കാരത്തിൽ പങ്കെടുത്ത യൂത്ത് ലീഗ് നേതാക്കൾ ഇമാം ഹാഫിസ് മുഹമ്മദ് ഫഹീമുമായി സംസാരിച്ചു.

സർവേക്ക് എത്തിയ പൊലീസും ഉദ്യോഗസ്ഥരും പരുഷമായാണ് പെരുമാറിയതെന്ന് അന്ന് പള്ളിയിൽ ഉണ്ടായിരുന്ന മുഹമ്മദ് ഫഹീം പറഞ്ഞു. നവംബർ 19ന് മഗ്രിബ് നമസ്കാരത്തിനു ശേഷമാണ് ആദ്യം സർവേക്കെത്തിയത്. 24ന് ജില്ലാ ​പൊലീസ് സൂപ്രണ്ട്, ജില്ല മജിസ്ട്രേറ്റ് എന്നിവരുടെ നേതൃത്വത്തിൽ വലിയ സന്നാഹങ്ങളോടെയാണ് പിന്നീട് സർവ്വേ നടന്നത്. തുടക്കം മുതൽ ഉദ്യോഗസ്ഥ സംഘം പ്രകോപനങ്ങൾ സൃഷ്ടിച്ചു. മസ്ജിദിനകത്തുണ്ടായിരുന്ന എല്ലാവരേയും പുറത്താക്കി.

അഞ്ച് ഫോട്ടോഗ്രാഫർമാരും രണ്ട് വീഡിയോഗ്രാഫർമാർമാരും സംഘത്തോടൊപ്പമുണ്ടായിരുന്നു. ഒരു ഡ്രോൺ കാമറയും കൊണ്ടുവന്നിരുന്നു. ദീർഘ നേരത്തെ അഭ്യർത്ഥനക്കൊടുവിലാണ് ഇമാമിനെ പള്ളിയിൽ തന്നെ തുടരാൻ അനുവദിച്ചത്. പള്ളിക്ക് പുറത്ത് ധാരാളം വിശ്വാസികൾ തടിച്ചുകൂടിയിരുന്നു. അംഗശുദ്ധി വരുത്തുന്ന വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടത് പുറത്തുള്ള വിശ്വാസികളെ ആശങ്കപ്പെടുത്തി. സമാധാനം പാലിക്കാൻ നിരന്തരം ആഹ്വാനം ചെയ്ത് കൊണ്ടിരുന്നുവെന്ന് യൂത്ത് ലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയിൽ ഇമാമിനൊപ്പം പങ്കെടുത്ത ഷാഹി മസ്ജിദ് അഭിഭാഷകനും കമ്മിറ്റി ഭാരവാഹിയുമായ അഡ്വ. മഷ്ഹൂദ് അലി ഫാറൂഖി പറഞ്ഞു.

ഇതിനിടെ ഒരുകൂട്ടം ആളുകൾ പ്രകോപനപരമായ രൂപത്തിൽ ജയ്ശ്രീരാം വിളിച്ച് വന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. പൊലീസ് ഇതിനായി കാത്ത് നിന്നതു പോലെ പൊടുന്നനെ ലാത്തിവീശി, ടിയർ ഗ്യാസ് പ്രയോഗിച്ചു. തൊട്ടുപിന്നാലെ ജനക്കൂട്ടത്തിനു നേരെ നിറയൊഴിച്ചു. റബ്ബർ ബുള്ളറ്റുകൾ മാത്രമാണ് ഉപയോഗിച്ചത് എന്ന യു.പി പൊലീസിന്റെ വാദം പച്ചക്കള്ളമാണെന്ന് ഇമാമും പള്ളിക്കമ്മിറ്റി ഭാരവാഹികളും ഒരേ സ്വരത്തിൽ പറഞ്ഞു. സംഘർഷം സൃഷ്ടിച്ച് മസ്ജിദ് അടച്ചു പൂട്ടുക എന്നതായിരുന്നു പൊലീസ് അജണ്ടയെന്ന് ന്യായമായ സംശയമുണ്ട്.

പുരാതന സൗന്ദര്യം നിറഞ്ഞ് നിൽക്കുന്ന പള്ളിയും പരിസരവും യൂത്ത് ലീഗ് നേതാക്കൾ മസ്ജിദ് ഭാരവാഹികളോടൊപ്പം നടന്ന് കണ്ടു. മസ്ജിദി​െൻറ അധികം അകലെയല്ലാതെ ധാരാളം ഹിന്ദു കുടുംബങ്ങൾ വർഷങ്ങളായി കഴിയുന്നുണ്ട്. നൂറ്റാണ്ടുകളായി മുടങ്ങാതെ നമസ്കാരം നടക്കുന്ന ഷാഹി മസ്ജിദിനെ ചൊല്ലി ഇതുവരെ പരാതികളൊന്നും ഉയർന്നിട്ടില്ല. സംഘർഷങ്ങളും ഉണ്ടായിട്ടില്ല. സൗഹൃദാന്തരീക്ഷം നിലനിന്നിരുന്ന സംഭൽ നഗരം ഇപ്പോൾ വിജനമാണ്. ജനജീവിതം നിശ്ചലമാണ്.

പാർലമെന്റിലും സുപ്രീം കോടതിയിലും മുസ്‌ലിം ലീഗ് നേതാക്കളും എംപിമാരും നടത്തിയ ഇടപെടലിൽ അവർ സന്തോഷവും നന്ദിയും അറിയിച്ചു. യൂത്ത് ലീഗ് രാജ്യത്താകമാനം നടത്തിയ പ്രതിഷേധ പരിപാടികളും ഷാഹി മസ്ജിദ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തി.

മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ്‌ മുഹമ്മദ്‌ ബഷീർ എംപി എന്നിവർ മുസ്ലിം ലീഗിനു വേണ്ടി സമർപ്പിച്ച ഹർജികളടക്കം ഇതുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിച്ച സുപ്രീം കോടതി ആരാധനാലയ സർവേകൾ തടഞ്ഞുകൊണ്ട് ഉത്തരവിട്ടത് ആശ്വാസമായിട്ടുണ്ടെന്നും ഷാഹി മസ്ജിദ് അധികൃതർ പറഞ്ഞു.

TAGS :

Next Story