'അത് സത്യമല്ല'; സഹലിന്റെ യൂറോപ്യൻ ട്രയൽസ് നിഷേധിച്ച് ഏജന്റ്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ മികച്ച കളിയാണ് സഹൽ പുറത്തെടുത്തിരുന്നത്.
മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദ് ഇംഗ്ലീഷ് ക്ലബിലേക്ക് ട്രയൽസിന് പോകുന്നുവെന്ന വാർത്തകൾ തള്ളി ഏജന്റ്. ഇതുമായി ബന്ധപ്പെട്ട് നിരവധി സന്ദേശങ്ങളാണ് തനിക്ക് വരുന്നതെന്നും വാർത്ത ശരിയല്ലെന്നും റിഹാൽ ട്വിറ്ററിൽ പ്രതികരിച്ചു. നാലാഴ്ചത്തെ ട്രയൽസിനായി സഹൽ ഇംഗ്ലീഷ് സെക്കൻഡ് ഡിവിഷൻ ക്ലബായ ബ്ലാക്‌ബേൺ റോവേഴ്‌സിലേക്കു പോകുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ.
കറുത്ത ടീ ഷർട്ടും പാന്റും ധരിച്ച് വിജയ ചിഹ്നം കാണിച്ചു നിൽക്കുന്ന ചിത്രത്തിന് താഴെ, ഇനി നിങ്ങൾക്ക് ലണ്ടനിലേക്ക് വരാം എന്നായിരുന്നു ബൽജിതിന്റെ പോസ്റ്റ്. ആഗോള സ്പോട്സ് കൺസൽട്ടന്റായ ഇൻവന്റീവ് സ്പോട്സിന്റെ സിഇഒ കൂടിയാണ് ഇദ്ദേഹം. സഹൽ, നെയിയുസ് വാൽസ്‌കിസ്, ജോബി ജസ്റ്റൻ, ഇയാൻ ഹ്യൂം, കോച്ച് സ്റ്റീവ് കോപ്പൽ, രാഹുൽ കെപി തുടങ്ങിയവർ കമ്പനിയുടെ ക്ലൈന്റുകളാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ മികച്ച കളിയാണ് സഹൽ പുറത്തെടുത്തിരുന്നത്. 21 കളികളിൽനിന്ന് ആറു ഗോളുകൾ നേടിയ താരം ഒരു അസിസ്റ്റും നൽകി. 2017-18 സീസണിലാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യം ബൂട്ടണിഞ്ഞത്. ആ സീസണിൽ ടൂർണമെന്റിലെ എമർജിങ് പ്ലേയറായി. കഴിഞ്ഞ സീസണിൽ പരിക്കു മൂലം താരത്തിന് അവസാന രണ്ടു കളികൾ നഷ്ടമായിരുന്നു. 2025 വരെ ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ള താരത്തിന് പതിവു പോലെ മറ്റു ഐഎസ്എൽ ക്ലബുകളിൽ നിന്നും ഓഫറുകളുണ്ട്.
ഇന്ത്യൻ പൗൾട്രി ഭീമനായ വെങ്കീസിന്റെ (വെങ്കിടേശ്വര ഹാച്ചറീസ് ഗ്രൂപ്പ്) ഉടമസ്ഥതയിലുള്ളതാണ് ഈസ്റ്റ് ലങ്കൻഷെയർ ആസ്ഥാനമായ ബ്ലാക്ബേൺ റോവേഴ്സ് ക്ലബ്. 2010ലാണ് വെങ്കീസ് ബ്ലാക്ബേണിനെ 23 ദശലക്ഷം പൗണ്ട് മുടക്കി ഏറ്റെടുത്തത്. ക്ലബിന്റെ 20 ദശലക്ഷം പൗണ്ട് കടവും വെങ്കീസ് ഏറ്റെടുത്തിരുന്നു.
ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് സംവിധാനത്തിലെ രണ്ടാം ഡിവിഷനായ ഇഎഫ്എൽ ചാമ്പ്യൻഷിപ്പിലാണ് നിലവിൽ ബ്ലാക്ബേൺ കളിക്കുന്നത്. 1995ലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരാണ്. എന്നാൽ 1998-99 സീസണിൽ ക്ലബ് രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്തപ്പെട്ടു. 2000-01 സീസണിൽ വീണ്ടും ഒന്നാം ഡിവിഷനിലെത്തിയെങ്കിലും 2011-12ൽ വീണ്ടും താഴോട്ടിറങ്ങി. പിന്നീട് ഒന്നാം ഡിവിഷനിലെത്താനായിട്ടില്ല.
(സഹല്‍ യൂറോപ്പിലേക്ക് ട്രയല്‍സിനായി പോകുന്നു എന്ന് നേരത്തെ മീഡിയവണ്‍ വെബ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഏജന്‍റിന്‍റെ നിഷേധത്തോടെ വാര്‍ത്ത തിരുത്തുന്നു)
Adjust Story Font
16