'ഗുഡ്‌മോണിങ് കേരള, നന്നായി ഉറങ്ങിയോ?'; വിജയത്തിന് പിന്നാലെ ഇവാൻ
'ഏതാനും സീസണുകളിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം നമ്മൾ ആരാധകര്‍ ആഗ്രഹിച്ചതു നേടിയിരിക്കുന്നു'
ഇന്ത്യൻ സൂപ്പർ ലീഗിലെ ഫൈനൽ പ്രവേശനത്തിന് പിന്നാലെ ആരാധകരെ അഭിസംബോധന ചെയ്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമനോവിച്ച്. 'ഗുഡ് മോണിങ് കേരള, എങ്ങനെയുറങ്ങി? ഇന്ന് രാവിലെ എങ്ങനെയുണ്ട്' - എന്നാണ് ഇവാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
ഒരടി കൂടി പോകാനുണ്ടെന്നും വിനയത്തോടെയിരിക്കാനും അദ്ദേഹം ആരാധകരോട് ആഹ്വാനം ചെയ്തു. ഒരു ടീമെന്ന നിലയിൽ ജേതാക്കളാകാൻ ബ്ലാസ്‌റ്റേഴ്‌സിനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ട്വീറ്റിനൊപ്പം ദ പ്രോമിസ്ഡ് ലാൻഡ് അവൈറ്റ്‌സ് എന്നെഴുതിയ ടീമിന്റെ ചിത്രവും ഇവാൻ പങ്കുവച്ചിട്ടുണ്ട്.
പ്രതിസന്ധിയിലും തളരാതെ പൊരുതിയതിന്റെ ഫലമാണ് ഫൈനൽ പ്രവേശമെന്ന് മത്സര ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ഇവാൻ പറഞ്ഞു. 'ഇത് മഹത്തായ നേട്ടമാണ്. ആരാധകർ ഒരുപാട് കാലമായി ആഗ്രഹിക്കുന്നതാണിത്. ഏതാനും സീസണുകളിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം നമ്മൾ ശരിയായത് ആരാധകർക്കു വേണ്ടി നേടിയിരിക്കുന്നു. എല്ലാ ആരാധകരും സന്തോഷവാന്മാരാണ്. എല്ലാ ക്രഡിറ്റും കുട്ടികൾക്കാണ്. ഇത് എളുപ്പമായിരുന്നില്ല. ഒരുപാട് പ്രതിസന്ധികൾ മറികടന്നു.' - അദ്ദേഹം കൂട്ടിച്ചേർത്തു.
വാസ്‌കോയിലെ തിലക് മൈതാനിൽ നടന്ന രണ്ടാം പാദസെമിയിൽ ജംഷഡ്പൂർ എഫ്‌സിയെയാണ് ബ്ലാസ്റ്റേഴ്‌സ് തറപറ്റിച്ചത്. രണ്ടാം പാദ സെമി ഫൈനലിൽ ഇരുടീമുകളും 1-1ന് സമനില പാലിച്ചപ്പോൾ ആദ്യ പാദത്തിലെ ഗോളാണ് ബ്ലാസ്റ്റേഴ്സിന്റെ രക്ഷക്കെത്തിയത്. ഇതോടെ ഇരുപാദങ്ങളിലുമായി മഞ്ഞപ്പടയ്ക്ക് 2-1ന്റെ വിജയം.
അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിനായി വല ചലിപ്പിച്ചപ്പോൾ പ്രണോയ് ഹാൽദർ ജംഷഡ്പൂരിനായി ലക്ഷ്യം കണ്ടു. 18-ാം മിനിറ്റിലായിരുന്നു ക്യാപ്റ്റൻ ലൂണയുടെ ഗോൾ. ഇടതു വിങ്ങിൽ നിന്ന് ആൽവാരോ വാസ്‌കസ് ഫ്ളിക് ചെയ്ത് നൽകിയ പന്ത് ലൂണ സ്വതസിദ്ധമായ ശൈലിയിൽ പോസ്റ്റിന്റെ വലതു മൂലയിലേക്ക് പ്ലേസ് ചെയ്യുകയായിരുന്നു. അമ്പതാം മിനിറ്റിൽ കോർണർ കിക്കിനു ശേഷമുണ്ടായ കൂട്ടപ്പൊരിച്ചിലിലായിരുന്നു പ്രണോയിയുടെ ഗോൾ. പന്ത് നിയന്ത്രിക്കുന്നതിനിടെ പന്ത് റഫറിയുടെ കൈയിൽ തട്ടിയെങ്കിലും റഫറി അതു കണ്ടിരുന്നില്ല.
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഫൈനലാണിത്. 2014, 2016 വർഷങ്ങളിലാണ് ടീം ഇതിനുമുമ്പ് കലാശക്കളിക്ക് യോഗ്യത നേടിയത്.
Adjust Story Font
16