''കുടുംബത്തിന്‍റെ പാർട്ടിയല്ല കേരള കോൺഗ്രസ്''; പിളര്‍പ്പില്‍ കെ.ബി ഗണേഷ് കുമാര്‍
കേരള കോണ്‍ഗ്രസ് പിളര്‍ത്തി വിമത വിഭാഗത്തിന്‍റെ അധ്യക്ഷയായി ഉഷ മോഹന്‍ദാസിനെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു
കേരള കോണ്‍ഗ്രസ് (ബി) കുടുംബത്തിന്‍റെ പാര്‍ട്ടിയല്ലെന്ന് കെ.ബി ഗണേഷ് കുമാര്‍. സഹോദരി ഉഷ മോഹന്‍ദാസിനുള്ള മറുപടിയായിട്ടാണ് ഗണേഷ് കുമാറിന്‍റെ പ്രതികരണം. തന്നെ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്തത് സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയാണ്. തന്‍റെ സ്വന്തക്കാരാരും കേരള കോൺഗ്രസ് ബിയിൽ ഇല്ല. കേരളാ കോൺഗ്രസ്സ് (ബി)ക്ക് ശാഖയും ഓഫീസും ആരും പുതുതായി തുറന്നിട്ടില്ലെന്നും കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.
അപ്പ കഷണം വീതം വെച്ചപ്പോൾ കിട്ടാതെ വന്നവർക്ക് വിട്ട് പോകാം. എനിക്ക് ശേഷം പ്രളയം എന്ന് കരുതുന്നില്ല. നിയമപരമായി കേരളാ കോൺഗ്രസ്സ് (ബി) ഒന്നേയുള്ളു. വാതിൽ തുറന്നിട്ടിരിക്കുന്നത് എല്ലാവരെയും സ്വഗതം ചെയ്യാനാണെന്നും പോകേണ്ടവർക്ക് പോകാമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് പിളര്‍ത്തി വിമത വിഭാഗത്തിന്‍റെ അധ്യക്ഷയായി ഉഷ മോഹന്‍ദാസിനെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. കെ ബി ഗണേഷ് കുമാറിനെ എതിർക്കുന്ന നേതാക്കൾ കൊച്ചിയിൽ യോഗം ചേർന്നാണ് പുതിയ ചെയർമാനെ തെരഞ്ഞെടുത്തത്. ആർ.ബാലകൃഷ്ണപിള്ളയുടെ മരണാനന്തരം ഗണേഷ് കുമാർ പാർട്ടി ചെയർമാൻ ആയത് ആരുടെയും അറിവോടെയല്ല എന്നാണ് വിമത വിഭാഗത്തിന്‍റെ നിലപാട്. പാർട്ടിയുടെ ബോർഡ്, കോർപ്പറേഷൻ, പി.എസ്.സി മെമ്പർ പദവികളുടെ നിയമനത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഇടതുമുന്നണിയെ സമീപിക്കുമെന്നും പുതിയ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയിലെ 84 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് വിമത വിഭാഗം അവകാശപ്പെട്ടു.
Adjust Story Font
16