Quantcast

ഏഴ് വര്‍ഷം മുന്‍പ് കേട്ട കഥ ഒടുവില്‍ കുമ്പളങ്ങി നൈറ്റ്സായപ്പോള്‍; സംവിധായകന്‍ മധു സി. നാരായണന്‍ സംസാരിക്കുന്നു

പത്ത് വര്‍ഷത്തോളമായി ഞാന്‍ സിനിമ രംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. റാണി പത്മിനി വരെ എല്ലാ ആഷിഖ് അബു ചിത്രങ്ങളിലും അസോസിയേറ്റ് ആയിരുന്നു.

MediaOne Logo
ഏഴ് വര്‍ഷം മുന്‍പ് കേട്ട കഥ ഒടുവില്‍ കുമ്പളങ്ങി നൈറ്റ്സായപ്പോള്‍; സംവിധായകന്‍ മധു സി. നാരായണന്‍ സംസാരിക്കുന്നു
X

തിയറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയുടെ സംവിധായകനാണ് മധു സി നാരായണന്‍. വര്‍ക്കിങ് ക്ലാസ് ഹീറോസ്, ഫഹദ് ഫാസില്‍ & ഫ്രണ്ട്സ് എന്നിവരുടെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, നസ്രിയ നസീം, ശ്യാം പുഷ്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് കുമ്പളങ്ങി നൈറ്റ്സ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും ഒരുപോലെ നേടിക്കൊണ്ട് കുമ്പളങ്ങി നൈറ്റ്സ് വിജയകരമായി മുന്നേറുകയാണ്. കുമ്പളങ്ങി നൈറ്റ്സ് എന്ന തന്‍റെ സിനിമയെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും മധു സി.നാരായണന്‍ മീഡിയവണ്‍ ഓണ്‍ലൈനിനോട് സംസാരിക്കുന്നു.

1. ആദ്യ സംവിധാന സംരംഭമെന്ന രീതിയില്‍ രീതിയില്‍ കുമ്പളങ്ങി നൈറ്റ്സിന്‍റെ വിജയത്തെ എങ്ങനെ നോക്കി കാണുന്നു?

ഇത് വളരെ സന്തോഷം നല്‍കുന്ന ഒരു വിജയമാണ്. കാരണം, ഒരു കൂട്ടം ആളുകളുടെ കുറച്ചു കാലത്തെ അധ്വാനമാണ് ഈ സിനിമ. ശ്യാം എന്നോട് ഈ കഥ പറയുന്നത് ഏഴ് വര്‍ഷം മുമ്പാണ്. പത്ത് വര്‍ഷത്തോളമായി ഞാന്‍ സിനിമ രംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. റാണി പത്മിനി വരെ എല്ലാ ആഷിഖ് അബു ചിത്രങ്ങളിലും അസോസിയേറ്റ് ആയിരുന്നു. അതിനുശേഷം മഹേഷിന്‍റെ പ്രതികാരത്തിലും തൊണ്ടിമുതലും ദൃക്സാക്ഷിയിലും ദിലീഷ് പോത്തന്‍റെ കൂടെയും അസോസിയേറ്റ് ചെയ്തു. പിന്നീട് പൂര്‍ണ്ണമായും കുമ്പളങ്ങിക്ക് വേണ്ടി സമയം നീക്കി വയ്ക്കുകയായിരുന്നു. എല്ലാത്തരം പ്രേക്ഷകര്‍ക്കും അത് ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.

2. സംവിധായകനെന്ന രീതിയില്‍ കുമ്പളങ്ങി നൈറ്റ്സിനായെടുത്ത തയാറെടുപ്പുകള്‍?

തൊണ്ടിമുതലും ദൃക്സാക്ഷിയും കഴിഞ്ഞ ശേഷമാണ് പൂര്‍ണ്ണമായും കുമ്പളങ്ങി നൈറ്റ്സിന് വേണ്ടി സമയം ചെലവഴിക്കുന്നത് എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. തൊണ്ടിമുതലിന്‍റെ ഷൂട്ടിങ് കഴിഞ്ഞ ശേഷം ഞാന്‍ ഒരു വീടെടുത്ത് കുമ്പളങ്ങിയിലേക്ക് മാറുകയും ഒന്നര വര്‍ഷത്തോളം അവിടെ താമസിച്ച് കഥാ പശ്ചാത്തലം മനസ്സിലാക്കുകയും ചെയ്തിരുന്നു. കാരണം, ഞാന്‍ ഒരു ഷൊര്‍ണ്ണൂര്‍ക്കാരനാണ്. പത്ത് വര്‍ഷത്തോളമായി കൊച്ചിയില്‍ ഉണ്ടെങ്കിലും കുമ്പളങ്ങി സുപരിചിതമല്ലായിരുന്നു. അതുകൊണ്ടുതന്നെ, അവിടെ നിന്നാണ് സിനിമയുടെ ബാക്കി ജോലികള്‍ ചെയ്തത്. കുമ്പളങ്ങിയെ അത്രത്തോളം പഠിക്കാനും അത് സഹായിച്ചു. പുതിയ താരങ്ങള്‍ക്കായുള്ള ക്യാമ്പും ഗ്രൂമിങും ഓഡീഷനും ട്രെയിനിങും എല്ലാം കുമ്പളങ്ങിയില്‍ വച്ചുതന്നെയായിരുന്നു നടന്നിരുന്നത്.

ഞാന്‍ താമസിച്ച വീട്ടിലെ സെക്യൂരിറ്റി ചേട്ടനാണ് സിനിമയില്‍ സൌബിന്‍റെ പ്രായമുള്ള കൂട്ടുകാരന്‍റെ വേഷം ചെയ്തിരിക്കുന്നത്. സിനിമയിലെ ചെറിയ വേഷങ്ങളില്‍ പലതും ചെയ്തിരിക്കുന്നത് കുമ്പളങ്ങിയിലെ ആളുകള്‍ തന്നെയാണ്. അവിടെ താമസിച്ചതിന്‍റെ ഫലമായാണ് ഇത്രയും ആളുകളെ നമുക്ക് ലഭിച്ചത്.

ഒരു ഉള്‍നാടന്‍ മത്സ്യ ബന്ധന രീതിയാണ് കുമ്പളങ്ങിയിലേത്. അതെല്ലാം മനസ്സിലാക്കാന്‍ ഷൂട്ടിങ്ങിന് മുമ്പ് അവിടെ താമസിച്ച സമയം എന്നെ സഹായിച്ചിരുന്നു. ഷൈന്‍ ചവിട്ടി മീന്‍ പിടിക്കുന്ന സീനെല്ലാം സിനിമയില്‍ ഉണ്ട്. അത് ശരിക്കും അവിടുള്ള ആളുകള്‍ ചെയ്യുന്നതാണ്. എല്ലാ പ്രീ പ്രൊഡക്ഷന്‍ ജോലികളും അവസാനിച്ച് ഷൂട്ടിന് രണ്ടു ദിവസം മുമ്പാണ് ഞാന്‍ കുമ്പളങ്ങിയിലെ വീടൊഴിയുന്നത്.

3. ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രം കുഴിബോംബുകള്‍ പോലെയാണെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്‍ പറയുകയുണ്ടായി. ആ കുഴിബോംബുകളെ പൊട്ടിക്കാന്‍ സംവിധായകന്‍ ഏതെല്ലാം മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചു?

ഞാന്‍ ഏറ്റവും കൂടുതല്‍ എക്സൈറ്റഡ് ആയ കഥാപാത്രം ഷമ്മിയായിരുന്നു. വളരെ ചെറിയ സീനുകളിലൂടെ മാത്രമാണ് ഷമ്മി സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഷമ്മിയെ കാണിക്കുന്ന സമയങ്ങളില്‍ ചെറിയ നോട്ടങ്ങളിലൂടെയോ ചിരികളിലൂടെയോ ഈ പറഞ്ഞ ബോംബുകളുടെ സൂചന പ്രേക്ഷന് നല്‍കണമെന്നുണ്ടായിരുന്നു. ഷമ്മിയിലേക്ക് വരുമ്പോള്‍ പിന്നീട് ഞങ്ങളെ കൂടുതല്‍ ആകാംഷ നല്‍കിയത് അയാളുടെ ലൂക്ക് സെറ്റ് ചെയ്യുന്നതിലായിരുന്നു. ഉദാഹരണത്തിന്, വൃത്തിയായി മീശയും മുടിയും വെട്ടിയൊതുക്കി, സ്വര്‍ണ്ണ മാലയും ബ്രേസ്ലേറ്റും ധരിച്ച്, നല്ല വേഷമണിഞ്ഞ് തികച്ചും നമുക്ക് പരിചിതമായ ഒരാളാണ് ഷമ്മി. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ ഷമ്മിയെ പ്രേക്ഷകര്‍ക്ക് തിരിച്ചറിയുന്നു. കാരണം, നമ്മുടെ എല്ലാരുടെയും ഉള്ളില്‍ ഒരു ഷമ്മിയുണ്ട്.

4. ആര്‍ക്കും വേണ്ടാത്ത, പട്ടിയേയും പൂച്ചയേയും കളയുന്ന ഒരു തുരുത്തിലേക്ക് നാല് സഹോദരങ്ങളെ എങ്ങിനെയാണ് എത്തിച്ചത്?

ശ്യാം എന്നോട് ആദ്യം ഈ കഥ പറയുമ്പോള്‍ തന്നെ യഥാര്‍ഥത്തില്‍ അവര്‍ ആ തുരുത്തില്‍ തന്നെയായിരുന്നു. അച്ഛനും അമ്മയും ഇല്ലാത്ത, തോന്നിയ പോലെ ജീവിക്കുന്ന നാലു പേര്‍. അവര്‍ക്ക് നാല് പേര്‍ക്കും നാല് വഴിയാണ്. കാരണം, പരസ്പരം സ്നേഹമുണ്ടെങ്കിലും അത് പ്രകടിപ്പിക്കാന്‍ അവര്‍ക്ക് അറിയുന്നില്ല. പിന്നീട്, ഇതു പോലൊരു തുരുത്ത് അന്വേഷിച്ച് കുമ്പളങ്ങിയിലെ പല ചെറിയ തുരുത്തുകളിലേക്കും നടക്കുകയുണ്ടായി. അപ്പോള്‍ പല സമയത്തും ചാക്കിലും പ്ലാസ്റ്റിക്ക് കവറുകളിലും പൊതിഞ്ഞ് ഉപേക്ഷിച്ച് പോയ പട്ടികളേയും പൂച്ചകളേയും ലഭിക്കുകയുണ്ടായി. ഇത് തുടരെ തുടരെ കണ്ടപ്പോള്‍ ഇവരെക്കൂടി കഥയില്‍ ഉള്‍പ്പെടുത്തണം എന്നു തോന്നി. ആരോരുമില്ലാത്ത നാല് സഹോദരങ്ങള്‍ താമസിക്കുന്ന ആ തുരുത്തിലേക്ക് ഉപേക്ഷിക്കപ്പെട്ട പട്ടിക്കുഞ്ഞുങ്ങളെയും പൂച്ചക്കുഞ്ഞുങ്ങളെയും കൂടി ഉള്‍പ്പെടുത്തിയത് തീര്‍ച്ചയായും വലിയൊരു കണ്ടെത്തലായാണ് ഞങ്ങള്‍ക്ക് തോന്നിയത്. അതേപടി അത് സിനിമയിലേക്ക് പകര്‍ത്തുകയും ചെയ്തു.

5. പോത്തേട്ടന്‍സ് ബ്രില്യന്‍സ് ആഘോഷിക്കപ്പെട്ട പോലെ ഇപ്പോള്‍ മധുവേട്ടന്‍ ബ്രില്യന്‍സും ശ്യാമേട്ടന്‍ ബ്രില്യന്‍സും ചര്‍ച്ചാ വിഷയമാവുന്നുണ്ട്. സിനിമയിലെ ഇത്രയുമധികം ഡീറ്റെയിലിങ് എങ്ങിനെയാണ് ചെയ്യുന്നത്?

ആഷിഖ് അബുവും ദിലീഷ് പോത്തനും ഡീറ്റെയിലിങിലേക്ക് ശ്രദ്ധ ചെലുത്തുന്ന രീതി എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിച്ച് ഓരോ കഥാപാത്രത്തിനും കഥയിലില്ലാത്ത ബാക്കി സ്റ്റോറികള്‍ ഉണ്ടാക്കുക തുടങ്ങി എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്നവരാണ് അവര്‍. അത് പോലെ കുമ്പളങ്ങിയിലും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് ബാര്‍ബറായ ഷമ്മി. അയാളുടെ പുതിയ കുടുംബം. സ്ക്രീനില്‍ കാണാത്ത അയാളുടെ യഥാര്‍ഥ കുടുംബം. ആ കുടുംബത്തിലെ അംഗമായ ചേട്ടന്‍. ചേട്ടന്‍റെ ഭാര്യ പിണങ്ങിപ്പോയിരുന്നു. അങ്ങനെ, ബാര്‍ബറിന്‍റെ വീടിന് തന്നെ ഒരു കഥ കുമ്പളങ്ങിയില്‍ നിര്‍മ്മിച്ചിട്ടുണ്ട്.

ഡീറ്റെയിലിങിന്‍റെ പ്രത്യേകത എന്തെന്നാല്‍, സിനിമ പുരോഗമിക്കും തോറും എല്ലാ കാര്യങ്ങളും പ്രേക്ഷകന് വീണ്ടും വീണ്ടും വ്യക്തമായിക്കൊണ്ടിരിക്കും. ഇതിനു പിറകെ നീണ്ട നേരത്തെ ചര്‍ചകളും പഠനങ്ങളുമുണ്ട്. സിനിമയില്‍ കഥയുടെ പല പല ലെയറുകള്‍ വികസിപ്പിക്കുക എന്നതാണ് ഇതിലൂടെ ചെയ്യുന്നത്. അത് പ്രേക്ഷകന് സിനിമയെ മനസ്സിലാക്കാന്‍ വളരെയധികം സഹായിക്കും. മറ്റൊരു ഉദാഹരണം, സിനിമയില്‍ ഒരു മാലാഖയുടെ ചിത്രം നെപ്പോളിയന്‍റെ വീട്ടില്‍ പ്രാര്‍ഥനാ സ്ഥലത്ത് വച്ചിട്ടുണ്ട്. അവരുടെ വീട്ടിലേക്ക് വരുന്ന തമിഴ് സ്ത്രീയുടെ മുഖ സാദൃശ്യമുള്ള മാലാഖ തന്നെ വേണമെന്ന് തീരുമാനിച്ച് അത് പറഞ്ഞ് വരപ്പിക്കുകയായിരുന്നു. ആ മാലാഖയെ ഓര്‍മ്മിപ്പിക്കുന്ന ഒരു ഷോട്ടും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അങ്ങനെ തമിഴ് സ്ത്രീയുടെ കുട്ടിക്ക് കൊടുത്ത ഉടുപ്പിന്‍റെ നിറം വരെ അത് മാച്ച് ചെയ്താണ് തീരുമാനച്ചിരിക്കുന്നത്. അത്രയും ചെറിയ കാര്യങ്ങള്‍ വരെ പ്രീ പ്രൊഡക്ഷന്‍ സമയത്ത് പ്ലാന്‍ ചെയ്താണ് ഷൂട്ട് ചെയ്യാന്‍ ലൊക്കേഷനിലെത്തുക.

6. കുമ്പളങ്ങി നൈറ്റ്സില്‍ യാദൃശ്ചികമായി വന്നുപെട്ട മധുവേട്ടന്‍ ബ്രില്യന്‍സുകള്‍ എന്തെങ്കിലുമുണ്ടോ?

സൌബിന്‍ അവതരിപ്പിച്ച സജി എന്ന കഥാപാത്രം തമിഴ് സ്ത്രീയെ കാണാന്‍ പോകുന്ന ഒരു രംഗമുണ്ട്. അവിടെ അവരുടെ മുറ്റത്ത് സജി നില്‍ക്കുമ്പോള്‍ ഒരു പൂമ്പാറ്റ മുന്നിലുള്ള ചെടിയില്‍ വന്നിരിക്കുന്നുണ്ടായിരുന്നു. പലരും ചോദിച്ചിരുന്നു അത് സി.ജി.ഐ ആണോ എന്ന്. അല്ല, അത് യാദൃശ്ചികമായി ഷോട്ട് എടുക്കുമ്പോള്‍ അവിടെ വന്നിരുന്നതാണ്. അതേ രംഗം മറ്റ് രണ്ട് ആങ്കിളുകളിലും ചിത്രീകരിക്കേണ്ടതുണ്ടായിരുന്നു. അപ്പോള്‍ ഏവരെയും ആശങ്കപ്പെടുത്തിയത് ആ പൂമ്പാറ്റയെ അതില്‍ കിട്ടിലല്ലോ എന്നായിരുന്നു. യാദൃശ്ചികമെന്ന് പറയട്ടെ, അപ്പോഴെല്ലാം ആ പൂമ്പാറ്റ കൃത്യ സ്ഥലത്ത് പറന്ന് അവിടെ വന്നിരുന്നു. ആ സീനിന്‍റെ ഫീല്‍ സത്യത്തില്‍ അനുവാദം ചോദിക്കാതെ വന്നിരുന്ന പൂമ്പാറ്റ കൂട്ടുകയാണ് ചെയ്തത്. ഇതു പോലെ പല രസകരമായ സംഭവങ്ങളും ഷൂട്ടിനിടയില്‍ സംഭവിച്ചിട്ടുണ്ട്.

7. ശ്യാം പുഷ്കരന്‍റെ തിരക്കഥയെക്കുറിച്ച്?

ശ്യാം പുഷ്കരന്‍റെ തിരക്കഥയെക്കുറിച്ചാണല്ലോ ഇന്ന് എല്ലാവരും ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്നത്. ശ്യാമിന്‍റെ തിരക്കഥയില്‍ എനിക്ക് കന്നിയങ്കം കുറിക്കാന്‍ സാധിച്ചു എന്നത് തന്നെ വലിയൊരു ഭാഗ്യമായാണ് കാണുന്നത്. ഡീറ്റെയില്‍ഡ് ആയിട്ടുള്ള ഒരു വിഷ്വല്‍ റൈറ്റിങാണ് ശ്യാം നടത്തുന്നത്. പൂര്‍ണ്ണമായും സിനിമക്ക് വേണ്ടിയുള്ള വിഷ്വല്‍ റൈറ്റിങ് എന്ന് ശ്യാമിന്‍റെ തിരക്കഥയെക്കുറിച്ച് പറയാം.

ചര്‍ച്ചകളില്‍ ശ്യാം സീന്‍ പറയുമ്പോള്‍ തന്നെ അതിലെ ഓരോ ഷോട്ടുകളും നമ്മുടെ മനസ്സില്‍ വിഷ്വലുകളായി കടന്നുവരും. അത് ഒട്ടും ചോര്‍ന്ന് പോകാതെ പ്രേക്ഷകരിലേക്ക് അവതരിപ്പിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. കാരണം, സിനിമ എടുത്തുവരുമ്പോള്‍ ശ്യാം എന്താണോ എന്നോട് പറഞ്ഞത്, അത് കാണുന്ന പ്രേക്ഷകരിലേക്ക് അതേ ഫീലില്‍ ചെന്നെത്തിക്കേണ്ട ചുമതല എനിക്കുണ്ടായിരുന്നു. അതിനായി ഒരുപാട് വര്‍ക്ക് ചെയ്തിരുന്നു. അത് സാധ്യമായി എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ഇന്ന് ശ്യാമിന്‍റെ ഏറ്റവും മികച്ച തിരക്കഥകളില്‍ ഒന്നായി കുമ്പളങ്ങി നൈറ്റ്സ് വിലയിരുത്തപ്പെടുമ്പോള്‍ സംവിധായകന്‍ എന്ന നിലയില്‍ ഒരുപാട് സന്തോഷമുണ്ട്.

ये भी पà¥�ें- ഉയിരില്‍ തൊടുന്ന കുമ്പളങ്ങി മാജിക്

TAGS :

Next Story