Quantcast

സഹലിനെ ഇംഗ്ലീഷ് ക്ലബ് ട്രയൽസിന് ക്ഷണിച്ചെന്ന് റിപ്പോർട്ട്; നിഷേധിച്ച് ഏജന്‍റ്

ബംഗളൂരു എഫ്‌സിയുടെ യുവ പ്രതിരോധ താരം റോഷൻ സിങ് നയോറത്തിനും യൂറോപ്പിലേക്ക് ക്ഷണമുള്ളതായി റിപ്പോർട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-03-29 10:26:28.0

Published:

29 March 2022 6:14 AM GMT

സഹലിനെ ഇംഗ്ലീഷ് ക്ലബ് ട്രയൽസിന് ക്ഷണിച്ചെന്ന് റിപ്പോർട്ട്; നിഷേധിച്ച് ഏജന്‍റ്
X

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദിന് യൂറോപ്പിൽ പന്തു തട്ടാൻ അവസരമൊരുങ്ങുന്നു. ഇംഗ്ലീഷ് സെക്കൻഡ് ഡിവിഷൻ ക്ലബായ ബ്ലാക്‌ബേൺ റോവേഴ്‌സ് താരത്തെ നാലാഴ്ചത്തെ ട്രയലിനായി വിളിച്ചെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സഹൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിൽ പ്രമുഖ ഫുട്‌ബോൾ ഏജന്റായ ബൽജിത് റിഹാൽ കമന്റ് ചെയതതും അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് റിഹാല്‍ വാര്‍ത്ത നിഷേധിച്ചു. സഹലുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

കറുത്ത ടീ ഷർട്ടും പാന്റും ധരിച്ച് വിജയ ചിഹ്നം കാണിച്ചു നിൽക്കുന്ന ചിത്രത്തിന് താഴെ, ഇനി നിങ്ങൾക്ക് ലണ്ടനിലേക്ക് വരാം എന്നായിരുന്നു ബൽജിതിന്റെ പോസ്റ്റ്. ആഗോള സ്‌പോട്‌സ് കൺസൽട്ടന്റായ ഇൻവന്റീവ് സ്‌പോട്‌സിന്റെ സിഇഒ കൂടിയാണ് ഇദ്ദേഹം. സഹൽ, നെയിയുസ് വാൽസ്‌കിസ്, ജോബി ജസ്റ്റൻ, ഇയാൻ ഹ്യൂം, കോച്ച് സ്റ്റീവ് കോപ്പൽ, രാഹുൽ കെപി തുടങ്ങിയവർ കമ്പനിയുടെ ക്ലൈന്റുകളാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ മികച്ച കളിയാണ് സഹൽ പുറത്തെടുത്തിരുന്നത്. 21 കളികളിൽനിന്ന് ആറു ഗോളുകൾ നേടിയ താരം ഒരു അസിസ്റ്റും നൽകി. 2017-18 സീസണിലാണ് ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യം ബൂട്ടണിഞ്ഞത്. ആ സീസണിൽ ടൂർണമെന്റിലെ എമർജിങ് പ്ലേയറായി. കഴിഞ്ഞ സീസണിൽ പരിക്കു മൂലം താരത്തിന് അവസാന രണ്ടു കളികൾ നഷ്ടമായിരുന്നു. 2025 വരെ ബ്ലാസ്റ്റേഴ്സുമായി കരാറുള്ള താരത്തിന് പതിവു പോലെ മറ്റു ഐഎസ്എല്‍ ക്ലബുകളില്‍ നിന്നും ഓഫറുകളുണ്ട്.


ബംഗളൂരു എഫ്‌സിയുടെ യുവ പ്രതിരോധ താരം റോഷൻ സിങ് നയോറത്തിനും യൂറോപ്പിലേക്ക് ക്ഷണമുള്ളതായി റിപ്പോർട്ടുണ്ട്. ഐഎസ്എല്ലിന്റെ ഈ സീസണിലെ എമർജിങ് പ്ലേയറാണ് റോഷൻ. താരത്തെ അടുത്ത സീസണിൽ ടീമിലെത്തിക്കാൻ കേരള ബ്ലാസ്‌റ്റേഴ്‌സും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജംഷഡ്പൂർ എഫ്‌സി സ്‌ട്രൈക്കർ അനികേത് ജാദവ് നേരത്തെ ബ്ലാക്‌ബേൺ റോവേഴ്‌സിൽ ട്രയലിനെത്തിയിരുന്നു. ട്രയൽസിൽ മികച്ച പ്രകടനം നടത്തിയാൽ ക്ലബ്ബിനായി പന്തു തട്ടാൻ താരങ്ങൾക്ക് അവസരമൊരുങ്ങും.

ഇന്ത്യൻ പൗൾട്രി ഭീമനായ വെങ്കീസിന്റെ (വെങ്കിടേശ്വര ഹാച്ചറീസ് ഗ്രൂപ്പ്) ഉടമസ്ഥതയിലുള്ളതാണ് ഈസ്റ്റ് ലങ്കൻഷെയർ ആസ്ഥാനമായ ബ്ലാക്‌ബേൺ റോവേഴ്‌സ് ക്ലബ്. 2010ലാണ് വെങ്കീസ് ബ്ലാക്‌ബേണിനെ 23 ദശലക്ഷം പൗണ്ട് മുടക്കി ഏറ്റെടുത്തത്. ക്ലബിന്റെ 20 ദശലക്ഷം പൗണ്ട് കടവും വെങ്കീസ് ഏറ്റെടുത്തിരുന്നു.

ഇംഗ്ലീഷ് ഫുട്‌ബോൾ ലീഗ് സംവിധാനത്തിലെ രണ്ടാം ഡിവിഷനായ ഇഎഫ്എൽ ചാമ്പ്യൻഷിപ്പിലാണ് നിലവിൽ ബ്ലാക്‌ബേൺ കളിക്കുന്നത്. 1995ലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരാണ്. എന്നാൽ 1998-99 സീസണിൽ ക്ലബ് രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്തപ്പെട്ടു. 2000-01 സീസണിൽ വീണ്ടും ഒന്നാം ഡിവിഷനിലെത്തിയെങ്കിലും 2011-12ൽ വീണ്ടും താഴോട്ടിറങ്ങി. പിന്നീട് ഒന്നാം ഡിവിഷനിലെത്താനായിട്ടില്ല.

(സഹലിനെ ഇംഗ്ലീഷ് ക്ലബ് ട്രയല്‍സിന് ക്ഷണിച്ചു എന്നായിരുന്നു നേരത്തെ ഈ വാര്‍ത്ത. ഏജന്‍റ് ബില്‍ജിത് റിഹാലിന്‍റെ നിഷേധത്തോടെ വാര്‍ത്ത എഡിറ്റ് ചെയ്തിട്ടുണ്ട്)

TAGS :

Next Story