'ഗുർമീത് റാം അനുയായികളെ വിഡ്ഢികളാക്കുന്നത് എങ്ങനെ?'; വീഡിയോ ചെയ്ത യൂട്യൂബർക്ക് കോടതി നോട്ടീസ്
വീഡിയോ നീക്കം ചെയ്യാൻ നിർദേശിക്കണം എന്നാവശ്യപ്പെട്ടാണ് ഗുർമീത് റാം കോടതിയെ സമീപിച്ചത്.
ന്യൂഡൽഹി: ബലാത്സംഗ- കൊലക്കേസ് പ്രതിയും സ്വയം പ്രഖ്യാപിത ആൾദൈവവുമായ ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിനെതിരായ വീഡിയോ ചെയ്ത യൂട്യൂബർക്ക് കോടതി നോട്ടീസ്. യൂട്യൂബർ ശ്യാം മീരാ സിങ്ങിനെതിരെ ഗുർമീത് റാം നൽകിയ ഹരജിയിൽ ഡൽഹി ഹൈക്കോടതിയാണ് വെള്ളിയാഴ്ച നോട്ടീസ് അയച്ചത്.
ശ്യാം മീരാ സിങ് അപ്‌ലോഡ് ചെയ്ത വീഡിയോ നീക്കം ചെയ്യാൻ നിർദേശിക്കണം എന്നാവശ്യപ്പെട്ടാണ് ഗുർമീത് റാം കോടതിയെ സമീപിച്ചത്. ശ്യാം മീരാ സിങ്ങിനെതിരെ ഗുർമീത് റാം സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസ് ഷൈലേന്ദർ കൗർ നോട്ടീസ് പുറപ്പെടുവിക്കുകയും വിഷയം ശനിയാഴ്ച വാദം കേൾക്കാനായി മാറ്റുകയും ചെയ്തു.
'റാം റഹീം തന്റെ അനുയായികളെ എങ്ങനെ വിഡ്ഢിയാക്കുന്നു' എന്ന തലക്കെട്ടിൽ ശ്യാം സിങ് യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്‌തെന്നാണ് ആരോപണം. ഡിസംബർ 17നാണ് ശ്യാം വീഡിയോ അപ്‌ലോഡ് ചെയ്തത്. ഹൈക്കോടതിയിലേക്ക് പോകുന്നതിന് മുമ്പ് ശ്യാമിന് ഗുർമീത് റാം വക്കീൽ നോട്ടീസും അയച്ചിരുന്നു. എന്നാൽ വീഡിയോ ഡിലീറ്റ് ചെയ്യില്ലെന്ന് ശ്യാം അറിയിച്ചു.
വീഡിയോ അപകീർത്തികരമാണെന്ന് ഗുർമീത് റാമിന്റെ അഭിഭാഷകൻ ബെഞ്ചിന് മുമ്പാകെ വാദിച്ചു. ശ്യാം സിങ് സ്ഥിരം കുറ്റവാളിയാണെന്നും യു.പി മുഖ്യമന്ത്രിയെ അപമാനിച്ചതിന് ഉത്തർപ്രദേശിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അഭിഭാഷകൻ വാദിച്ചു. ബലാത്സംഗക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഗുർമീത് സിങ് നിലവിൽ പരോളിലാണ്.
നവംബർ 20നാണ് ഗുർമീതിന് ഹരിയാന ബിജെപി സർക്കാർ 21 ദിവസത്തെ പരോൾ അനുവദിച്ചത്. ആശ്രമത്തിലെ അന്തേവാസികളായ രണ്ട് യുവതികളെ ബലാത്സംഗം ചെയ്ത കേസിലും കൊലപാതക കേസുകളിലും തടവുശിക്ഷ അനുഭവിച്ചു വരവെയാണ് വീണ്ടും പരോൾ അനുവദിച്ചിരിത്. മൂന്ന് വർഷത്തിനിടെ എട്ടാം തവണയാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുർമീതിന് പരോൾ ലഭിക്കുന്നത്.
1948ൽ മസ്താ ബലോചിസ്താനി ആരംഭിച്ച ദേര സച്ച സൗദ എന്ന സംഘടനയുടെ തലവനാണ് ഗുർമീത് സിങ്. ആശ്രമത്തിലെ രണ്ട് അന്തേവാസികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഗുർമീതിനെ 20 വർഷം തടവിനാണ് ശിക്ഷിച്ചത്. ബലാത്സംഗത്തിലൂടെ സ്ത്രീകള്‍ ശുദ്ധീകരിക്കപ്പെടുന്നു എന്ന് അവകാശപ്പെട്ട ഗുര്‍മീത് തന്‍റെ അനുയായികളായ സ്ത്രീകളെ പലതരം ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയരാക്കിയിരുന്നു.
ഒടുവില്‍ 2017ലാണ് ബലാത്സംഗ കേസിലും രണ്ട് കൊലപാതക കേസുകളിലുമായി കോടതി ആദ്യം ശിക്ഷ വിധിച്ചത്. തുടര്‍ന്ന്, 2002ല്‍ തന്റെ മാനേജരായിരുന്ന രഞ്ജിത് സിങ്ങിനെ വധിച്ച കേസിൽ മറ്റ് നാല് പേര്‍ക്കൊപ്പം 2021ൽ ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. വെടിവച്ചാണ് രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയത്.
ഗുര്‍മീത് സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ച വാര്‍ത്തകള്‍ പുറം ലോകത്തെ അറിയിച്ചത് രഞ്ജിത് സിങ്ങാണ് എന്നാരോപിച്ചാണ് റാം റഹീമും കൂട്ടാളികളും ഇയാളെ വെടിവച്ചു കൊന്നത്. 16 വര്‍ഷം മുമ്പ് ഒരു മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ 2019ലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നു.
Adjust Story Font
16