'ഞങ്ങൾ കളിച്ചത് പെൺകുട്ടികൾക്കൊപ്പം'; ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള മത്സരശേഷം ജിങ്കൻ, വിവാദം
"ആരെയും വേദനിപ്പിക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നില്ല"
പനാജി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള മത്സര ശേഷം എടികെ മോഹൻബഗാൻ താരം സന്ദേശ് ജിങ്കൻ പറഞ്ഞ വാക്കുകൾ വിവാദത്തിൽ. ഔറതോം കി സാഥ് മാച്ച് ഖേല്‍ ആയാ ഹൂം (പെൺകുട്ടികൾക്കൊപ്പം കളിച്ചു)എന്നാണ് ജിങ്കൻ പറഞ്ഞത്. കളി കഴിഞ്ഞു ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിപ്പോകുന്ന വേളയിലായിരുന്നു പ്രതിരോധതാരത്തിന്റെ വാക്കുകൾ.
വാക്കുകൾ വിവാദമായതോടെ ജങ്കൻ മാപ്പു പറഞ്ഞു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നില്ല എന്നും കളി സമനിലയിലായതിന്റെ ഇച്ഛാഭംഗം മൂലമാണ് അതു പറയേണ്ടി വന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'എന്റെ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ്. ആർക്കും ബുദ്ധിമുട്ടുണ്ടാക്കണമെന്ന് കരുതിയല്ല അങ്ങനെ പറഞ്ഞത്. കളിക്ക് ശേഷം സഹതാരങ്ങളോട് പറഞ്ഞതാണത്. കളി ജയിക്കാൻ കഴിയാത്ത നിരാശയിൽ നിന്നുണ്ടായ വാക്കുകളാണത്. ഒരു പോയിന്റ് മാത്രം കിട്ടിയതിൽ നിരാശനായിരുന്നു. ആ സമയത്തെ ചൂടിൽ ഒരുപാട് കാര്യങ്ങൾ പറയും. സാഹചര്യങ്ങളിൽനിന്ന് അതിനെ അടർത്തിയെടുക്കുന്നത് എന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനാണ്' - കേരള ബ്ലാസ്റ്റേഴ്സ് മുന്‍താരംകൂടിയായ ജിങ്കൻ പറഞ്ഞു.
രണ്ടാം പകുതിയിലെ ഇഞ്ച്വറി ടൈമിൽ വഴങ്ങിയ ഗോളാണ് മോഹൻബഗാന് സമനിലയൊരുക്കിയത്. ബ്ലാസ്റ്റേഴ്‌സിനായി അഡ്രിയാൻ ലൂണയാണ് രണ്ട് ഗോളുകളും നേടിയത്. എടികെ മോഹനായി ഗോളുകൾ കണ്ടെത്തിയത് വില്യംസും ജോണി കൗകോയും. ഈ സമനിലയോടെ കേരള ബ്ലാസ്റ്റേഴ്സ് 27 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് നിൽക്കുകയാണ്. ബഗാന് 30 പോയിന്റാണുള്ളത്.
Adjust Story Font
16