ജില്ലാ ജഡ്ജിയുടെ കാർ അമിതവേഗതയിലെത്തി ഇടിച്ചുതെറിപ്പിച്ചു; സൊമാറ്റോ ഡെലിവറി ബോയ്ക്ക് ദാരുണാന്ത്യം
ഇടിച്ചതിനു പിന്നാലെ കാർ ഡ്രൈവർ സ്ഥലത്തുനിന്നും മുങ്ങിയെന്ന് പൊലീസ് പറഞ്ഞു.
നോയ്ഡ: ജില്ലാ മജിസ്ട്രേറ്റിന്റെ കാറിടിച്ച് സൊമാറ്റോ ഡെലിവറി ബോയിക്ക് ദാരുണാന്ത്യം. യു.പി നോയിഡയിലെ സെക്ടർ 113 പൊലീസ് സ്റ്റേഷൻ പരിധിയിലെ പർതാലയിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ഡെലിവറി ബോയിയെ അമിതവേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 27കാരനായ പർവീന്ദർ കുമാറിനെ ഉടൻ ബിസ്റാഖിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഇടിച്ചതിനു പിന്നാലെ കാർ ഡ്രൈവർ സ്ഥലത്തുനിന്നും മുങ്ങിയെന്ന് പൊലീസ് പറഞ്ഞു.
'ഏക് മുർത്തി റൗണ്ട് എബൗട്ടിനും പർതാല റൗണ്ട് എബൗട്ടിനും മധ്യേ നടന്ന വാഹനാപകടത്തെ കുറിച്ച് പുലർച്ചെ 1.30നാണ് പൊലീസിന് വിവരം ലഭിക്കുന്നത്. ഒരു കാർ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു'- പൊലീസ് വക്താവ് പറഞ്ഞു.
ബുലന്ദ്ശഹർ സ്വദേശിയായ പർവീന്ദർ കുമാർ ഗാസിയാബാദിലാണ് താമസിക്കുന്നതെന്നും പൊലീസ് അറിയിച്ചു. അപകടമുണ്ടാക്കിയ ടൊയോട്ട കൊറോള കാറിന്റെ ബോണറ്റിൽ ജില്ലാ ജഡ്ജി എന്ന സ്റ്റിക്കർ പതിച്ചിരുന്നതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവത്തിൽ ഐ.പി.സി സെക്ഷൻ 304 എ (അശ്രദ്ധമൂലമുള്ള മരണം), 279 (അശ്രദ്ധമായ ഡ്രൈവിങ്) എന്നീ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സെക്ടർ 113 പൊലീസ് സ്റ്റേഷൻ ഇൻചാർജ് പ്രമോദ് കുമാർ പറഞ്ഞു.
എത്ര പേരാണ് കാറിലുണ്ടായിരുന്നതെന്നോ ആരൊക്കെയാണെന്നോ വ്യക്തമായിട്ടില്ല. ഡ്രൈവർ ഓടി രക്ഷപെട്ടു. വാഹനം പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
Adjust Story Font
16