Quantcast

ബ്ലാസ്‌റ്റേഴ്‌സിന്റെ കളി മാറ്റിവയ്ക്കുമോ? ഇന്ന് വൈകിട്ട് നിർണായക യോഗം

ആദ്യ പാദത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് മുംബൈയെ തകർത്തിരുന്നത്.

MediaOne Logo

Web Desk

  • Published:

    16 Jan 2022 2:52 AM GMT

ബ്ലാസ്‌റ്റേഴ്‌സിന്റെ കളി മാറ്റിവയ്ക്കുമോ? ഇന്ന് വൈകിട്ട് നിർണായക യോഗം
X

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ഞായറാഴ്ച വൈകിട്ട് നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്-മുംബൈ സിറ്റി എഫ്‌സി മത്സരം അനിശ്ചിതത്വത്തിൽ. ഇന്ന് ഉച്ചയ്ക്ക് ശേഷം ക്ലബ് സിഇഒമാരുമായി ടൂർണമെന്റ് അധികൃതർ നടത്തുന്ന ചർച്ചയ്ക്ക് ശേഷം വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും. നിലവിലെ സാഹചര്യത്തിൽ മത്സരം മാറ്റാൻ സാധ്യതയില്ലെന്ന് ഫുട്‌ബോൾ ജേർണലിസ്റ്റ് മാർക്കസ് മർഗുൽഹൗ ട്വീറ്റ് ചെയ്തു.

കോവിഡ് കാരണം ശനിയാഴ്ച നടക്കേണ്ട മോഹൻ ബഗാൻ-ബംഗളൂരു എഫ്‌സി മത്സരം മാറ്റിവച്ചിരുന്നു. ബഗാന്റെ രണ്ടാം മത്സരമാണ് ഇതേ കാരണത്താൽ മാറ്റിവയ്ക്കുന്നത്. നിരവധി കോവിഡ് ബാധ റിപ്പോർട്ട് ചെയ്ത ഒഡിഷയ്‌ക്കെതിരെയുള്ള മത്സരത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ടീം ഒഫീഷ്യൽസിൽ ഒരാൾക്കാണ് വൈറസ് ബാധ. ഇതോടെ ടീം പരിശീലനം ഉപേക്ഷിച്ചു.

പരിശീലനമില്ലാതെ കളത്തിലിറങ്ങുന്നതിലെ ബുദ്ധിമുട്ട് കേരള കോച്ച് ഇവാൻ വുകോമനോവിച്ച് പ്രകടിപ്പിച്ചിട്ടുണ്ട്. താരങ്ങൾക്ക് പരിക്കു പറ്റുമെന്ന് ഭയക്കുന്നതായും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിലവിൽ പതിനൊന്ന് ടീമുകളിൽ ഏഴിലും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഐഎസ്എല്ലിൻറെ ഭാവി ആശങ്കയിലാണ്. ടീമിൽ പതിനഞ്ച് താരങ്ങൾ ലഭ്യമാണെങ്കിൽ മത്സരം നടത്തണമെന്നാണ് ഐഎസ്എൽ നിയമം. കൊവിഡ് കാരണം ഒരു ടീമിന് കളിക്കളത്തിൽ ഇറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ എതിർ ടീമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചതായി പ്രഖ്യാപിക്കും.


ആദ്യ പാദത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് മുംബൈയെ തകർത്തിരുന്നത്. കഴിഞ്ഞ പത്തു കളിയിൽ കൊമ്പന്മാർ തോറ്റിട്ടില്ല. ലീഗിൽ ഒന്നാം സ്ഥാനത്താണിപ്പോൾ ബ്ലാസ്‌റ്റേഴ്‌സ്. ജയം തുടർന്നാൽ തലപ്പത്തു തന്നെ തുടരാൻ ടീമിനാകും. മുംബൈയ്‌ക്കെതിരെയുള്ള ആദ്യ മത്സരത്തിന് ശേഷമാണ് ടീം അടിമുടി മാറിയത്. പെരേര ഡയസ്, ആൽവാരോ വാസ്‌ക്വിസ്, സഹൽ അബ്ദുൽ സമദ്, അഡ്രിയാൻ ലൂന എന്നിവരടങ്ങുന്ന മുന്നേറ്റ നിര തകർപ്പൻ ഫോമിലാണ്. തൊട്ടുപിന്നിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ജീക്‌സൺ സിങ്ങും പ്യൂട്ടിയയും. ഡിഫൻസീവ് മിഡ്ഫീൽഡിന് പിന്നിൽ ലെസ്‌കോവിച്ചിന്റെ നേതൃത്വത്തിലുള്ള പ്രതിരോധക്കോട്ട. കീപ്പര്‍ ഗില്‍ മിന്നും ഫോമിലാണ്. പരിക്കേറ്റ ക്യാപറ്റൻ ജസ്സൽ കാർണൈറോക്ക് പകരമെത്തിയ നിഷു കുമാറും മറ്റൊരു പ്രതിരോധ താരം ഹർമൻജോത് ഖബ്രയുമാണ് ഒഡിഷയ്‌ക്കെതിരെയുള്ള കളിയിൽ ഗോൾ കണ്ടെത്തിയത്. സെൻട്രൽ ഡിഫൻസിൽ ലെസ്‌കോവിച്ച് മടങ്ങിയെത്തും. എനസ് സിപ്പോവിച്ച് പകരക്കാരനാകും.

ബ്ലാസ്റ്റേഴ്‌സിനോട് തോറ്റ ശേഷം മുംബൈ സിറ്റിക്ക് കഷ്ടകാലമാണ്. പിന്നീടുള്ള നാലു മത്സരങ്ങളും ജയിക്കാൻ വമ്പൻ ടീമിനായിട്ടില്ല. ബംഗളൂരു, ഒഡിഷ ടീമുകളോട് തോൽക്കുകയും ചെയ്തു. 20 ഗോളാണ് ടീം ഇതുവരെ വഴങ്ങിയിട്ടുള്ളത്. പത്തു ഗോളാണ് ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങിയിട്ടുള്ളത്. ഇതിൽ നാലും ആദ്യ മത്സരത്തിലായിരുന്നു. പത്തു കളിയിൽ ആകെ ആറു ഗോൾ മാത്രമേ വഴങ്ങിയുള്ളൂ എന്നത് കേരള പ്രതിരോധത്തിന്റെ കരുത്ത് വ്യക്തമാക്കുന്നു.


TAGS :

Next Story