Quantcast

'ധ്രുവ് റാഠിയും ഭാര്യയും മുസ്‌ലിംകൾ, പാക് ബന്ധം': സംഘ്പരിവാർ വ്യാജ പ്രചരണത്തിന് മറുപടിയുമായി യൂട്യൂബർ

ധ്രുവ് റാഠിയുടെ യഥാർഥ പേര് ബദ്രുദ്ദീൻ റാഷിദ് ലാഹോരി എന്നാണെന്നും പാകിസ്താനിലെ ലാഹോറിലാണ് ജനിച്ചതെന്നും ഒരു വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ പറയുന്നു

MediaOne Logo

Web Desk

  • Published:

    1 May 2024 7:02 AM GMT

YouTuber Dhruv Rathee Reacts To Fake Spread Against him and family
X

ന്യൂഡൽഹി: ബിജെപി രാഷ്ട്രീയത്തിൽ രാജ്യം അനുഭവിക്കുന്ന പ്രശ്‌നങ്ങൾ തുറന്നുകാട്ടുന്ന പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചരണവുമായി സംഘ്പരിവാർ. ധ്രുവ് റാഠിയും ഭാര്യയും മുസ്‌ലിംകളാണെന്നും പാകിസ്താനുമായി ബന്ധമുണ്ടെന്നുമൊക്കെയാണ് സോഷ്യൽമീഡിയകളിലൂടെ വ്യാജ പ്രചരണം.

ധ്രുവ് റാഠിയുടെ യഥാർഥ പേര് ബദ്രുദ്ദീൻ റാഷിദ് ലാഹോരി എന്നാണെന്നും പാകിസ്താനിലെ ലാഹോറിലാണ് ജനിച്ചതെന്നും ഭാര്യയും പാകിസ്താനിയാണെന്നും യഥാർഥ പേര് സുലൈഖ എന്നാണെന്നും ഒരു വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ പറയുന്നു. പാകിസ്താൻ സൈന്യത്തിൻ്റെ സംരക്ഷണയിൽ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിൻ്റെ കറാച്ചിയിലെ ബംഗ്ലാവിലാണ് ദമ്പതികളുടെ താമസമെന്നും ഇതിലുണ്ട്.

'ധ്രുവ് റാഠിയുടെ ഭാര്യാപിതാവ് പാകിസ്താനി. കോൺഗ്രസ്- ധ്രുവ് റാഠി- പാകിസ്താൻ ലെഫ്റ്റ് ഇക്കോസിസ്റ്റം- സബ് മിലേ ഹുയേ ഹേ (എല്ലാം ഒരുമിച്ചാണ്)' എന്നാണ് മറ്റൊരു വ്യാജ പ്രചരണ പോസ്റ്ററിലെ വാചകങ്ങൾ. പിന്നാലെ, വ്യാജപ്രചാരകർക്ക് മറുപടിയുമായി ധ്രുവ് റാഠി രം​ഗത്തെത്തി.

'തന്റെ ഭാര്യ പാക്കിസ്താനിയാണെന്നാണ് ഇപ്പോള്‍ പ്രചാരണം നടക്കുന്നത്. എന്നാല്‍ ഇത് വ്യാജമാണ്. തന്റെ ഭാര്യ ജര്‍മന്‍കാരിയാണ്. മറിച്ചുള്ള പ്രചാരണമെല്ലാം വ്യാജമാണ്'- എന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവച്ചു. വ്യാജ പ്രചരണത്തിന് എക്സിലൂടെയും അദ്ദേഹം മറുപടി നൽകി. തന്റെ വീഡിയോകൾ അവർക്ക് ഉത്തരമില്ലെന്നും അതിനാലാണ് വ്യാജപ്രചരണമെന്നും അദ്ദേഹം തുറന്നടിച്ചു.

'ഞാൻ ചെയ്ത വീഡിയോകൾക്ക് അവർക്ക് ഉത്തരമില്ല. അതിനാൽ അവർ ഈ വ്യാജ വാദങ്ങൾ പ്രചരിപ്പിക്കുകയാണ്. എൻ്റെ ഭാര്യയുടെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴക്കണമെങ്കിൽ നിങ്ങൾ എത്രമാത്രം നിരാശരാകണം? ഇതിലൂടെ ഐടി സെൽ ജീവനക്കാരുടെ വെറുപ്പുളവാക്കുന്ന സദാചാര നിലവാരവും കാണാം'- അദ്ദേഹം എക്സിൽ കുറിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാജ്യത്തെ അടിസ്ഥാന പ്രശ്നങ്ങൾ ജനങ്ങളിലേക്കെത്തിച്ച യൂട്യൂബറാണ് ധ്രുവ് റാഠി. യൂട്യൂബിൽ മില്യൺകണക്കിന് പേരാണ് അദ്ദേഹത്തിന്റെ ഓരോ വീഡിയോകളും കണ്ടിരിക്കുന്നത്. ബിജെപിയുടെ മുഖ്യപ്രതിപക്ഷ നാവായാണ് പല വീഡിയോകളും സംസാരിച്ചത്.

ഫെബ്രുവരി 22ന് ധ്രുവ് റാഠി പോസ്റ്റ് ചെയ്ത 'ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോവുകയാണോ?' എന്ന ഒരൊറ്റ വീഡിയോ മാത്രം കണ്ടത് കോടികണക്കിന് പേരാണ്. ആരോപണ പ്രത്യാരോപണങ്ങളല്ലാതെ കൃത്യമായ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ശ്രമിച്ച് വിശകലനം ചെയ്യുന്ന രീതിയാണ് ഈ 29കാരന്റേത്.

ധ്രുവിന്റെ ഓരോ വീഡിയോയും ജനങ്ങളിലേക്ക് വളരെ ആഴത്തിലാണ് എത്താറുള്ളത്. മോദി ഭരണകൂടത്തിന് നേരെ ഉന്നംതെറ്റാതെ വിമര്‍ശനത്തിന്‍റെ കൂരമ്പുകൾ എറിയുന്ന ധ്രുവിന്റെ പുതിയ വീഡിയോയും ശ്രദ്ധനേടുകയാണ്. സംഘ്പരിവാറിന്റെ ഹിന്ദു- മുസ്‌ലിം ബ്രെയിൻവാഷ് അജണ്ട പൊളിച്ച് റിയാലിറ്റി ഓഫ് 'മേരാ അബ്‌ദുൽ' എന്ന ക്യാപ്ഷ്യനോടെയുള്ള ധ്രുവിന്റെ പുതിയ വീഡിയോയും ശ്രദ്ധ നേടിക്കഴിഞ്ഞു.




TAGS :

Next Story