കറൻ, ജിതേഷ്, ഷാരൂഖ് വെടിക്കെട്ട്; രാജസ്ഥാന് ജയിക്കാൻ 188 റൺസ്
അവസാന രണ്ട് ഓവറിൽ മാത്രം 43 റൺസാണ് രാജസ്ഥാൻ ബൗളർമാർ വഴങ്ങിയത്
ധരംശാല: മുൻനിര തകർന്നടിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിങ്‌സിനെ രക്ഷിച്ച് മധ്യനിര. സാം കറൻ, ജിതേഷ് ശർമ, ഷാരൂഖ് ഖാൻ എന്നിവർ ചേർന്ന് അവസാന ഓവറുകളിൽ നടത്തിയ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ 188 എന്ന ഭേദപ്പെട്ട വിജയലക്ഷ്യമാണ് പഞ്ചാബ് ഉയർത്തിയത്.
സീസണിലുടനീളം പുറത്തിരുന്ന ശേഷം നവദീപ് സൈനി തിരിച്ചുവരവ് ഗംഭീരമാക്കിയ ദിവസമായിരുന്നെങ്കിലും ഡെത്ത് ഓവറിലെ മോശം പ്രകടനത്തിൽ അതു മുങ്ങിപ്പോയി. മൂന്നു വിക്കറ്റെടുത്ത് തുടക്കത്തില്‍ പഞ്ചാബ് ബാറ്റിങ്ങിനെ വിറപ്പിച്ചെങ്കിലും തല്ലുവാങ്ങി സൈനി. കറൻ(31 പന്തിൽ 49), ജിതേഷ് ശർമ(28 പന്തിൽ 44), ഷാരൂഖ് ഖാൻ(23 പന്തിൽ 41) കിടിലൻ ഇന്നിങ്‌സുകളിലൂടെ രാജസ്ഥാന്റെ ബൗളിങ്ങിനെ തല്ലിയൊതുക്കുകയായിരുന്നു. അവസാന രണ്ട് ഓവറിൽ മാത്രം 43 റൺസാണ് രാജസ്ഥാൻ ബൗളർമാർ വഴങ്ങിയത്.
19-ാം ഓവർ യുസ്‌വേന്ദ്ര ചഹലിനെക്കൊണ്ട് എറിയിക്കാനുള്ള സഞ്ജുവിന്റെ തീരുമാനം അടപടലം പാളുകയായിരുന്നു. കറനും ഷാരൂഖും ചേർന്ന് ഓവറിൽ 28 റൺസാണ് അടിച്ചെടുത്തത്. ബോൾട്ടിന്റെ അവസാന ഓവറിൽ 18 റൺസും വന്നു.
ആദം സാംപയാണ് രാജസ്ഥാൻ ബൗളർമാരിൽ തിളങ്ങിയത്. നാല് ഓവറിൽ 26 റൺസ് മാത്രം വിട്ടുനൽകി ഒരു വിക്കറ്റുമെടുത്തു സാംപ. ട്രെന്റ് ബോൾട്ട് പവർപ്ലേയിൽ പതിവുപോലെ മികച്ച ബൗളിങ് പ്രകടനം കാഴ്ചവച്ചെങ്കിലും അവസാന ഓവറിൽ പാളി. സൈനി മൂന്ന് വിക്കറ്റ് കൊയ്‌തെങ്കിലും റൺസ് വാങ്ങിക്കൂട്ടാൻ പതിവുപോലെ മടികാണിച്ചില്ല. നാല് ഓവറിൽ 40 റൺസ് വഴങ്ങി താരം.
Summary: IPL 2023: PBKS vs RR Live Updates
Adjust Story Font
16