Quantcast

വ്യോമസേന രക്ഷപ്പെടുത്തിയ കർണാടകയിലെ 'ബാബു'വിനെതിരെ കേസെടുത്ത് വനംവകുപ്പ്

"രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രം; ചികിത്സയിലുള്ള നിഷാങ്ക് ആശുപത്രി വിട്ടാലുടൻ ചോദ്യം ചെയ്യും"

MediaOne Logo

Web Desk

  • Published:

    22 Feb 2022 7:37 AM GMT

വ്യോമസേന രക്ഷപ്പെടുത്തിയ കർണാടകയിലെ ബാബുവിനെതിരെ കേസെടുത്ത് വനംവകുപ്പ്
X

പാലക്കാട് ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ ഇന്ത്യൻ സൈന്യം രക്ഷിച്ച് രണ്ടാഴ്ച പിന്നിടുംമുമ്പേ സമാനമായ സാഹചര്യത്തിൽ നിന്ന് വ്യോമസേന രക്ഷിച്ച യുവാവിനെതിരെ കേസെടുത്ത് കർണാടക വനംവകുപ്പ്. ബെംഗളുരുവിന് 60 കിലോമീറ്റർ അകലെ ബ്രഹ്‌മഗിരി മലയിൽ അനധികൃതമായി ട്രക്കിങ് നടത്തുന്നതിനിടെ ഗർത്തത്തിൽ വീണ നിഷാങ്ക് കൗൾ എന്ന 18-കാരനെ ഞായറാഴ്ച വ്യോമസേന സാഹസികമായി രക്ഷിച്ചിരുന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള 19-കാരനായ ശശാങ്ക് കൗൾ ആശുപത്രി വിട്ടാലുടൻ ചോദ്യം ചെയ്യുമെന്ന് ചിക്കബല്ലപൂർ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.

ബെംഗളുരുവിലെ പി.ഇ.എസ് യൂണിവേഴ്‌സിറ്റിയിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയായ നിഷാങ്ക് ഞായറാഴ്ച രാവിലെയാണ് നന്ദി ഹിൽസിനു സമീപമുള്ള ബ്രഹ്‌മഗിരി മലയിൽ കുടുങ്ങിയത്. ട്രക്കിങ്ങിനിടെ കാൽവഴുതി ഇയാൾ 300 അടി താഴ്ചയുള്ള ഗർത്തത്തിൽ വീഴുകയായിരുന്നു. ആത്മവിശ്വാസം കൈവിടാതെ സെൽഫി വീഡിയോ റെക്കോർഡ് ചെയ്ത് കുടുംബത്തിനും സുഹൃത്തുക്കൾക്കും അയച്ച നിഷാങ്ക് ഹെൽപ്പ്‌ലൈനിൽ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.

ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്) നിഷാങ്കിനെ രക്ഷിക്കാൻ രംഗത്തുവന്നെങ്കിലും വിജയകരമായില്ല. ഇതേത്തുടർന്ന് ചിക്കബല്ലാപൂർ ജില്ലാ കളക്ടർ വ്യോമസേനയുടെ സഹായം തേടുകയായിരുന്നു. എം.ഐ 17 ഹെലികോപ്ടറിലെത്തി മലയ്ക്കു മുകളിൽ തെരച്ചിൽ നടത്തിയ വ്യോമസേനാ സംഘം നിഷാങ്കിനെ കണ്ടെത്തി. ഹെലികോപ്ടർ നിലത്തിറക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ താഴ്ന്നു പറന്ന് വടം ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. വ്യോമസേനാ സംഘത്തോടൊപ്പമുണ്ടായിരുന്ന മെഡിക്കൽ അസിസ്റ്റന്റ് പ്രാഥമിക പരിചരണം നൽകിയ ശേഷം നിഷാങ്കിനെ യെലഹങ്ക എയർ ഫോഴ്‌സ് സ്‌റ്റേഷനിലെത്തിക്കുകയും പിന്നീട് സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

നിലവിൽ ചികിത്സയിലുള്ള നിഷാങ്കിനു മേൽ കർണാടക ഫോറസ്റ്റ് ആക്ട് 24-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ആശുപത്രി വിട്ട ശേഷം ഇയാളെ ചോദ്യം ചെയ്യുമെന്നും ചിക്കബല്ലപൂർ ഫോറസ്റ്റ് ഓഫീസർ അരസലൻ അറിയിച്ചു. നന്ദി ഹിൽസിന്റെ പലഭാഗങ്ങളിലും ട്രക്കിങ്ങിന് അനുമതിയില്ലെന്നും മൊബൈൽ സിഗ്നൽ ലഭിച്ചതു കൊണ്ടുമാത്രമാണ് നിഷാങ്ക് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

'നന്ദി ഹിൽസിൽ പലയിടത്തും മൊബൈൽ സിഗ്നലുകൾ ലഭിക്കില്ല. അതിനാൽ തന്നെ ആരെങ്കിലും അപകടത്തിൽപ്പെട്ടാൽ സഹായം അഭ്യർത്ഥിക്കാനും കഴിയില്ല. ഭാഗ്യം കൊണ്ടുമാത്രമാണ് നിഷാങ്ക് രക്ഷപ്പെട്ടത് എന്നാണ് കരുതുന്നത്. ഇയാൾക്കു നേരെ വന്യജീവി അക്രമങ്ങൾ ഉണ്ടാകാതിരുന്നതും ഭാഗ്യമായി. 300 അടി ആഴമുള്ള ഗർത്തത്തിൽ മൊബൈൽ സിഗ്നൽ ലഭിച്ചത് അത്ഭുതമാണ്.' - ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.

TAGS :

Next Story