‘പണ്ട് ജഗതിചേട്ടന്‍ പറഞ്ഞ പോലെ, റിയല്‍ ഹ്യൂമര്‍ എന്ന് പറയുന്നത് സീരിയസാണ്’ ജീത്തു ജോസഫ് / അഭിമുഖം
മലയാളത്തിന്‍റെ പ്രിയ സംവിധായന്‍ ജീത്തു ജോസഫ് തന്‍റെ പുതിയ സിനമയായ മിസ്റ്റര്‍ ആന്‍റ് മിസ് റൗഡിയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു
മിസ്റ്റര്‍ ആന്‍റ് മിസ് റൌഡിയെക്കുറിച്ച്...
പണ്ട് ചെയ്ത മമ്മി ആന്‍റ് മി, മൈ ബോസ് കാറ്റഗറിയില്‍പ്പെട്ട സിനിമകള്‍ പോലെ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമയാണ് മിസ്റ്റര്‍ ആന്‍റ് മിസ് റൗഡി. കുറേ നാളുകളായി ത്രില്ലര്‍ സിനിമകള്‍ മാത്രം ചെയ്തതുകൊണ്ടും പുതുമുഖങ്ങളെവെച്ച് സിനിമകള്‍ ചെയ്യുന്നില്ലേ എന്ന ചോദ്യങ്ങള്‍ വന്നിരുന്നതുകൊണ്ടും വ്യത്യസ്തമായ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് കഥ പറയണം എന്നുണ്ടായിരുന്നു. അങ്ങനെ രണ്ടും കൂടി ഒത്തുവന്നപ്പോഴാണ് മിസ്റ്റര്‍ ആന്‍റ് മിസ് റൗഡി ചെയ്യാമെന്ന് തീരുമാനിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം മിസ്റ്റര്‍ ആന്‍റ് മിസ് റൗഡിക്കകത്ത് ഒരു സസ്പെന്‍സോ ട്വിസ്റ്റോ ഒന്നുമില്ല, രണ്ടര മണിക്കൂര്‍ തീയേറ്ററില്‍ പ്രേക്ഷകര്‍ എന്‍റര്‍ടെയിന്‍ ചെയ്യിപ്പിക്കാന്‍ സാധിക്കുന്ന ഒരു സാധാരണ സിനിമയാണ്. ഒരു ലൈറ്റ് ഹാര്‍ട്ടഡ് ഫിലിമാണ്.
റൌഡിയാവണം എന്നാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ സ്വപ്നം. പക്ഷെ, അവര്‍ക്ക് അതിനുള്ള പ്രാപ്തിയോ ത്രാണിയോ ഇല്ല. പ്രധാനമായും അവരുടെ അതിജീവനത്തിന് വേണ്ടിയാണ് അവര്‍ ഇങ്ങനെ ചിന്തിക്കുന്നത്. പക്ഷേ, അതിനുള്ള ത്രാണിയില്ലാത്ത ആളുകള്‍ റൌഡിയാവാന്‍ ശ്രമിക്കുമ്പോള്‍ അതിലുണ്ടാവുന്ന ഒരു വിരോധാഭാസമുണ്ടല്ലോ, അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ നിന്നുണ്ടാകുന്ന ഹ്യൂമറാണ് ഈ ചിത്രത്തിന്‍റെ ഡ്രൈവിങ് പോയിന്‍റ്.
മിസ്റ്റര്‍ ആന്‍റ് മിസ് റൌഡി എന്ന സിനിമ ഒരു വണ്‍ലൈനില്‍ എങ്ങനെ പറയും..?
ഒരു കൊട്ടേഷന്‍ ടീം ആവണമെന്ന് ആഗ്രഹിക്കുന്ന നിഷ്കളങ്കരായ അഞ്ച് ചെറുപ്പക്കാരുടെ ഒരു കൂട്ടം. ആ കൂട്ടത്തിലേക്ക് വന്നുചേരുന്ന ഒരു പെണ്‍കുട്ടി. ഒരു ഘട്ടത്തില്‍ ഇവര്‍ മനസ്സിലാക്കുന്നു, ഇവരല്ല, ആ പെണ്‍കുട്ടിയാണ് യഥാര്‍ഥ റൌഡിയെന്ന്...
സിനിമയിലെ കാസ്റ്റിങ്ങിനെക്കുറിച്ച്...
കാളിദാസ് ജയറാമും അപര്‍ണ്ണ ബാലമുരളിയുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കാളിദാസന്‍റെ കഥാപാത്രം യഥാര്‍ഥത്തില്‍ ഹ്യൂമര്‍ ചെയ്യുന്നതല്ല. പക്ഷേ, പുള്ളിയുടെ അവസ്ഥയില്‍ നിന്ന് പ്രേക്ഷകര്‍ക്ക് ചിലപ്പോള്‍ ചിരി വരാം. ആ കഥാപാത്രത്തിന്‍റെ അവസ്ഥ വളരെ സീരിയസാണ്. പണ്ട് ജഗതിചേട്ടന്‍ പറഞ്ഞിട്ടുണ്ട്, റിയല്‍ ഹ്യൂമര്‍ എന്ന് പറയുന്നത് സീരിയസാണ്. അത്ര നിസ്സഹായമായ അവസ്ഥയായിരിക്കാം അതിന്‍റെ യഥാര്‍ഥ ഹാസ്യം. പിന്നെ കാളിദാസനിലേക്ക് എത്തിപ്പെട്ടത് താരപുത്രനായത് കൊണ്ടൊന്നുമല്ല. എഴുത്ത് കഴിഞ്ഞപ്പോള്‍ കഥാപാത്രത്തിനായി നമുക്കാവശ്യം നല്ല പൊക്കമുള്ള, തലമുടി നീട്ടി വളര്‍ത്തിയ കുട്ടിത്തം തുളുമ്പുന്ന മുഖമുള്ള ഒരാളെയായിരുന്നു ആവശ്യം. സ്വാഭാവികമായും ശരീരഭാഷ കൊണ്ടോ, പേര് കൊണ്ടോ, മറ്റുള്ള പ്രവര്‍ത്തികള്‍ കൊണ്ടോ ഒന്നും ഗുണ്ടയാവാന്‍ പ്രാപ്തനാണോ എന്ന് സംശയം തോന്നിക്കുന്ന ഒരാളെയായിരുന്നു നമുക്കാവശ്യം. പലരും ചോദിച്ചിരുന്നു കാളിദാസന്‍ റൌഡിയായി അഭിനയിക്കാന്‍ സാധിക്കുമോ എന്ന്. ഞാന്‍ പറഞ്ഞു, അത് തന്നെയാണ് സിനിമയുടെ പ്രത്യേകത.
പിന്നെ ബാക്കിയുള്ളവരെയും ഇങ്ങനെ തപ്പിയെടുത്തതാണ്. അപര്‍ണ്ണ നേരത്തെ നമ്മുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നു. പിന്നെ, അതിനകത്ത് ഷെബിന്‍ എന്ന് പറഞ്ഞൊരു കൊച്ചു പയ്യനുണ്ട്. അവന്‍ മറ്റുള്ളവരുടെ സമപ്രായക്കാരനാണെങ്കിലും എല്ലാവര്‍ക്കും വാത്സല്യമുള്ള ഒരു കഥാപാത്രം വേണമായിരുന്നു. അതുകൊണ്ടാണ് ചെറിയ ശരീരഭാഷയുള്ള ഷെബിനെത്തന്നെ അതിന് തെരഞ്ഞെടുത്തത്. അതുകൊണ്ടു തന്നെ, കഥാപാത്രത്തിന് അനുയോജ്യരായവരെ തെരഞ്ഞെടുക്കുകയായിരുന്നു.
വ്യത്യസ്ത തരത്തിലുള്ള സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന സംവിധായകനാണോ ജീതു ജോസഫ്?
എന്നെ സംബന്ധിച്ചെടുത്തോളം എനിക്ക് ഭയങ്ക ഇഷ്ടമാണ് ലൈഫുള്ള സിനിമകള്‍ ചെയ്യാന്‍. ത്രില്ലറൊക്കെ ചെയ്യുമെങ്കിലും പഴയ സത്യന്‍ അന്തിക്കാടിന്‍റെയും ഇപ്പോള്‍ ഇറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് പോലുള്ള സിനിമകള്‍ ചെയ്യാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇപ്പോള്‍ എനിക്ക് താല്‍പര്യമില്ലാത്തത് സെന്‍റിമെന്‍റല്‍ സിനിമകളോട് മാത്രമാണ്. ബാക്കിയുള്ള എല്ലാ വിഭാഗത്തല്‍ പെട്ട സിനിമകള്‍ കാണാനും ചെയ്യാനും താല്‍പര്യമുണ്ട്. അതിന്‍റെ ഭാഗമായാണ് വ്യത്യസ്ത തരം സിനിമകള്‍ ചെയ്യുന്നത്. പിന്നെ, കുറച്ചുകാലം ഒരേ പാറ്റേണ്‍ തന്നെ ചെയ്യുമ്പോള്‍ മടുപ്പ് ഫീല്‍ ചെയ്യും. എന്‍റെ പേഴ്സനല്‍ ഫേവറേറ്റ് എന്നുപറയുന്നത് ലൈഫ് ഉള്ള, മെസേജുകള്‍ തരുന്ന സിനിമകളാണ്. എന്നുകരുതി നാളെ ത്രില്ലര്‍ ചെയ്യില്ല എന്നല്ല, എല്ലാതരം സിനിമകളും മാറ്റി മാറ്റി ചെയ്യാനാണ് ആഗ്രഹം.
മിസ്റ്റര്‍ ആന്‍റ് മിസ് റൌഡിയില്‍ എത്തി നില്‍ക്കുമ്പോള്‍, താങ്കളെ സംബന്ധിച്ചിടത്തോളം ദൃശ്യം ഒരു അനുഗ്രഹമാണോ ഭാരമാണോ?
ദൃശ്യം ഒരു അനുഗ്രഹവും അതേ സമയം ശാപവുമാണ്. കാരണം, അങ്ങനെയൊരു വലിയ ഹിറ്റ് വന്നുകഴിയുമ്പോള്‍ ആ സംവിധായകനും സിനിമക്കും പ്രേക്ഷകര്‍ ഒരു ബെഞ്ച് മാര്‍ക്ക് സെറ്റ് ചെയ്യുകയാണ്. അതിനുശേഷം പുറത്തിറങ്ങിയ എന്‍റെ സിനിമകളെ ആളുകള്‍ അതുവച്ച് താരതമ്യം ചെയ്യാന്‍ തുടങ്ങി. ഉദാഹരണത്തിന് മിസ്റ്റര്‍ ആന്‍റ് മിസ് റൌഡിയുടെ ട്രെയിലര്‍ റിലീസ് ആയപ്പോള്‍ അതിനടിയില്‍ കമന്‍റുകള്‍ വന്നിരുന്നത് ശ്രദ്ധിച്ചിരുന്നു, ഇത് ജീതു ജോസഫിന്‍റെ സിനിമ തന്നെയാണോ എന്ന്. എന്തുകൊണ്ട് പുതുമുഖങ്ങളെ വെച്ച് ഒരു ഹാസ്യ ചിത്രം എനിക്ക് ചെയ്തുകൂടാ..? അതുകൊണ്ടാണ് തുടക്കം മുതല്‍ ഞാന്‍ പറയുന്നത്, ഞാനൊരു ഡയറക്ടറോ റൈറ്ററോ അല്ല, ഐ ആം എ സ്റ്റോറി ടെല്ലര്‍. ഞാന്‍ വ്യത്യസ്തമായ കഥകള്‍ പറയാന്‍ ആഗ്രഹിക്കുന്ന ഒരു സ്റ്റോറി ടെല്ലറാണ്.
മിസ്റ്റര്‍ ആന്‍റ് മിസ് റൌഡിയുടെ പ്രതീക്ഷകള്‍..
അത് വളരെ സിംപിളാണ്. അതിനകത്തെ ഹ്യൂമര്‍ വര്‍ക്ക് ഔട്ട് ആയാല്‍, ഈ സിനിമ വിജയിക്കും. ഒരു ഹ്യൂമര്‍ സിനിമ വര്‍ക്ക് ഔട്ട് ആയില്ലെങ്കില്‍ അത് വല്ലാത്ത മടുപ്പ് സൃഷ്ടിക്കും. ഹ്യൂമര്‍ മാത്രം നമുക്ക് 100 ശതമാനം പ്രവചിക്കാനാവില്ല. ഞാന്‍ പണ്ട് മൈ ബോസിലൊക്കെ ഒരിക്കലും ജനങ്ങള്‍ ചിരിക്കില്ല എന്നു കരുതിയ സന്ദര്‍ഭങ്ങള്‍ തീയേറ്ററില്‍ പൊട്ടിച്ചിരി സൃഷ്ടിച്ചിരുന്നു. അതുപോലെത്തന്നെ മറിച്ചും സംഭവിച്ചിട്ടുണ്ട്. എന്‍റെ പ്രതീക്ഷ, സിനിമയില്‍ ഹ്യൂമര്‍ വര്‍ക്ക് ഔട്ട് ആവും, പ്രേക്ഷകരെ എന്‍റര്‍ടെയിന്‍ ചെയ്യിക്കും എന്നു തന്നെയാണ്.
Adjust Story Font
16