Quantcast

ബ്ലാസ്‌റ്റേഴ്‌സ് താരം കെ പ്രശാന്ത് ചെന്നൈയിൻ എഫ്‌സിയിൽ

നേരത്തെ ബ്ലാസ്റ്റേഴ്സ് താരം വിന്‍സി ബാരറ്റോയെ ചെന്നൈയിന്‍ സ്വന്തമാക്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    24 Sep 2022 10:29 AM GMT

ബ്ലാസ്‌റ്റേഴ്‌സ് താരം കെ പ്രശാന്ത് ചെന്നൈയിൻ എഫ്‌സിയിൽ
X

ചെന്നൈ: കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട മലയാളി വിങ്ങർ കെ പ്രശാന്ത് ചെന്നൈയിൻ എഫ്‌സിയിൽ. 2018 സീസൺ മുതൽ ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടായിരുന്ന താരം കഴിഞ്ഞയാഴ്ചയാണ് ബ്ലാസ്റ്റേഴ്സ് വിട്ടത്. കേരള ടീമിനായി 61 മത്സരങ്ങളിൽ താരം ബൂട്ടുകെട്ടിയത്. കളിക്കളത്തിൽ കൂടുതൽ സമയം ലഭിക്കുന്നതിന്റെ ഭാഗമായാണ് താരം ക്ലബ് വിട്ടത്. 2023 വരെയായിരുന്നു ബ്ലാസ്റ്റേഴ്സുമായുള്ള പ്രശാന്തിന്‍റെ കരാര്‍.

കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽ കളത്തിലിറങ്ങിയെങ്കിലും 326 മിനിറ്റ് മാത്രമാണ് താരം മൈതാനത്തുണ്ടായിരുന്നത്. ഓരോ കളിയിലും ശരാശരി 21.73 മിനിറ്റു മാത്രം. നേരത്തെ, നോർത്ത് ഈസ്റ്റ് സ്‌ട്രൈക്കർ വി.പി സുഹൈറിനെ സ്വന്തമാക്കാൻ മാറ്റക്കരാറിൽ പ്രശാന്തിനെ നൽകാമെന്ന് ബ്ലാസ്റ്റേഴ്‌സ് അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അനുകൂല നിലപാടല്ല നോർത്ത് ഈസ്റ്റ് എടുത്തത്.

രണ്ട് സീസണിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം സ്‌ക്വാഡ് ശക്തിപ്പെടുത്തിയാണ് ചെന്നൈയിൻ എഫ്‌സി ഇത്തവണ ഐസ്എല്ലിനെത്തുന്നത്. ജർമൻകാരനായ തോമസ് ബ്രദാറിക് ആണ് കോച്ച്. റഫേൽ ക്രിവല്ലാരോ, പീറ്റർ സ്ലിസ്‌കോവിച്ച്, അനിരുദ്ധ് ഥാപ്പ, ഫോളോ ഡിയാഗ്നെ തുടങ്ങിയ ഒരുപിടി മികച്ച താരങ്ങൾ ക്ലബിനുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് വിൻസി ബാരറ്റോയെയും ഈയിടെ ചെന്നൈയിൻ സ്വന്തമാക്കിയിരുന്നു.

കോഴിക്കോട് സ്വദേശിയായ പ്രശാന്ത് 2010ൽ കേരള അണ്ടർ 14 ടീമിൽ കളിച്ചാണ് പ്രൊഫഷണൽ ഫുട്‌ബോളിലെത്തിയത്. 2012ൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ അക്കാദമിയിൽ പ്രവേശനം നേടി. നാലു വർഷം അക്കാദമിയിൽ തുടർന്ന ശേഷം 2016ലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. ഐ ലീഗ് ടീമായ ചെന്നൈ സിറ്റി എഫ്.സിയിൽ വായ്പാടിസ്ഥാനത്തിൽ കളിച്ചശേഷം 2017-18 സീസൺ മുതലാണ് മഞ്ഞപ്പടക്കുവേണ്ടി കളത്തിലിറങ്ങിയത്.

TAGS :

Next Story