Quantcast

അടുത്ത സീസണിൽ ബ്ലാസ്‌റ്റേഴ്‌സിലില്ല; വാസ്‌ക്വസിനെ റാഞ്ചി എഫ്‌സി ഗോവ

ബ്ലാസ്‌റ്റേഴ്‌സുമായുള്ള താരത്തിന്റെ കരാർ 2022 മെയ് 31ന് അവസാനിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    28 April 2022 6:39 AM GMT

അടുത്ത സീസണിൽ ബ്ലാസ്‌റ്റേഴ്‌സിലില്ല; വാസ്‌ക്വസിനെ റാഞ്ചി എഫ്‌സി ഗോവ
X

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സ്പാനിഷ് സൂപ്പർ താരം അൽവാരോ വാസ്‌ക്വസിനെ റാഞ്ചി എഫ്‌സി ഗോവ. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും വാസ്‌ക്വസ് ഗോവയിലേക്ക് പോകുമെന്ന് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. രണ്ടു വർഷത്തേക്കാണ് കരാർ. ബ്ലാസ്‌റ്റേഴ്‌സുമായുള്ള താരത്തിന്റെ കരാർ 2022 മെയ് 31ന് അവസാനിച്ചിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിൽ മഞ്ഞക്കുപ്പായത്തിൽ എട്ടു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയ കളിക്കാരനാണ് വാസ്‌ക്വസ്. ചൈനയിൽ നിന്നും യുഎസ് മേജർ സോക്കർ ലീഗിൽ നിന്നും താരത്തിന് ഓഫറുണ്ടായിരുന്നെങ്കിലും ഐഎസ്എല്ലിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. അടുത്ത സീസണിലേക്കുള്ള എഫ്‌സി ഗോവയുടെ ആദ്യത്തെ വിദേശ സൈനിങ്ങാണിത്.

'ഗോവയുടെ കളിശൈലിയിൽ വാസ്‌ക്വസിന് മികച്ച സീസണായിരിക്കും അടുത്തതെന്ന്' ക്ലബുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. കുറച്ചുകാലമായി വാസ്‌ക്വസിനെ ക്ലബ് നോട്ടമിട്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

എഫ്‌സി ഗോവയെ കൂടാതെ, എടികെ മോഹൻ ബഗാൻ, ചെന്നൈൻ എഫ്‌സി ക്ലബുകൾക്കും വാസ്‌ക്വസിൽ താത്പര്യമുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്‌സും താരത്തെ ടീമിൽ നിലനിർത്താൻ ശ്രമിച്ചിരുന്നു. ട്രാൻസ്ഫർമാർക്കറ്റ് വെബ്‌സൈറ്റ് പ്രകാരം 33.33 ദശലക്ഷം രൂപയാണ് താരത്തിന്റെ മൂല്യം.

കഴിഞ്ഞ സീസണിൽ ലീഗിൽ ഒമ്പതാമതായാണ് ഗോവ ഫിനിഷ് ചെയ്തിരുന്നത്. 2016ന് ശേഷം ആദ്യമായി സെമി ഫൈനൽ പ്രവേശം നേടാതെ പുറത്താകുകയും ചെയ്തു.

സ്‌പെയിനിലും ഇംഗ്ലണ്ടിലും ഫസ്റ്റ് ഡിവിഷന്‍ ലീഗുകളിൽ കളിച്ചു പരിചയമുള്ള താരമാണ് വാസ്‌ക്വസ്. ലാലീഗയിൽ 150 മത്സരവും പ്രീമിയർ ലീഗിൽ സ്വാൻസീ സിറ്റിക്കു വേണ്ടി 12 മത്സരവും കളിച്ചിട്ടുണ്ട്. ബാഴ്‌സലോണയിൽ ജനിച്ച വാസ്‌ക്വസ് എസ്പ്യാനോളിന്റെ യൂത്ത് ടീമിലൂടെയാണ് അന്താരാഷ്ട്ര ഫുട്‌ബോളിലെത്തിയത്.

മികച്ച പന്തടക്കവും സാങ്കേതികത്തികവുമാണ് വാസ്ക്വസിനെ വേറിട്ടു നിര്‍ത്തുന്നത്. മിന്നൽവേഗത്തിൽ ആക്രമണം മെനയാനും പോസ്റ്റിനെ ലക്ഷ്യം വയ്ക്കാനും താരത്തിനാകും. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ 70 വാര അകലെ നിന്ന് വാസ്‌ക്വസ് നേടിയ ഗോൾ ഐഎസ്എല്ലിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായിരുന്നു.

Summary: Kerala Blasters spanish striker Alvaro Vazquez has agreed terms with FC Goa and will join the club on a two-year deal after his contract ends with Kerala Blasters on May 31, 2022.

TAGS :

Next Story