Quantcast

മുംബൈയെ പൂട്ടുമോ ബ്ലാസ്‌റ്റേഴ്‌സ്; ഐഎസ്എല്ലിൽ ഇന്ന് സൂപ്പർ സൺഡേ

ഈ സീസണില്‍ ഇതുവരെ മുംബൈ തോറ്റിട്ടില്ല

MediaOne Logo

Web Desk

  • Published:

    8 Jan 2023 8:17 AM GMT

മുംബൈയെ പൂട്ടുമോ ബ്ലാസ്‌റ്റേഴ്‌സ്; ഐഎസ്എല്ലിൽ ഇന്ന് സൂപ്പർ സൺഡേ
X

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഗ്ലാമർ പോരാട്ടം. ലീഗിൽ ഇതുവരെ തോൽക്കാത്ത മുംബൈ സിറ്റി എഫ്‌സിയും എട്ടു മത്സരങ്ങളായി തോൽവി അറിയാത്ത കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിൽ മുംബൈ ഫുട്‌ബോൾ അറീനയിലാണ് അങ്കം. വൈകിട്ട് ഏഴരയ്ക്കാണ് കിക്കോഫ്.

12 കളിയിൽനിന്ന് 30 പോയിന്റുമായി സ്വപ്‌ന സമാനമാണ് മുംബൈയുടെ കുതിപ്പ്. ഒമ്പത് വിജയവും മൂന്നു സമനിലയുമാണ് സമ്പാദ്യം. ലീഗിൽ തോൽവി രുചിക്കാത്ത ഏക ടീമും മുംബൈ തന്നെ. കേരളത്തിനുള്ളത് 12 കളിയിൽനിന്ന് 25 പോയിന്റ്. ഇതിന് മുമ്പ് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇരുവരും ഏറ്റുമുട്ടിയത്. അതിൽ മുംബൈ വിജയിച്ചു. അതിനു ശേഷം ബ്ലാസ്‌റ്റേഴ്‌സ് തോറ്റിട്ടുമില്ല.

'ഞങ്ങളുടെ കാര്യങ്ങൾ നോക്കുന്നത്ര സൂക്ഷ്മമായി എതിരാളികളുടെ കാര്യങ്ങൾ നോക്കാറില്ല. ഞങ്ങളുടെ കളിയിൽ മാത്രമാണ് ശ്രദ്ധ. കേരള ബ്ലാസറ്റേഴ്‌സ് സംഘത്തിനെതിരെ വെല്ലുവിളി നിറഞ്ഞ, കഠിനമായ കളിയാണ് പ്രതീക്ഷിക്കുന്നത്.' - മത്സരത്തെ കുറിച്ച് മുംബൈ കോച്ച് ഡെസ് ബക്കിങ്ഹാമിന്റെ വാക്കുകൾ.

കോച്ചെന്ന രീതിയിൽ ഇത്തരം മത്സരങ്ങൾ ഇഷ്ടമാണ് എന്ന പക്ഷക്കാരനാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമനോവിച്ച്. 'ആത്മാർത്ഥമായി പറയട്ടെ, കോച്ചെന്ന നിലയിൽ ഇത്തരം മത്സരങ്ങൾ ഇഷ്ടപ്പെടുന്നു. വർഷങ്ങൾക്ക് മുമ്പ് ഒരു കളിക്കാരൻ എന്ന നിലയിലും ഇങ്ങനെ തന്നെ ആയിരുന്നു. കാരണം ഇത്തരം മത്സരങ്ങൾ നിങ്ങൾക്കുള്ളിലെ ഏറ്റവും മികച്ചതിനെ പുറത്തെത്തിക്കും. മികച്ച ടീമുകൾക്കെതിരെ മത്സരിക്കുമ്പോൾ സ്വയം മികച്ചതാകേണ്ടതുണ്ട്.' - അദ്ദേഹം പറയുന്നു.

ഗോളടിച്ചു കൂട്ടുന്ന മുംബൈ

ഇതുവരെ 36 ഗോളാണ് മുംബൈ അടിച്ചുകൂട്ടിയിട്ടുള്ളത്. 13 ഗോൾ വഴങ്ങി. ഗോൾ വ്യത്യാസം 23. ഐഎസ്എല്ലിലെ ഏറ്റവും മികച്ച കണക്കാണിത്. കണക്കിൽ മാത്രമല്ല, കളി മികവിലും മുമ്പിലാണ് മുംബൈ. ഓരോ പൊസിഷനിലും എണ്ണം പറഞ്ഞ താരങ്ങളാണ് ടീമിന്റെ കരുത്ത്. മുന്നേറ്റത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുൻ താരം പെരേര ഡയസ് മിന്നും ഫോമിലാണ്. കൂടെ അതിവേഗക്കാരായ ബിപിൻ സിങ്ങും ചാങ്‌തെയും. ഒഡിഷ എഫ്‌സിക്കെതിരെയുള്ള കഴിഞ്ഞ കളിയിൽ രണ്ടു ഗോളാണ് ചാങ്‌തെ സ്വന്തമാക്കിയത്. മധ്യനിരയിൽ അനുഭവ സമ്പന്നനായ ഗ്രെഗ് സ്റ്റുവർട്ടാണ് ടീമിന്റെ എഞ്ചിൻ. ഡിഫൻസീവ് മിഡിൽ അഹ്‌മദ് ജാഹുവും ചേരുന്നതോടെ മുംബൈയുടെ കരുത്ത് ഇരട്ടിക്കുന്നു.

ഇവാന്റെ ബ്ലാസ്‌റ്റേഴ്‌സ്

എതിർ ടീമിന്റെ ശക്തിദൗർബല്യങ്ങൾ അറിഞ്ഞ് തന്ത്രമൊരുക്കുന്ന കോച്ച് ഇവാൻ വുകുമനോവിച്ചാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ യഥാർത്ഥ 'നായകൻ'. മധ്യനിര അടക്കിഭരിക്കാൻ ശേഷിയുള്ള എതിരാളികൾക്കെതിരെ കോച്ച് ഏതു തന്ത്രമൊരുക്കും എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. നാലു മഞ്ഞക്കാർഡ് കണ്ട് സസ്‌പെൻഷനിലായിരുന്ന മധ്യനിര താരം ഇവാൻ കൽയൂഷ്‌നി തിരിച്ചെത്തുന്നത് ടീമിന് ഉണർവ്വേകും.

ഇതോടെ, കഴിഞ്ഞ മത്സരത്തിൽ പ്ലേയിങ് ഇലവനിലുണ്ടായിരുന്ന ജിയാനു പകരക്കാരുടെ ബഞ്ചിലേക്ക് മാറും. എന്നാൽ ദയമന്തക്കോസ്, അഡ്രിയാൻ ലൂന, സഹൽ അബ്ദുൽ സമദ് എന്നിവർ മികച്ച ഫോമിലാണ്. ജംഷഡ്പൂരിനെതിരെ കുറിയ പാസുകളിലൂടെ ഇവർ നേടിയ ഗോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Summary: Mumbai City FC will face one of their toughest challenges in recent weeks when they host Kerala Blasters FC at the Mumbai Football Arena on Sunday to close off Matchweek 14 of the Hero Indian Super League.

TAGS :

Next Story