'ക്ഷമ വേണം, ലേശം സമയം എടുക്കും'; ഉദ്വേഗം നിറച്ച് ബ്ലാസ്‌റ്റേഴ്‌സ് വീഡിയോ
അൽവാരോ വാസ്‌ക്വിസിന് പകരമായി ആരെത്തും എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്
കൊച്ചി: ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്കിടെ ഉദ്വേഗം നിറച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പുതിയ വീഡിയോ. ക്ഷമ വേണം, ലേശം സമയമെടുക്കും എന്ന തലക്കെട്ടോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചത്. ടീമിന്റെ വിദേശ താരത്തിന്റെ സൈനിങ് എപ്പോഴാണ് എന്ന ചോദ്യങ്ങൾക്കാണ് ക്ലബ് വീഡിയോയിലൂടെ മറുപടി നല്‍കിയിരിക്കുന്നത്.
വിദേശ സൈനിങ്ങ് എവിടെ, എപ്പോഴാണ്, ആരാണ് എന്നിങ്ങനെയുള്ള ആരാധകരുടെ കമന്റുകൾ എഴുതിക്കാണിച്ച ശേഷം മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ ദിലീഷ് പോത്തൻ (എൽദോച്ചൻ) ഉണ്ണിമായയോട് (സാറ) പറയുന്ന, ചിൽ സാറാ ചിൽ, നമുക്ക് എല്ലാറ്റിനും പരിഹാരമുണ്ടാക്കാം എന്ന ഡയലോഗാണ് വീഡിയോയുടെ ഹൈ ലൈറ്റ്.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ആരാധക പ്രതീക്ഷകൾ പങ്കുവച്ചത്. 'ഒരു അഡാർ കളിക്കാരനെ കൊണ്ടുവന്ന് നമ്മളെ ഞെട്ടിച്ചേക്കണേ' എന്ന് അനുരാഗ് അനു എന്നയാളെഴുതി. 'എന്തോ മുഴുത്ത ഐറ്റം ചുണ്ടയിൽ കൊത്തിയിട്ടുണ്ട്. അഡ്മിന്റെ ആ കോൺഫിഡൻസ് കണ്ടാ കണ്ടാ' എന്ന് ജിൻസ് ജേക്കബ് എന്നയാൾ കുറിച്ചപ്പോൾ അപ്പോ എല്ലാം കാണുന്നുണ്ട് അല്ലേ... കൊച്ചു കള്ളൻ എന്നാണ് മുഹമ്മദ് മുഷ്താഖ് എന്ന ആരാധകൻ കമന്റ് ചെയ്തത്.
വാസ്‌ക്വിസിന് പകരം ആര്?
കഴിഞ്ഞ സീസണിൽ മഞ്ഞക്കുപ്പായത്തിൽ നിറഞ്ഞാടിയ അൽവാരോ വാസ്‌ക്വിസിന് പകരമായി ആരെത്തും എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. പോർച്ചുഗീസ് താരം റഫേൽ ലോപസിന്റെ പേർ പറഞ്ഞു കേട്ടിരുന്നെങ്കിലും താരം സൈപ്രസ് ക്ലബായ എഇകെ ലാർസാന എഫ്‌സിയുമായി കരാറിലെത്തി. പോളണ്ടിലെ ലെഗിയ വാർസോ താരമായിരുന്നു ലോപസ്. ബ്ലാസ്റ്റേഴ്സിനൊപ്പം എ ലീഗ് ക്ലബ് വെസ്റ്റേൺ സിഡ്നിയുടെ പേരും കൂടുമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്നു കേട്ടിരുന്നു.
അതിനിടെ, മിഡ്ഫീൽഡർ ധനചന്ദ്ര മീഠെയെ ബ്ലാസ്റ്റേഴ്സ് വായ്പാ അടിസ്ഥാനത്തിൽ ഒഡിഷ എഫ്സിക്ക് കൈമാറി. ഒരു വർഷത്തേക്കാണ് ലോൺ കരാർ. 2024 വരെയാണ് മീഠെയ്ക്ക് ബ്ലാസ്റ്റേഴ്സുമായി കരാറുള്ളത്. കഴിഞ്ഞ സീസണിൽ ഏതാനും മത്സരങ്ങളിൽ മാത്രമാണ് താരത്തിന് ആദ്യ ഇലവനിൽ ഇടം ലഭിച്ചിരുന്നത്. ഫുൾബാക്ക് സഞ്ജീവ് സ്റ്റാലിനെ മുംബൈ സിറ്റിക്ക് എഫ്സിക്ക് കൈമാറിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കായിരുന്നു കൈമാറ്റമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ സീസണിൽ മുന്നേറ്റത്തിന്റെ കുന്തമുനയായിരുന്ന ജോർജ് പെരേര ഡയസ് ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. അർജന്റൈൻ ക്ലബ്ബായ അത്ലറ്റികോ പ്ലാറ്റെൻസുമായുള്ള കരാർ അവസാനിപ്പിക്കാനാണ് താരം ആഗ്രഹിക്കുന്നത്. അടുത്ത സീസണിൽ കൊച്ചി ക്ലബിനായി കളി തുടരാനുള്ള ആഗ്രഹം ഡയസ് അറിയിച്ചിട്ടുണ്ട്.
Adjust Story Font
16