Quantcast

''ലോകായുക്ത വിധിയെക്കുറിച്ച് ചിലത് പറയാനുണ്ട്''; കുഞ്ഞാലിക്കുട്ടിക്കെതിരെ ഒളിയമ്പെറിഞ്ഞ് ജലീല്‍

ഐസ്ക്രീം പാര്‍ലര്‍ കേസ്, എംജി യൂനിവേഴ്സിറ്റി വൈസ് ചാന്‍സലറുടെ നിയമനം എന്നിവയാണ് ഫേസ്ബുക്ക് കുറിപ്പില്‍ ജലീല്‍ സൂചിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    1 Oct 2021 12:22 PM GMT

ലോകായുക്ത വിധിയെക്കുറിച്ച് ചിലത് പറയാനുണ്ട്; കുഞ്ഞാലിക്കുട്ടിക്കെതിരെ ഒളിയമ്പെറിഞ്ഞ് ജലീല്‍
X

ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത വിധിയുടെ നാള്‍വഴികളെക്കുറിച്ച് തനിക്ക് ചിലത് പറയാനുണ്ടെന്ന് മുന്‍മന്ത്രി കെടി ജലീല്‍. മുസ്‍ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കുനേരെയുള്ള ഒളിയമ്പുമായാണ് ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഐസ്ക്രീം പാര്‍ലര്‍ കേസ്, എംജി യൂനിവേഴ്സിറ്റി വൈസ് ചാന്‍സലറുടെ നിയമനം എന്നിവയാണ് പോസ്റ്റില്‍ ജലീല്‍ സൂചിപ്പിച്ചിരിക്കുന്നത്.

തന്നെ കേള്‍ക്കാതെയാണ് ലോകായുക്ത, ബന്ധു നിയമന കേസില്‍ വിധി പറഞ്ഞതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ ജലീല്‍ പറഞ്ഞു. ''എനിക്ക് പറയാനുള്ളത് കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹരജി സമര്‍പ്പിച്ചത്. എന്റെ രാജിയോടെ ലോകായുക്ത വിധി നടപ്പിലായിക്കഴിഞ്ഞെന്നും അതിനാല്‍ തന്നെ പ്രസ്തുത വിധിയില്‍ ഇടപെടുന്നില്ലെന്നുമാണ് പരമോന്നത നീതിപീഠം പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചത്''- ജലീല്‍ പറഞ്ഞു.

ലോകായുക്ത വിധിയുടെ നാള്‍വഴികളെ കുറിച്ച് ചിലത് പറയാനുണ്ടെന്നും വിശദമായി അത് പിന്നീട് പറയാമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. നാല് ദുരൂഹ മരണങ്ങളിലേക്ക് നയിച്ച പ്രമാദമായ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍നിന്ന് പി.കെ കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിയ 2005 ജനുവരി 25ലെ ഹൈക്കോടതി ഉത്തരവും 2004 നവംബര്‍ 15ലെ മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ നിയമനവുമാണ് ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചത്. ഒരു ദിവസത്തോടെ ലോകം അവസാനിക്കുന്നില്ലെന്നും സത്യം ഒരുനാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് ജലീല്‍ സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി തള്ളിയിരുന്നു. ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. ഇതേതുടര്‍ന്ന് ജലീല്‍ ഹരജി പിന്‍വലിക്കുകയും ചെയ്തു. ഇതിനുള്ള വിശദീകരണമാണ് ജലീല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ബന്ധുവിനെ നിയമിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്തയുടെ കണ്ടെത്തലെന്നാണ് ഇന്ന് കോടതി വ്യക്തമാക്കിയത്. ബന്ധുവല്ലെങ്കില്‍ വാദങ്ങള്‍ പരിശോധിക്കാമായിരുന്നെന്നും ലോകായുക്ത കണ്ടെത്തല്‍ ശരിയാണെന്നും കോടതി നിരീക്ഷിച്ചു. അപേക്ഷകള്‍ ക്ഷണിക്കാതെ ബന്ധുവിനെ നിയമിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ വികസന കോര്‍പ്പറേഷനില്‍ ജലീലിന്റെ ബന്ധു കെടി അദീബിനെ ജനറല്‍ മാനേജറായി നിയമിച്ചത് തെറ്റാണെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു. ബന്ധുവിനെ നിയമിക്കാന്‍ യോഗ്യതയില്‍ മാറ്റംവരുത്തിയെന്നും അതിനാല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീലിന് അര്‍ഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍. ഇത് ചോദ്യം ചെയ്ത് ജലീല്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി. ഈ നടപടിക്കെതിരെയാണ് ജലീല്‍ സുപ്രീംകോടതിയെ സമീപിച്ചത്. തന്റെ വാദം കേള്‍ക്കാതെ ഏകപക്ഷീയമായാണ് ലോകായുക്ത തീരുമാനമെടുത്തതെന്നായിരുന്നു ഹരജിയിലെ ആരോപണം.

കെടി ജലീലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

എന്നെ കേള്‍ക്കാതെയാണ് ലോകായുക്ത, ബന്ധു നിയമന കേസില്‍ വിധി പറഞ്ഞതെന്നും അത്‌കൊണ്ട് എനിക്ക് പറയാനുള്ളത് കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹര്‍ജി സമര്‍പ്പിച്ചത്. എന്റെ രാജിയോടെ ലോകായുക്ത വിധി നടപ്പിലായിക്കഴിഞ്ഞെന്നും അതിനാല്‍ തന്നെ പ്രസ്തുത വിധിയില്‍ ഇടപെടുന്നില്ലെന്നുമാണ് പരമോന്നത നീതിപീഠം പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചത്.

ലോകായുക്ത വിധിയുടെ നാള്‍വഴികളെ കുറിച്ച് ചിലത് പറയാനുണ്ട്. വിശദമായി അത് പിന്നീട് പറയാം.

നാല് ദുരൂഹ മരണങ്ങളിലേക്ക് നയിച്ച പ്രമാദമായ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കി ക്കൊണ്ട് 2005 ജനുവരി 25 ന് വന്ന ഹൈക്കോടതി ഉത്തരവ്. 15.11.2004 ന് നടന്ന മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ നിയമനം.

ഒരു ദിവസത്തോടെ ലോകം അവസാനിക്കുന്നില്ല. സത്യം ഒരുനാള്‍ ഉയിര്‍ത്തെഴുനേല്‍ക്കുക തന്നെ ചെയ്യും. ക്ഷമയോടെ കാത്തിരിക്കുക.

TAGS :

Next Story